സമിലെ ചഹായ്‌ഗോണ്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തമായി ഒരു ഗിറ്റാര്‍ സ്വപ്നം കാണുന്ന പത്തു വയസ്സുകാരി ധുനുവിന്റെയും അമ്മയുടെയും കഥയിലൂടെ ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കാണികളുടെ മനസ്സിലേയ്ക്ക് കുടിയേറിയ ചിത്രമാണ് റിമ ദാസിന്റെ വില്ലേജ് റോക്സ്റ്റാര്‍സ്.

തികച്ചും ലളിതമായ ചലച്ചിത്ര ഭാഷയില്‍ അണിയിച്ചൊരുക്കി ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലുള്‍പ്പെടുത്തിയ ചിത്രത്തിന്റെ പ്രദര്‍ശനങ്ങളെല്ലാം നിറഞ്ഞ സദസ്സിലായിരുന്നു.

വില്ലേജ് റോക്സ്റ്റാര്‍സ് അക്ഷരാര്‍ഥത്തില്‍ റിമയുടെ മാത്രം ചിത്രമാണ്. കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം എന്നിങ്ങനെ ഈ സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലും റിമയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പഠനമോ സിനിമാ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത റിമ സ്വയം ആര്‍ജിച്ചെടുത്ത കഴിവുകളാണിവയെല്ലാം. 

ചിത്രത്തിന്റെ ആദ്യ രണ്ട് പ്രദര്‍ശനങ്ങള്‍ക്ക് ശേഷമാണ് റിമ തിരുവനന്തപുരത്തെത്തിയത്. മീറ്റ് ദ ഡയറക്ടര്‍ എന്ന സംവാദപരിപാടിക്കെത്തിയ റിമയെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്.

വനിതാ സ്ത്രീ സംവിധായകരുടെ എണ്ണത്തെ സംബന്ധിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി.

'ഒരു സിനിമാ പ്രവര്‍ത്തക ആകണമെന്നത് മാത്രമാണ് എന്റെ അഭിലാഷം. അതിന് സംവിധായിക ( Lady Director ) എന്ന ലേബല്‍ ചാര്‍ത്തുന്നതിനോട് എനിക്ക് താല്‍പര്യമില്ല.'

പിന്നീട് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റിമ സിനിമയുടെ ചിത്രീകരണത്തെ പറ്റിയും തന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ചും കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ചു.

'എന്നെ സംബന്ധിച്ചടത്തോളം വളരെ പ്രത്യേകതയുള്ള ചിത്രമാണിത്. ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ സ്വന്തം ഗ്രാമം തന്നെയാണ് പശ്ചാത്തലം. ദീര്‍ഘകാലത്തെ മുംബൈ ജീവിതത്തിന് ശേഷം സിനിമയുടെ ചിത്രീകരണത്തിനായാണ് ഞാന്‍ ചഹായ്‌ഗോണിലേക്കെത്തിയത്. എന്റെ വേരുകളിലേയ്ക്ക് മടങ്ങിയെത്തിയതിന്റെ ആവേശവും സന്തോഷവും ഉണ്ടായിരുന്നു. നാല് വര്‍ഷത്തോളമെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. ഈ കാലമത്രയും കുട്ടിക്കാലത്തെ പറ്റിയുള്ള ഓര്‍മകള്‍ ഒന്നൊന്നായി മനസ്സിലേക്ക് വന്നു കൊണ്ടേയിരുന്നു.''

'ധുനു എന്നത് എന്റെ ഭാവന സൃഷ്ടിയാണ്. എന്റെ അനന്തിരവള്‍ തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നാലു വര്‍ഷങ്ങള്‍ കൊണ്ട് സെറ്റിലെ കുട്ടികളുമായി ഞാന്‍ നന്നായി അടുത്തിരുന്നു. ചിത്രീകരണത്തിന്റെ സ്വാഭാവികതയ്ക്ക് അത് വളരെ ഉപകാരപ്രദമായി. നാലു വര്‍ഷങ്ങള്‍ എടുത്തതിനാല്‍ കഥയുടെ ഭാഗമായ വെള്ളപ്പൊക്കമൊക്കെ യഥാര്‍ഥ സാഹചര്യങ്ങളില്‍ ചിത്രീകരിക്കാനായി. ഒറ്റയ്ക്ക് സിനിമ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടായിരുന്നു. അതേസമയം രസകരവുമായിരുന്നു അനുഭവങ്ങള്‍.'

''ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം, ഛയാഗ്രഹണം തുടങ്ങിയ പല കാര്യങ്ങളും ഞാന്‍ തന്നെയാണ് കൈകാര്യം ചെയ്തത്. തുടക്കത്തില്‍ പൂര്‍ണമായ ഒരു തിരക്കഥ ഉണ്ടായിരുന്നില്ല. പലവട്ടം തിരുത്തിയെഴുതി മെച്ചപ്പെടുത്തിയെടുത്തതാണ് ചിത്രത്തിന്റെ കഥ. ഛായാഗ്രഹണം ഒരു സാങ്കേതിക ജോലിയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഭാഗ്യവശാല്‍, മുംബൈയില്‍ താമസിക്കുമ്പോള്‍ സ്വന്തമായി എന്റെ കൈവശം ഒരു ക്യാമറ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് ചില പരീക്ഷണങ്ങളൊക്കെ നടത്തി നോക്കി. ഫലം കണ്ടിട്ട് വില്ലേജ് റോക്സ്റ്റാര്‍സിന്റെ ചിത്രീകരണം സ്വയം ഏറ്റെടുത്താല്‍ തരക്കേടില്ലെന്ന് തോന്നി.'

''മുംബൈ ജീവിതകാലത്താണ് സിനിമയെ അടുത്തറിയുന്നത്. ഇറാനില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് സത്യജിത് റായുടെ, ഒരുപാട് ചിത്രങ്ങള്‍ കണ്ടു. അതില്‍ നിന്നൊക്കെ പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ പ്രവര്‍ത്തകയാവാന്‍ തീരുമാനിച്ചത്.''

'വില്ലേജ് റോക്സ്റ്റാര്‍സ് ടൊറൊണ്ടോ ഫിലിം ഫെസ്റ്റിവല്‍, ഹോങ്കോങ് ഏഷ്യ ഫിലിം ഫിനാന്‍സിംഗ് ഫോറം, ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ഇപ്പോള്‍ ഐ എഫ് എഫ് കെ തുടങ്ങിയ പല പ്രമുഖ വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇത്തരം അവസരങ്ങള്‍ എന്റെ സ്വപ്നമായിരുന്നു. അതിന്റെ സാക്ഷാത്കാരത്തില്‍ വളരെ സന്തോഷവുമുണ്ട്.

'കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുക , അത്തരം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രകൃതി ഒപ്പം നില്‍ക്കുമെന്ന സന്ദേശം നല്‍കുക എന്നിവയാണ് വില്ലേജ് റോക്സ്റ്റാര്‍സിലൂടെ പറയാന്‍ ശ്രമിച്ചത്. ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായ വിഷയത്തില്‍ ഒരു സിനിമയുടെ പണിപ്പുരയിലാണ് ഞാന്‍, 'റിമ പറഞ്ഞു നിര്‍ത്തി.

Content Highlights: IFFK 2017 Rima Das Village Rockstars Assamese Cinema