രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ സെക്‌സി ദുര്‍ഗയ്ക്ക് പിന്തുണയുമായി അള്‍ജീരിയന്‍ സംവിധായിക. സെക്‌സി ദുര്‍ഗയ്ക്കും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും റേയ്ഹാന പിന്തുണ അറിയിച്ചു. അന്താരാഷ്ട്ര മത്സവിഭാഗത്തില്‍ വന്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക് എന്ന അള്‍ജീരിയന്‍ ചിത്രത്തിന്റെ സംവിധായികയാണ് റേയ്ഹാന. 

''പ്രേക്ഷകരാണ് ചിത്രം നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കേണ്ടത്. മറ്റ് ഇടപെടലുകള്‍ ചിത്രത്തില്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. സനല്‍ കുമാര്‍ ശശിധരന്‍ എന്റെ സുഹൃത്താണ് അദ്ദേഹമാണ് ഐഎഫ്എഫ്‌കെയെപ്പറ്റി പറഞ്ഞത്. അതിന്റെ ഫലമായാണ് ഞാന്‍ ഐഎഫ്എഫ്‌കെയില്‍ എത്തിയതും.''-റേയ്ഹാന പറഞ്ഞു.

പോളണ്ടില്‍ നടന്ന ചലച്ചിത്രമേളയിലാണ് സനല്‍കുമാര്‍ ശശിധരനെ റേയ്ഹാന പരിചയപ്പെടുന്നത്ത്. ''അദ്ദേഹം വളരെ പ്രതിഭാശാലിയായ കലാകാരനാണ്. സെക്‌സി ദുര്‍ഗ മികച്ച സൃഷ്ടിയും. ഈ ചിത്രത്തിനോടുള്ള എതിര്‍പ്പുകളോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു.'' റേയ്ഹാന കൂട്ടിച്ചേര്‍ത്തു. 

നിരോധന രാഷ്ട്രീയത്തിന്റെ സമാനമായ അനുഭവമാണ് റേയ്ഹാനയ്ക്ക് സ്വന്തം രാജ്യത്ത് നേരിടേണ്ടിവന്നത്. അള്‍ജീരിയയില്‍ നിന്നും ഇസ്ലാമിക മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഫ്രാന്‍സിലേയ്ക്ക് നാടുവിടേണ്ടി വന്നു റേയ്ഹാനയ്ക്ക്. നിരന്തരമായ ഭീഷണികള്‍ ഇന്നും തുടരുന്നു. റേയ്ഹാന മീറ്റ് ദ ഡയറകടര്‍ പരിപടിയില്‍ പറഞ്ഞു. 

മതത്തിന്റെ അടിച്ചമര്‍ത്തലുകളും സ്ത്രീകള്‍ക്ക് മേലുള്ള ആക്രമണങ്ങളും പ്രമേയമാക്കിയ ചിത്രമാണ് ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക്. മതപരമായ പുരുഷ മേധാവിത്തത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റേയ്ഹാന പറഞ്ഞു. 

ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക് റേയ്ഹാനയുടെ നാടകത്തില്‍ നിന്ന് രൂപം കൊണ്ട സിനിമയാണ്. അതിന്റേതായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. നാടകത്തിന്റെ സംഭാഷണ പ്രാധാന്യം സിനിമയിലേയ്ക്ക് മാറുമ്പോള്‍ ദൃശ്യ സാധ്യതയ്ക്ക് പ്രാധാന്യമുള്ളതായി. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ഒന്നര മണിക്കൂറായി സിനിമയില്‍ ചുരുക്കേണ്ടിന്നു. അതിനാല്‍ നാടകത്തിലെ പല പ്രധാന രംഗങ്ങളും ഒഴിവാക്കേണ്ടിവന്നു. ഏത് ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുള്ളതില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. 

ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തെ കണ്ടെത്തിയത് ഒരുപാട് സ്ത്രീകളില്‍ നിന്നാണ്. ജീവിതത്തില്‍ കണ്ടുമുട്ടി സ്ത്രീകളുടെ ജീവിതം ഫാത്തിമ എന്ന നായികാ കഥാപാത്രത്തിന് ജീവന്‍ നല്‍കി. അവരുടെ ജീവിതങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ് കഥാപാത്രത്തെ സൃഷ്ടിച്ചത്. പല കഥാപാത്രങ്ങളിലും എനിക്ക് എന്നെത്തന്നെ കാണുവാന്‍ കഴിഞ്ഞു. ഇന്ത്യയിലെ ആകട്ടെ, അള്‍ജീരിയയിലെ ആകട്ടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമാനമാണ്. 

അള്‍ജീരിയയില്‍ എന്റെ ചിത്രം വിലക്കപ്പെട്ടു. ടുണീഷ്യ ഒഴികെ എല്ലാ അറബിക്, ഇസ്ലാമിക രാജ്യങ്ങളില്‍ വിലക്കപ്പെടുകയോ സെന്‍സര്‍ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. റേയ്ഹാന പറഞ്ഞു.