വില്ല ഡ്വെല്ലേഴ്‌സ് എന്ന ഇറാനിയന്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ കാണുമ്പോള്‍ താന്‍ കരയുകയായിരുന്നെന്ന് നടി രജിഷ വിജയന്‍. സൈന്യത്തില്‍ സേവനം ചെയ്യുന്നവരുടെ കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഓരോ കുടുംബവും അവിടുത്തെ സൈന്യത്തില്‍ സേവനം ചെയ്യുന്ന ആണുങ്ങളെ കാത്തിരിക്കുകയാണ്. ചിലര്‍ മടങ്ങിയെത്തുമ്പോള്‍ മറ്റുള്ളവര്‍ മരിക്കുന്നു. ഇങ്ങനെ ഓരോ വാര്‍ത്തയ്ക്കുംവേണ്ടി ഓരോ കുടുംബവും കാത്തിരിക്കുകയാണ്. എന്റെ അച്ഛന്‍ സൈന്യത്തിലായിരുന്നു. വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ വില എനിക്കറിയാം. ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ കരുയകയായിരുന്നു-രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം കണ്ടശേഷം മാതൃഭൂമി ഡോട്ട് കോമിനോട് രജിഷ പറഞ്ഞു.

ഇറാന്‍ പോലെ കടുത്ത സെന്‍സറിങ് നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തുപോലുള്ള സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ വരുന്നത് ക്കരു അദ്ഭുതമാണെന്നും ഇത് നമുക്കും പ്രചോദനമാണെന്നും രജിഷ പറഞ്ഞു.

അഭിമുഖത്തില്‍ നിന്ന്:

വിലെയ് സംവിധാനം ചെയ്ത ചിത്രമാണ് വില്ല ഡ്വല്ലേഴ്‌സ്. ഇറാനിലെ യുദ്ധത്തിന്റെ സമയത്ത് കുറേ കുടുംബങ്ങള്‍, വീട്ടമ്മമാര്‍ അവരുടെ മക്കളുമായി താസിക്കുന്ന വില്ലകള്‍. ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥകളാണ് ഇതിവൃത്തം. ഇവരുടെ ഭര്‍ത്താക്കന്മാരോ മക്കളോ യുദ്ധത്തിന് പോയിരിക്കുകയാണ്. ഇവര്‍ മടങ്ങിവരുന്നതും കാത്തുകഴിയുകയാണ് അവര്‍. ഇടയ്ക്ക് ഒരാള്‍ വരുമ്പോള്‍ മറ്റൊരാളുടെ വിഷമം. അഞ്ചോ ആറോ മരണങ്ങള്‍ ഈ സിനിമയില്‍ കാണിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ മരണങ്ങള്‍ ആവര്‍ത്തനമാണ്. പക്ഷേ, എന്നിട്ടും നമ്മള്‍ക്ക് അത് ഒരുപോലെയാണെന്ന് തോന്നില്ല. ഓരോ ഘട്ടത്തിലും ഒരാള്‍ വരുമ്പോള്‍ നമ്മള്‍ ആശ്വസിക്കും. അപ്പോള്‍ അടുത്ത മരണം വരും. ആ ഒരു സൈക്കിളാണ് കാണിക്കുന്നത്. ജീവിതം എങ്ങനെയാണെന്നാണ് കാണിക്കുന്നത്. അപാരമായ പ്രകടനമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. സാങ്കേതികപരമായി ഈ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സിനിമകള്‍ എത്ര ശക്തമാണെന്ന് കാണിക്കുന്നതാണ് ഈ സിനിമ. ഇത് കാണുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. കാരണം എന്റെ അച്ഛന്‍ സൈന്യത്തിലായിരുന്നു. വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പുമായി ശരിക്കും താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നുണ്ട് എനിക്ക്. ഞാന്‍ ഇന്‍സള്‍ട്ടും എവയും കണ്ടിരുന്നു. ഒരു പെണ്‍കുട്ടിയുടെ കഥയാണ്. ഇത്രയും സെന്‍സര്‍ഷിപ്പ് ഉള്ള ഒരു സ്ഥലത്ത് നിന്ന് ഇത്രയും നല്ലതും മത്സരക്ഷമവുമായ സിനിമകള്‍ ഇത്രയും സെന്‍സിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുണ്ടാവുന്നു എന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്. നമുക്ക് അത് ഒരു ഭയങ്കര പ്രചോദനമാണ്. നമ്മുടെ സിനിമയുടെ ഗുണനിലവാരവും കൂടണം എന്നൊരു ആഗ്രഹം. കുട്ടികള്‍ അടക്കമുളള ഓരോ ആര്‍ട്ടിസ്റ്റിന്റെയും പ്രകടനം അത്ര മെച്ചമാണ്. അഭിനയമാണെന്ന് നമ്മള്‍ക്ക് തോന്നുകയേയില്ല. ഹൃദയസ്പര്‍ശിയായിരുന്നു. സത്യന്‍ അന്തിക്കാടിനൊപ്പമാണ് ഞാന്‍ അത് കണ്ടത്. ഞങ്ങളെ അത് വല്ലാതെ സ്വാധീനിച്ചു. ഇതുവരെ കണ്ടതെല്ലാം എക്‌സൈറ്റിങ്ങായ ചിത്രങ്ങളായിരുന്നു. അടുത്തത് പൊമോഗ്രാനേറ്റ് ഗാര്‍ഡന്‍ എന്ന ചിത്രമാണ്. ഞാന്‍ ഇവിടെ മൂന്ന് നാല് ദിവസം കൂടിയുണ്ടാവും-രജിഷ പറഞ്ഞു.

Content Highlights: IFFK 2017 RejishaVijayan Malayalam Actress Villa Dwellers Vilaie-ha