തിരുവനന്തപുരം: കേരളീയരുടെ സിനിമയോടുള്ള സമീപനം അദ്ഭുതപ്പെടുത്തിയെന്ന് ആഫ്രിക്കന്‍ സംവിധായകന്‍ മഹ്മദ് സലെഹ് ഹാറൂന്‍. തന്റെ സിനിമയായ 'എ സീസണ്‍ ഇന്‍ ഫ്രാന്‍സി'ന് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പ് ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ പ്രദര്‍ശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ ആളുകള്‍ സിനിമയെ എത്ര ആഴത്തിലാണ് സമീപിക്കുന്നതെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഹാറൂന്‍ പറഞ്ഞു.

കണ്ടംപററി ഡയറക്ടേഴ്‌സ് ഇന്‍ ഫോക്കസ് വിഭാത്തിലാണ് ചലച്ചിത്രമേളയില്‍ ഹാറൂന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യന്തര യുദ്ധത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്യുന്ന കുടുംബത്തിന്റെ കഥയാണ് 'എ സീസണ്‍ ഇന്‍ ഫ്രാന്‍സ്' പറയുന്നത്.

ആഫ്രിക്കയില്‍ മാത്രമല്ല ലോകത്തെമ്പാടും ആളുകള്‍ യുദ്ധക്കെടുതികള്‍ മൂലവും ദുരന്തങ്ങള്‍ മൂലവുമൊക്കെ പലായനം ചെയ്യേണ്ടി വരുന്നുണ്ട്. അഭയാര്‍ത്ഥികളാക്കപ്പെടുന്നവര്‍ സ്വീകരിക്കപ്പെടേണ്ടത് ആവശ്യമാണ്. കാരണം നാമെല്ലാവരും ഭൂമിയുടെ മക്കളാണ്. തല ചായ്ക്കാനിടമില്ലാത്തവന് അഭയമൊരുക്കുന്നതില്‍ രാജ്യാതിര്‍ത്തികള്‍ തടസമാവരുത് - ഹാറൂന്‍ പറഞ്ഞു.

എന്റെ സിനിമകളിലൂടെ ആ സന്ദേശം നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കാരണം ആഭ്യന്തര യുദ്ധം മൂലം സ്വന്തം രാജ്യം വിടേണ്ടിവന്നയാളാണ് ഞാന്‍.  ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഇന്നും ആ അവസ്ഥയുണ്ട്. അതാണ് സിനിമകള്‍ക്കായി ഇത്തരം വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും.

കുറച്ചു നാളുകള്‍ക്ക് മുമ്പ്, ഫ്രാന്‍സില്‍ രാഷ്ട്രീയാഭയം തേടിയെത്തി പലതവണ അപേക്ഷ നല്‍കിയിട്ടും തിരസ്‌കരിക്കപ്പെട്ട ഒരു സെന്‍ട്രല്‍ ആഫ്രിക്കന്‍ പൗരന്റെ കഥ ഞാന്‍ കേള്‍ക്കാനിടയായി. ഒടുവില്‍ എല്ലാ വഴികളും അടഞ്ഞപ്പോള്‍ അയാള്‍ അപേക്ഷ നല്‍കിയ ഓഫീസിലെത്തി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതമാണ് എന്നെ ഈ സിനിമയിലേക്ക് നയിച്ചത്. എന്നാല്‍, ആരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല ഈ സിനിമയെടുത്തത്. അഭയാര്‍ത്ഥികള്‍ സ്വീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനാണ്. അത് കുറച്ച് പേരിലേക്കെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയാണല്ലോ സിനിമയെന്ന മാധ്യമം ഉള്ളത് - മഹ്മദ് സലെഹ് പറഞ്ഞുനിര്‍ത്തി.