ടന്‍ സോമന്റെ 20-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തേക്കുറിച്ച് ഓര്‍മിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. 'ഇതാ ഇവിടെ വരെ' എന്ന ചിത്രത്തിലാണ് ഭാഗ്യക്ഷ്മിക്ക് സോമനുമൊന്നിച്ച് ജോലി ചെയ്യാന്‍ ആദ്യമായി സാധിച്ചത്. ചിത്രത്തില്‍ സോമന്റെ ബാല്യകാലം അവതരിപ്പിച്ച മാസ്റ്റര്‍ രഘുവിന് ശബ്ദം നല്‍കിയത് താനായിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുത്തു. 

ചെറിയ കുട്ടിയായിരുന്നതുകൊണ്ട് അദ്ദേഹം ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തോടൊന്നിച്ച് ഡബ്ബ് ചെയ്യാന്‍ സാധിച്ചു.

പക്ഷേ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. ഞാന്‍ സോമേട്ടന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. മനസിന്റെ തീര്‍ത്ഥയാത്ര എന്ന സിനിമയില്‍ ഒരു ഊമപെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്ന എനിക്ക്. സോമേട്ടന്റെ അച്ഛനും അമ്മയും ദുരുപയോഗം ചെയ്യുമ്പോള്‍ എന്നെ അതില്‍ നിന്നും രക്ഷപ്പെടുത്തികൊണ്ടു പോകുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേനത്തിനൊപ്പം അഭിനയിച്ച ഒരേയൊരു ചിത്രവും ഇത് തന്നെ.
ഭാഗ്യലക്ഷ്മി പറയുന്നു.

മലയാളസിനിമയില്‍ ഇത്രയും സുഹൃത്തുക്കളുള്ള നടന്‍ വേറെയില്ല. ഒരാളോട് പോലും പിണങ്ങുകയോ ആരെക്കുറിച്ചെങ്കിലും കുറ്റം പറയുകയോ അദ്ദേഹം ചെയ്തിട്ടില്ല. ജീവിതം സന്തോഷിച്ച് ആഘോഷിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും സോമേട്ടനെ വച്ച് സിനിമ ചെയ്തത്‌ ഒരു നല്ല നടന്‍ എന്നതിലുപരി അദ്ദേഹത്തിനോടുള്ള സ്‌നേഹം കൊണ്ടാണ്. 

ഭക്ഷണം സോമേട്ടന്റെ വലിയ ഒരു വീക്ക്‌നെസായിരുന്നു. വീട്ടില്‍ വിളിച്ച് എന്തായാലും ഭക്ഷണം കൊടുക്കുമായിരുന്നു. മീന്‍ എങ്ങനെ പാകം ചെയ്ത് കഴിക്കണം എന്നു വരെ പറഞ്ഞു തരുമായിരുന്നു. വേഗം ഇവിടം വിട്ടു പോയി എന്നത് സങ്കടം തന്നെയാണ്. സ്‌നേഹം കൊണ്ടു കൂടിയാണ് മലയാള സിനിമാലോകം അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.