യുക്രൈൻകാരിയാണ് ദരിയ ഗിയിക്കലോവ്. എന്നാൽ, ദരിയയുടെ ചിത്രങ്ങൾ ഇതുവരെ സ്വന്തം നാട്ടിൽ പ്രദർശിപ്പിച്ചിട്ടില്ല. എടുത്ത രണ്ട് ചിത്രങ്ങളിലും ഇന്ത്യയാണ് പശ്ചാത്തലം. ഇന്ത്യയോട് ഒരു പ്രത്യേക പ്രിയമുണ്ട് ദരിയക്ക്. രാജ്​കപൂറിന്റെ സിനിമകളും കിഷോർ​കുമാറിന്റെ ഗാനങ്ങളുമാണ് ദരിയയെയും കുടുംബത്തെയും ഇന്ത്യയുമായി വിളക്കിച്ചേർക്കുന്നത്.

ആറ് വര്‍ഷമായി മുംബൈയില്‍ താമസമാക്കിയ ദരിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടു ചിത്രങ്ങള്‍ ചിത്രീകരണത്തിനായി തയ്യാറായി വരുന്നുമുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ദരിയയുടെ ത്രീ ആന്റ് ഹാഫ് എന്ന ചിത്രം ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.  യുക്രൈനിന്റെ സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടുകള്‍ ഇന്ത്യയുടേതിന് സമാനമാണെന്ന് ദരിയ പറയുന്നു. 

കാലം മുന്നോട്ട് പോയിരിക്കുന്നു. എല്ലാവരും സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടരിക്കുന്നു. ഗ്രാമങ്ങള്‍ പോലും അതില്‍ കണ്ണിചേരുന്നു. അതിലൂടെ മനുഷ്യബന്ധങ്ങള്‍ക്ക് പുതിയ സാധ്യതകളുണ്ട്. കാര്യങ്ങൾ കൂടുതൽ മനസിലാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ സിനിമ നിര്‍മിക്കുന്നത് ആയാസകരമല്ല. ചിത്രങ്ങളില്‍ യുക്രൈൻ സംഗീതം ഇന്ത്യന്‍ സംഗീതോപകരണങ്ങളിലൂടെ ആവിഷ്‌കരിച്ചു. എല്ലാം ഇങ്ങനെ ബന്ധപ്പെടുത്താൻ നമുക്ക് സാധിക്കും.

ഇന്ത്യയില്‍ തനിക്ക് ചിലത് പറയാനുണ്ട്. പറയപ്പെടാത്ത കഥകള്‍ അവതരിപ്പിക്കാനുണ്ട്. അവ പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ യുക്രൈനിലേയ്ക്ക് മടങ്ങും. തന്റെ ചിത്രങ്ങള്‍ യുക്രൈനിൽ ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല. യുക്രൈൻ അവ സ്വീകരിക്കുന്ന കാര്യത്തില്‍ തനിക്ക് ഉത്കണ്ഠയില്ല. കാരണം ഇന്ത്യയ്ക്കും യുക്രൈനിനും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. തന്റെ മുത്തശ്ശിയും സഹോദരിയും കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ കേള്‍ക്കുകയും രാജ് കപൂറിന്റെ സിനിമയിലെ സംഭാഷണങ്ങള്‍ അനുകരിക്കുകയും ചെയ്തിരുന്നു-ദരിയ പറയുന്നു.

കേരളത്തിലെ ചലച്ചിത്രമേള വളരെ മികച്ചതാണ്. കൂട്ടുകാര്‍ ഒന്നിച്ചിരുന്ന് സിനിമ ചര്‍ച്ച ചെയ്യുന്നു. ആ ഊര്‍ജം തനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്നും ദരിയ പറഞ്ഞു. തന്റെ സിനിമയ്ക്ക് കിട്ടിയ സ്വീകരണവും അത്തരത്തിലാണ്. സിനിമയുടെ ഓരോ അംശവും ഇവിടത്തുകാര്‍ ആസ്വദിക്കുന്നു. അതിനോട് പ്രതികരിക്കുന്നു. സിനിമയ്ക്ക് അതിരുകളില്ലെന്നും എവിടെ നിന്ന് വരുന്നു എന്നതും ഏത് രാജ്യക്കാരാണെന്നും അതിനെ ബാധിക്കുന്നില്ല. എല്ലാ കലയും ഒരേ തന്തുവില്‍ നിന്ന് ജനിക്കുന്നു എന്നും ദരിയ പറഞ്ഞു.