ന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തുടക്കം മുതല്‍ തന്നെ മേളയുടെ ഭാഗമായ അലന്‍സിയര്‍ ഫെസ്റ്റിവല്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. 

ഞാനൊരു ഐ.എഫ്.എഫ്.കെ. പ്രോഡക്ടാണ് 

ആദ്യം ഒരു പ്രേക്ഷകനായും പിന്നീട് അക്കാദമിയുടെ ഫെസ്റ്റിവല്‍ ഡോക്യുമെന്റേറിയന്റെ ഭാഗമായുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. ശരിക്കും ഞാനൊക്കെ ഒരു ഐ.എഫ്.എഫ്.കെ. പ്രോഡക്ടാണ് എന്നു തന്നെ പറയാം. നല്ല സിനിമകള്‍ കാണാന്‍ തുടങ്ങുന്നതും അവ ആസ്വദിക്കാന്‍ പഠിച്ചു തുടങ്ങുന്നതും ഇവിടെ നിന്നാണ് എന്നു തന്നെ പറയാം. അതു തന്നെയാണ് ഫെസ്റ്റിവലിനെക്കുറിച്ചുള്ള ഏറ്റവും നല്ല ഓര്‍മയും. 

അടുത്ത വര്‍ഷം ചിലപ്പോള്‍ ഇത്തരം പാസുകള്‍ നമുക്കൊന്നും കിട്ടാതെ വന്നേക്കും...  

പാസ് വാങ്ങുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ഇത്തവണ വന്നിരിക്കുന്നത്. ചിലപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ ഇത്തരം പാസുകള്‍ നമുക്കൊന്നും പാസ് കിട്ടാതെ വന്നേക്കാം. 

ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ക്കു മാത്രം പാസ് നല്‍കിയാല്‍ മതി എന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ ചലച്ചിത്രമേളയുടെ ഓര്‍മയ്ക്കായി അവസാനത്തെ പാസായി ഇത് കൈയ്യിലിരുന്നോട്ടെ എന്നു വിചാരിച്ചാണ് പാസ് വാങ്ങാന്‍ വന്നത്. അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. 

അത്തരം ഒരു ഫാസിസ്റ്റ് പ്രവണത നിലനില്‍ക്കുന്ന സ്ഥലമാണിത്. സിനിമ കാണുക എന്നതു തന്നെയാണ് ഫെസ്റ്റിവലിന്റെ ഉദ്ദേശം. പക്ഷേ അതിനപ്പുറം, സംവാദങ്ങളും നമ്മുടെ നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കണം. സിനിമ കാണലിനൊപ്പം തന്നെ അതും നടക്കണം. 

ചലച്ചിത്രമേളയിലെ സ്ഥിരം സാന്നിധ്യമായിരുന്ന പല സുഹൃത്തുക്കളും ഇന്ന് ജീവിച്ചിരിപ്പില്ല... 

ചലച്ചിത്രമേളയ്ക്ക് എത്തുന്നതിന് സുഹൃത്തുക്കളെ കാണുക എന്ന ഒരുദ്ദേശം കൂടിയുണ്ട്. ഇത്തവണ വന്നിട്ട് സിനിമ ഒന്നും കണ്ടിട്ടില്ല ഞാന്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നടക്കുകയായിരുന്നു. ഒരുപാട് സുഹൃത്തുക്കള്‍ ഇന്നില്ല. കെ.ആര്‍. മോഹനേട്ടന്‍, പി.കെ. നായര്‍ സാര്‍, എഫ്.എഫ്.എസ്.എ. സെക്രട്ടറിയായിരുന്ന സുരേഷ് ബാബു, അക്കാദമിയുടെ പ്രവര്‍ത്തകനായിരുന്ന ഷിജി, മന്‍സൂര്‍... അവരൊക്കെ നമ്മളെ വിട്ടു പോയി. അവരെയൊക്കെ ഓര്‍ക്കാനും വേണ്ടികൂടിയുള്ളതായിരിക്കണം ഇത്തരം ഒത്തുചേരലുകള്‍.

Content Highlights: Alencier ley lopez on IFFK, International Film Festival of Kerala