പാര്‍ച്ച്ഡ് ഒരു സിനിമ എന്നതിലപുരി ഒരു ബിംബമാണ്. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിലുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ എന്ന ക്ലീഷേയ്ക്കപ്പുറത്ത് അവള്‍ കണ്ടെത്തുന്ന വിമോചനത്തിന്റെ വിപ്ലവമാര്‍ഗം കൂടിയാണ് അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിടുന്നത്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഇന്നലെയും ഇന്നും നാളെയുമുണ്ട് അതിന്റെ ഫ്രെയിമുകളില്‍. അവളുടെ സ്വപ്‌നങ്ങളും ആത്മവിസ്‌ഫോടനവുമുണ്ട് അതിന്റെ വര്‍ണങ്ങളില്‍. വര്‍ത്തമാനകാലത്ത് ഏറ്റവും ശക്തരായ മൂന്ന് സ്ത്രീകഥാപാത്രങ്ങളില്‍ കൂടിയാണ് അത് വെള്ളിത്തിരയില്‍ ഇതള്‍ വിരിഞ്ഞത്. അതിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നിന് ജീവന്‍ നല്‍കിയത് തനിഷ്ഠ ചാറ്റര്‍ജിയെന്ന പുണെക്കാരിയാണ്. പാര്‍ച്ച്ഡിലെ റാണിയുടെ ഗരിമയില്‍ തന്നെയാണ് തനിഷ്ഠ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് എത്തിയതും. റാണിയേക്കാള്‍ ബോള്‍ഡായി തന്നെ തനിഷ്ഠ മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു.

കേരളത്തില്‍ ചലച്ചിത്രമേളയുടെ ഭാഗമായി എത്തിയപ്പോള്‍ എന്തു തോന്നുന്നു?

വളരെ നല്ല സന്തോഷം തോന്നുന്നു. ലോക സിനിമകളോട് ഏറെ അടുപ്പം കാണിക്കുന്നവരാണ് കേരളത്തിലുള്ളവര്‍ എന്നതാണ് മനസ്സിലാകുന്നത്. 

പാര്‍ച്ചഡ് എന്ന സിനിമയിലേക്ക്  ആകര്‍ഷിച്ച ഘടകങ്ങള്‍?

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പാര്‍ച്ച്ഡിലെ പ്രമേയം. മൂന്ന് സ്ത്രീകളുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ഞാന്‍ ചെയ്യുന്ന കഥാപാത്രം 35 വയസുള്ള ഒരു വിധവയുടേതാണ്. മകനുവേണ്ടി മാത്രം ജീവിക്കുന്നവള്‍. പുരുഷ കേന്ദീകൃതമായ ആ സമൂഹത്തില്‍ അവള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

പാര്‍ച്ച്ഡില്‍ തീം നമ്മുടെ   സമൂഹത്തില്‍ എത്രത്തോളം പ്രസക്തമാണ്?

ഇതൊരു പിന്നാക്ക ഗ്രാമത്തില്‍ നടക്കുന്ന കഥയാണെങ്കില്‍ കൂടി അതിന്റെ പ്രസക്തി അവിടെ ഒരുങ്ങുന്നില്ല ലോകത്തെവിടെയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുണ്ട്. പാര്‍ച്ചഡ് കണ്ട പലരും (അമേരിക്ക, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍പ്പോലും) എന്നോട് പറഞ്ഞത് ഇതു അവരുടെയോ അല്ലെങ്കില്‍ അവര്‍ക്ക്  പരിചയമുള്ളവരുടെയോ കഥയ്ക്ക് സമാനമാണെന്നാണ്. ഇതു തന്നെയാണ് ചിത്രത്തിന്റെ പ്രസക്തി. പാര്‍ച്ചഡിനെ ഒരു സ്ത്രീപക്ഷ സിനിമയോ അല്ലെങ്കില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന സിനിമയോ ആയിട്ടാണ് ഭൂരിഭാഗം ആളുകളും കാണുന്നത്. എന്നാല്‍ അത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇത് സാമൂഹ്യ പ്രസ്‌ക്തിയുള്ള ഒരു ചിത്രമാണ്.

 സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍?

പാര്‍ച്ചഡുമായി ബന്ധപ്പെട്ട് ചില അനാവശ്യ വിവാദങ്ങള്‍ ഉണ്ടായിരുന്നു. അവയൊന്നും ഞങ്ങളെ ബാധിച്ചില്ല. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നിറഞ്ഞ സദസ്സിന്റെ കയ്യടികള്‍ ഏറ്റുവാങ്ങി. ഇതൊക്കെയാണ് പാര്‍ച്ചഡിന്റെ വിജയം. സിനിമയെകുറിച്ച് നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ദിവസവും എനിക്ക് നിരവധി ട്വീറ്റുകള്‍ ലഭിക്കുന്നു. ചിത്രത്തിന്റ സംവിധായിക ലീനാ യാദവ് ഏറെ അധ്വാനിച്ചാണ് പാര്‍ച്ച്ഡ് പൂര്‍ത്തിയാക്കുന്നത്. നിര്‍മാതാവായ അജയ് ദേവ്ഗണും ഈ ചിത്രത്തില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. 

സെന്‍സര്‍ ബോര്‍ഡിന്റെ കൈകടത്തലുകള്‍?

നോക്കൂ.. സെന്‍സര്‍ ബോര്‍ഡ് പലപ്പോഴും അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്നതിലുപരി ചിത്രത്തിലെ പല പ്രധാനപ്പെട്ട രംഗങ്ങളും ഇവര്‍ മുറിച്ചു നീക്കാന്‍ ആവശ്യപ്പെടുന്ന സ്ഥിതി വിശേഷമാണുള്ളത്.

ഇതൊക്കെ സിനിമയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നു. ഇത്രയും പുരോഗമിച്ച ഒരു സമൂഹത്തില്‍ ഇത്തരത്തിലുള്ള കൈകടത്തലുകളോട് എനിക്ക് വിയോജിപ്പുണ്ട്.