തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര താരം കൊച്ചു പ്രേമന്റെ വീട്ടുമുറ്റത്ത് നടക്കുന്ന മേളയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. എന്നാല്‍ ഇതുവരെ കൊച്ചുപ്രേമന്‍ ആ വഴിക്ക് പോയിട്ടില്ല. ഇത് ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം പറ്റിയതാണെന്ന ധാരണയായിരുന്നു ഇതുവരെ. എന്നാല്‍ ഈ ഐ.എഫ്.എഫ്.കെയുടെ ഭാഗമായതോടെ അത് തെറ്റായ ധാരണയായിരുന്നുവെന്ന് മനസ്സിലായതായി കൊച്ചു പ്രേമന്‍ പറയുന്നു. 

കുറച്ചു പേര്‍ മാത്രമേ ഗൗരവമായി സിനിമ കാണാനും അസ്വദിക്കാനുമായി മേളക്കെത്തുന്നുള്ളൂ. അധിക പേരും സമയംകൊല്ലാനായണ് തിരുവനന്തപുരത്ത് എത്തുന്നതെന്നും കൊച്ചുപ്രേമന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വിദേശ ഭാഷകളിലുള്ള ചിത്രങ്ങള്‍ കാണാമെന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യകേതയെന്നും കൊച്ചുപ്രേമന്‍ ചൂണ്ടിക്കാട്ടുന്നു.

അവാര്‍ഡ് പടങ്ങള്‍ കാണാന്‍ മേളയില്‍ തിക്കും തിരക്കും കൂട്ടുന്നതിനെക്കുറിച്ചും കൊച്ചുപ്രേമന് പറയാനുണ്ട്. ആളുകള്‍ അടിപിടിയുണ്ടാക്കിയാണ് മലയാള ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകളില്‍ കയറുന്നത്. ഇത് ഐ.എഫ്.എഫ്.കെയുടെ കാലകാലങ്ങളായുള്ള കാഴ്ച്ചയാണ്. എന്നാല്‍ ഇത്തരം പടങ്ങള്‍ നേരിട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ആരും കാണാന്‍ വരാറില്ല. ഞാന്‍ ഇത്തരം ബുദ്ധിജീവി പടങ്ങളേ കാണൂ എന്ന് നാലാളുകള്‍ക്ക് മുന്നില്‍ കാണിക്കാന്‍ വേണ്ടിയാണ് ഐ.എഫ്.എഫ്.കെയിലെ തിയേറ്ററുകളുകള്‍ക്ക് മുമ്പില്‍ അടിപിടി കൂടുന്നത്. എന്നാല്‍ എല്ലാവരും ഇത്തരക്കാരാണെന്ന് അഭിപ്രായം തനിക്കില്ലെന്നും കൊച്ചു പ്രേമന്‍ വ്യക്തമാക്കി.