anarkali
ഫോട്ടോ: എസ്.ശ്രീകേഷ്‌

നാര്‍ക്കലിയുടെ ജീവിതം ഇപ്പോള്‍ പഴയതുപോലെയല്ല. ഇപ്പോള്‍ എന്നു പറഞ്ഞാല്‍ യുവത്വം ആഘോഷിച്ച ആനന്ദത്തിനുശേഷം. താരമായതിന്റെ ഭാരമുണ്ട്. എങ്കിലും പുതിയ ജീവിതം ആനന്ദത്തേക്കാള്‍ ഗംഭീരമായ ആഘോഷിക്കുകയാണ് അനാര്‍ക്കലി. ആള്‍ക്കൂട്ടത്തില്‍ ആളുകള്‍ തിരിച്ചറിയുന്നു. പടങ്ങള്‍ പലതും തേടിവരുന്നു.... പക്ഷേ, ഈ തിരക്കള്‍ക്കൊക്കെ തത്കാലം ബൈ പറഞ്ഞ് തിരുവനന്തപുരത്തെത്തിയിരിക്കുകയാണ് യുവത്വത്തിന്റെ പുതിയ സെന്‍സേഷന്‍. ഗൗരവേറിയ സിനിമാക്കാഴ്ചകള്‍ക്കുള്ളതാണ് വരുംദിനങ്ങള്‍. പുതിയ പഠനത്തിന്റേതാണ് ഇനിയുള്ള ദിവസങ്ങള്‍. ഇടയ്ക്ക് വീണുകിട്ടിയ ചെറിയ ഇവേളയില്‍ കഥകള്‍ പറഞ്ഞും പാട്ടുപാടിയുമൊക്കെ മാതൃഭൂമി ഡോട്ട് കോമുമായി അല്‍പനേരം പങ്കിടുകയാണ് അനാര്‍ക്കലി.

അനന്ദത്തിനുശേഷമുള്ള ആദ്യ ഐ.എഫ്.എഫ്.കെയാണിത്. എത്രത്തോളം സ്‌പെഷ്യലാണ് ഈ മേള?

സ്‌പെഷ്യല്‍ എന്നു പറയാറായിട്ടില്ല. ഇത് രണ്ടാം ദിവസമായിട്ടേയുള്ളൂ. ഞാന്‍ വന്ന് ഏറെയായിട്ടില്ല. അതുകൊണ്ട് അധികം സിനിമകളൊന്നും കാണാന്‍ പറ്റിയിട്ടില്ല. ഇന്നലെ ഒരു സിനിമയേ കണ്ടുള്ളൂ. ഹോസ്റ്റലില്‍ നേരത്തെ കയറണം. അതുകൊണ്ട് ഇതുവരെ സ്‌പെഷ്യലായിട്ടില്ല. സ്‌പെഷ്യലാവാന്‍ ഇനിയും സമയമുണ്ടല്ലോ.

ആനന്ദം ഇറങ്ങിയതിനുശേഷം ലൈഫില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ?

കുറേ ചേഞ്ചസ് ഉണ്ടായിട്ടുണ്ട്. ആള്‍ക്കാര്‍ നമ്മളെ കാണുന്ന രീതി മാറി. പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയുന്നുണ്ട്. ആനന്ദത്തിലെ കുട്ടിയാണെന്ന് പറഞ്ഞ് ഒളിഞ്ഞു നോക്കുന്നത് അറിയുന്നുണ്ട്. അതിലൊക്കെ സന്തോഷമുണ്ട്.

ഈ പോപ്പുലാരിറ്റി ഒരു ഭാരമായി തോന്നിയിട്ടുണ്ടോ?

ഭാരമായി തോന്നിയിട്ടില്ല. പക്ഷേ, എങ്ങോട്ടെങ്കിലും അത്യാവശ്യമായി പോകാന്‍ നില്‍ക്കുമ്പോള്‍ വന്നു വിളിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ട് തോന്നും. പക്ഷേ, സാരമില്ല.

പുതിയ സിനിമകള്‍

ഇതുവരെ ആയിട്ടില്ല. സ്‌ക്രിപ്റ്റുകളൊക്കെ കേള്‍ക്കുന്നുണ്ട്.

ഫിലിം മേക്കിങ്ങില്‍ താത്പര്യമുണ്ടോ?

താത്പര്യം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ എന്തോ താത്പര്യമില്ല.