രു രാജ്യത്തോടും ആ രാജ്യത്തിന്റെ ദേശീയ ഗാനത്തോടും ബഹുമാനം തോന്നേണ്ടത് മനസ്സിലാണെന്നും ദേശസ്‌നേഹം ഒരിക്കലും അടിച്ചേല്‍പ്പിക്കരുതെന്നും ചലച്ചിത്ര താരം വിനയ് ഫോര്‍ട്ട്. ഐ.എഫ്.എഫ്.കെ വേദിയില്‍ മാതൃഭൂമി ഡോട്ട് കോമിന്റെ മുഖാമത്തില്‍ സംസാരിക്കുകയായിരുന്നു വിനയ്. എന്ത് ഭക്ഷണം കഴിക്കണം, എന്ത് വായിക്കണം, എന്ത് കാണണം, എന്ത് എഴുതണം എന്നതെല്ലാം വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. ഒരു നടനെന്ന നിലയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ താന്‍ ആരുമല്ലെന്നും ഇത് വ്യക്തി എന്ന നിലയിലുള്ള തന്റെ അഭിപ്രായണമാണെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി. 

കിസ്മത്ത്, ഗോഡ്‌സെ, കമ്മട്ടിപ്പാടം എന്നിങ്ങനെ ഇത്തവണ ഐ.എഫ്.എഫ്.കെയില്‍ വിനയ് ഫോര്‍ട്ട് അഭിനയിച്ച മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ടുമായുള്ള അഭിമുഖത്തില്‍ നിന്നുള്ള കൂടുതല്‍ ഭാഗങ്ങള്‍.

ഗോഡ്‌സെ എന്ന ചിത്രത്തെക്കുറിച്ച്?
 
ഗോഡ്‌സെ ഒരു രാഷ്ട്രീയ വിമര്‍ശന ചിത്രമാണ്. സംവിധായകന്‍ ഷെറി ഗോവിന്ദന്റെ ക്രിയേറ്റിവിറ്റി മാത്രം കൊണ്ടുണ്ടായ ചിത്രം. പരിമിതമായ സാഹചര്യങ്ങളിലാണ് ഗോഡ്‌സെ ചിത്രീകരിച്ചത്. വലിയ സംവിധായകരുടെ ചിത്രങ്ങളിലുള്ളത് പോലെ ഇഷ്ടമുള്ള ലൊക്കേഷനും ഇഷ്ടമുള്ള എക്യുപ്‌മെന്റ്‌സും തെരഞ്ഞെടുത്ത് ഈ ചിത്രം ചെയ്യാന്‍ കഴിയുമായിരുന്നില്ല. സാമ്പത്തികമായ പരിമിതിക്കുള്ളില്‍ നിന്ന് കഷ്ടപ്പെട്ടാണ് സിനിമ ചിത്രീകരിച്ചത്. 24 ദിവസങ്ങള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയായി. ഗോഡ്‌സെ ടാഗോറില്‍ ഹൗസ്ഫുളായാണ് പ്രദര്‍ശിപ്പിച്ചത്. ഷെറി ഗോവിന്ദ് എഴുതിയ ഡയലോഗുകള്‍ ആളുകള്‍ കൈയടിയോടെയായിരുന്നു ആളുകള്‍ സ്വീകരിച്ചത്. അതില്‍ വളരെ സന്തോഷമുണ്ട്. 

ഷൂട്ടിങ് ലൊക്കേഷനിലെ പ്രതിസന്ധികള്‍? ഹരിശ്ചന്ദ്രനെന്ന കഥാപാത്രം?

ഷട്ടറിന് ശേഷം ഞാനൊരു പ്രധാന കഥാപാത്രം ചെയ്യുന്നത് കിസ്മത്തിലെ പോലീസ് ഇന്‍സ്‌പെക്ടറുടെ റോളാണ്. പിന്നീട് ഗോഡ്‌സെയിലെ ഹരിശ്ചന്ദ്രന്‍. ഹരിശ്ചന്ദ്രന്‍ ഞാനെന്ന വ്യക്തിയുമായി ഒരു ബന്ധവുമില്ലാത്ത, എപ്പോഴും കള്ളു കുടിച്ച് നടക്കുന്ന ഒരു കഥാപാത്രമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിക്കാത്ത എന്നെ സംബന്ധിച്ച് ഹരിശ്ചന്ദനെ അഭിനയിപ്പിച്ച് ഫലിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. 

ഞാന്‍ നന്നായി ആരോഗ്യം ശ്രദ്ധിക്കുന്നയാളാണ്. എന്നും രാവിലെ എണീറ്റ് ഒന്നര ലിറ്റര്‍ വെള്ളം കുടിക്കും. എന്നാല്‍ ഹരിശ്ചന്ദ്രന്‍ എന്നും രാവിലെ എണീറ്റ് റേഡിയോ ഓണ്‍ ചെയ്ത് വെറുംവയറ്റില്‍ കള്ള് കുടിച്ച് അച്ചാറ് നക്കുന്ന ഒരു കഥാപാത്രമാണ്. അത്രയും അ്ന്തരം ഞങ്ങള്‍ രണ്ടു പേരും തമ്മിലുണ്ടായിരുന്നു. നാടക സ്‌കൂളില്‍ നിന്ന് പഠിച്ചറിങ്ങി, സാഹിത്യത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഹരിശ്ചന്ദ്രന്‍ പിന്നീട് ഗാന്ധിമാര്‍ഗത്തിലേക്ക് മാറുകയാണ്. ആ മാറ്റം അഭിനിയിക്കാനായിരുന്നു ഏറ്റവും പ്രയാസപ്പെട്ടത്. 

ഗാന്ധിയായി ഞാന്‍ അഭിനയിച്ചിട്ടില്ല. ഗാന്ധിസം ബാധിച്ച ഒരാളാണ് അഭിനയിക്കുന്നത്. ഹരിശ്ചന്ദ്രന്‍ ഗാന്ധിയായാല്‍ എങ്ങനെയുണ്ടാകും എന്ന് മനസ്സില്‍ കണക്കു കൂട്ടി അഭിനയിച്ചു. പിന്നെ സിനിമ എപ്പോഴും സംവിധായകന്റേതാണ്. ഷെറിന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഞാന്‍ ചെയ്തു. അത്ര തന്നെ. 

ഒരു വര്‍ഷത്തോളം പണിയെടുത്താണ് ഒരു തിരക്കാഥാകൃത്ത് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. സംവിധാകന്‍ ആ തിരക്കഥയില്‍ ഏഴോ എട്ടോ വര്‍ഷം പഠനം നടത്തും. പിന്നീടാണ് അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാകുന്നത്. അപ്പോള്‍ അവര്‍ക്ക് ആവശ്യമുള്ളത് നമ്മള്‍ നല്‍കു. അല്ലാതെ അഭിനേതാവിന്റെ വരുതിയിലേക്ക് സിനിമയെ കൊണ്ടു വരാന്‍ ശ്രമിക്കരുത്. സിനിമ എപ്പോഴും സംവിധായകന്റെ കലയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

തിയേറ്ററില്‍ ഓടിയ സിനിമകള്‍ മേളകളില്‍ കാണിക്കേണ്ട ആവശ്യമില്ലെന്നും ആരും കാണാത്ത ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നും ഒരു സംവിധായകന്‍ അഭിപ്രായം പറഞ്ഞു. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

അങ്ങനെ ഒരു വേര്‍തിരിവിന്റെ ആവശ്യമില്ല. തിയേറ്ററില്‍ വിജയിച്ച ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്? മേളക്കൊരു സിനിമ, തിയേറ്ററുകള്‍ക്കൊരു സിനിമ എന്നുള്ള വേര്‍തിരിവ് എന്തിനാണ്. അതിന്റെ ഒരു ആവശ്യവുമില്ല. രണ്ട് രീതിയിലും മികച്ചതായ എത്രയോ സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട്. പിന്നെ തിയേറ്ററില്‍ നന്നായി ഓടി എന്നത് ഒരു കുറ്റമായി കാണേണ്ടതില്ല. 

സെന്‍സെറിങ്ങിനെക്കുറിച്ചുള്ള അഭിപ്രായം?

സെന്‍സറിങ് വളരെ മോശമാണ്. താരങ്ങള്‍ എന്തു കൊണ്ട് ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല എന്നത് എനിക്കറിയില്ല. ഞാന്‍ ഒരു നടനാണ്. അല്ലാതെ താരമല്ല. പാന്റും കോട്ടുമിട്ട് ഒരു കോര്‍പറേറ്റ് ബോസായി അഭിനയിക്കാനും ഞാനില്ല. 

ഇപ്പോള്‍ പട്ടി, കോപ്പ്, പണ്ടാരം, പന്നി എന്നൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. ഒരു ചേരിയിലുള്ള കഥാപാത്രമാണ് അഭിനയിക്കുന്നതെങ്കില്‍ അയാള്‍ക്ക് ഈ വാക്കെല്ലാം ഉപയോഗിക്കേണ്ടി വരും. എപ്പോഴും സഭ്യമായിട്ടാണ് സംസാരിക്കാനാകുമോ?  പക്ഷേ പച്ചത്തെറി വിളിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. കുടുംബവുമൊത്ത് കാണാന്‍ പറ്റാത്ത തരത്തിലുള്ള തെറികള്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പുമില്ല.

അധികം ഉണ്ടാക്കല്ലേ എന്ന ഡയോഗ് എനിക്ക് മാറ്റി ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിലെ ഉണ്ടാക്കല്ലെ എന്ന വാക്കായിരുന്നു പ്രശ്‌നം. സെന്‍സര്‍ബോര്‍ഡ് കൊടുത്ത ഡിക്ഷണറിയുള്ള വാക്കേ നടന്‍മാര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.