കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവമെന്ന് അറിയപ്പെടുന്ന ഐ.എഫ്.എഫ്.കെ, ചലച്ചിത്ര അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 18 വര്‍ഷത്തോളമായെങ്കിലും മലയാളത്തില്‍ നിന്ന് ഇതുവരെ ഒരു സംവിധായിക തന്റെ ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.

അഞ്ജലി മേനോന്‍, ശ്രീബാലാ കെ. മേനോന്‍, ഗീതു മോഹന്‍ദാസ്, രേവതി തുടങ്ങി പ്രതിഭാധനരായ നിരവധി വനിതകള്‍ ക്യാമറയ്ക്ക് പിന്നിലുണ്ടായിട്ടും ഇത് സാധിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നത് സങ്കീര്‍ണമായ വിഷയമാണ്. കൊല്ലം സ്വദേശിനിയായ വിധു വിന്‍സെന്റ് ഈ പോരായ്മയെ പരിഹരിക്കാന്‍ ഐ.എഫ്.എഫ്.കെയിലേക്ക് തന്റെ കന്നി ചിത്രവുമായി എത്തുകയാണ്.

ഇത്തവണ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രണ്ട് മലയാള സിനിമകളിലൊന്ന് വിധു സംവിധാനം ചെയ്ത മാന്‍ഹോളാണ്. ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം നമുക്ക് മുന്നില്‍ വരച്ചുകാട്ടാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടിട്ടും കണ്ടില്ലാ എന്ന് നടിക്കുന്ന ഗൗരവമുള്ള വിഷയത്തെയാണ്. മാധ്യമ പ്രവര്‍ത്തക കൂടിയായ വിധുവുമായി നടത്തിയ സംഭാഷണത്തിന്റെ സംക്ഷിപ്തം. 

ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ വനിതാ സംവിധായിക. എന്ത് തോന്നുന്നു ?

സന്തോഷവും അഭിമാനവുമുണ്ട്. ഐ.എഫ്.എഫ്.കെ തുടങ്ങിയിട്ട് ഇത്രയധികം വര്‍ഷങ്ങളായിട്ടും മലയാളത്തില്‍ നിന്ന് സ്ത്രീകളുടെ സിനിമകള്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നത് അത്ഭുതമുണ്ടാക്കുന്നു. നമ്മുടെ നാട്ടില്‍ കഴിവുള്ള സ്ത്രീകള്‍ ഇല്ലാത്തത് കൊണ്ടോ കുറവുള്ളത് കൊണ്ടോ അല്ലാ. ഒരുപക്ഷെ, സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. പിന്നെ, സംവിധാന രംഗത്തുള്ള സ്ത്രീകളുടെ എണ്ണം തന്നെ കുറവാണ്. അഞ്ജലി, ശ്രീബാല, ഗിതു തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണുള്ളത്. ആണുങ്ങള്‍ കൈയടക്കി വെച്ചിരിക്കുന്ന ഇടങ്ങളാണിതൊക്കെ. ഇവിടെ പെണ്ണുങ്ങള്‍ കയറുകയും സ്വന്തമായി ഇടം പിടിച്ചെടുക്കുകയുമാണ് വേണ്ടത്. 

എന്താണ് സിനിമയ്ക്കായി ഈ വിഷയം തിരഞ്ഞെടുക്കാന്‍ കാരണം ? 

ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള ഒന്നാണ് മാനുവല്‍ സ്‌കാവെന്‍ജിംഗ്. എന്നാല്‍, ഒളിഞ്ഞും തെളിഞ്ഞും ഇത് ഇപ്പോഴും കേരളമുള്‍പ്പെടെ പലയിടത്തും തുടര്‍ന്ന് പോരുന്നു. മാനുവല്‍ സ്‌കാവെന്‍ജിംഗ് ഇപ്പോഴുമുണ്ടെന്ന് സര്‍ക്കാര്‍ ഒരിക്കലും അംഗീകരിക്കില്ല. ഇങ്ങനെയൊരു സംഭവമേയില്ല എന്നാണ് അവര്‍ പറയുന്നത്. യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍ മാനുവല്‍ സ്‌കാവെന്‍ജിംഗ് എന്ന പേര് മാറി, പകരം കണ്‍ടിന്‍ജെന്‍സി വര്‍ക്കേഴ്‌സ് എന്ന പേര് വന്നു. ചെയ്യുന്ന പണി ഒന്ന് തന്നെ. മെഷീന്‍ ഉപയോഗിച്ചാണ് ഇവര്‍ ജോലി ചെയ്യുന്നതെന്നാണ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ പറയുന്നതെങ്കിലും അതല്ല അവസ്ഥ എന്ന് നേരിട്ട് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസ്റ്റ് ഓഫ് ക്ലെന്‍ലിനെസ് എന്ന് പേരുള്ള  ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സിനിമ.

എന്താണ് ഡോക്യുമെന്ററിക്ക് ഇങ്ങനെയൊരു പേര് ?

ഈ പണി ചെയ്യുന്നത് ഒരു പ്രത്യേക വിഭാഗത്തിലുള്ള ജാതിക്കാരാണ്. ഈ ജോലിക്കൊരു പാരമ്പര്യ സ്വഭാവമുണ്ട്, അത് ജാതിയുമായി കെട്ട്പിണഞ്ഞ് കിടക്കുന്നു. കേരളത്തില്‍ ചക്ക്ഡിയര്‍ ജാതിയില്‍പ്പെട്ടവരാണ് ഈ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. ഭൗതിക ദാരിദ്ര്യത്തെക്കാള്‍ ഏറെ അന്തസോടെ ജീവിക്കാന്‍ കഴിയാത്തതാണ് ഈ സമൂഹത്തില്‍പ്പെട്ടവരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. അതാണ് ഞാന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. രവികുമാര്‍ എന്നൊരു ഓട്ടോ ഡ്രൈവറാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നത് 'അച്ഛന്‍ ചെയ്തിരുന്ന ജോലി ഞാന്‍ ചെയ്തു, ഞാനത് തുടര്‍ന്നാല്‍ എന്റെ മക്കളും ഇത് തന്നെ ചെയ്യേണ്ടി വരും. പരമ്പരാഗതമായി കൈമാറി വരുന്നതാണല്ലോ ജാതിയും അതോടൊപ്പമുള്ള കുലത്തൊഴിലും'. 

സിനിമയ്ക്കുള്ള മൂലധനം ? 

15 ലക്ഷം രൂപയോളം സിനിമയ്ക്ക് ഇതുവരെ ചെലവ് വന്നിട്ടുണ്ട്. എന്റെ പിതാവും സഹോദരനുമാണ് സിനിമയ്ക്കുള്ള പണം തന്നത്. താരതമ്യേന അറിയപ്പെടാത്ത ഒരു സ്ത്രീ സംവിധായികയാകുമ്പോള്‍ മുതല്‍ മുടക്കാന്‍ പ്രൊഡ്യൂസര്‍മാരെ കിട്ടില്ല. നമ്മുടെ നാട്ടില്‍ മൂലധനമുള്ളതും അത് കൈകാര്യം ചെയ്യുന്നതും പുരുഷന്മാരാണ്. അവര്‍ ഇന്‍വെസ്റ്റ് ചെയ്യണമെങ്കില്‍ അവര്‍ക്ക് ബോധ്യമുള്ള ആളുകളായിരിക്കണം. പ്രൊഡ്യൂസര്‍മാര്‍ മുന്‍ഗണന നല്‍കുന്നത് പുരുഷന്മാര്‍ക്കായിരിക്കും, അല്ലെങ്കില്‍ കഴിവ് തെളിയിച്ച പേരെടുത്ത വ്യക്തിയായിരിക്കണം. ഞാന്‍ ഡോക്യുമെന്ററി ചെയ്ത സമയത്ത് പിതാവ് എന്നോടൊപ്പമുണ്ടായിരുന്നു. എന്നിലുണ്ടായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകും ഒരു പക്ഷെ അദ്ദേഹം പ്രൊഡ്യൂസറായത്. 

ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നല്ലോ, എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായോ?

അടിസ്ഥാനപരമായി ഞാനൊരു ദൃശ്യമാധ്യമ പ്രവര്‍ത്തകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെലിവിഷന്‍ ജേര്‍ണലിസം രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ദൃശ്യഭാഷയുടെ പുറത്ത് അടിസ്ഥാനപരമായൊരു കമാന്‍ഡ് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ഒരു മേഖലയിലേക്ക് ഒരു സ്ത്രീ കടന്നു വരുമ്പോള്‍ താന്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് സംബന്ധിച്ച വ്യക്തമായ ധാരണയുണ്ടെങ്കില്‍ കുറേയധികം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും. സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുണ്ടെങ്കില്‍ മറ്റ് സ്ത്രീകള്‍ക്കും അവിടേക്ക് കടന്നു വരാനും കാര്യങ്ങള്‍ മനസ്സിലാക്കാനും അവസരമുണ്ടാകും. നമുക്ക് ഇടമില്ലാ എന്ന് തോന്നുന്ന സ്ഥലങ്ങളില്‍ പോലും കടന്നു ചെല്ലാനും സ്വന്തം കഴിവ് കൊണ്ട് ഇടമുണ്ടാക്കാനുമാണ് ശ്രമിക്കേണ്ടത്. പിന്നെ, കാര്യങ്ങള്‍ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാനും വെല്ലുവിളികളെ കൈകാര്യം ചെയ്യാനുമുള്ള തന്റേടമുള്ളവര്‍ക്ക് മാത്രമെ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

സിനിമയുടെ അണിയറയിലെ സ്ത്രീകള്‍

അണിയറയിലും അഭിനയിക്കാനും സ്ത്രീകളുണ്ടായിരുന്നു. അസോസിയേറ്റ് ഡയറക്ടറായി സോഫിയാ ബിന്ദ്, കോസ്റ്റ്യൂം ഡിസൈനറായി ദീപ, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രേണു സൗന്ദര്‍, രേണുവിന്റെ അമ്മയായി അഭിനയിച്ച തിയ്യറ്റര്‍ ആക്ടിവിസ്റ്റ് ഷൈലജ. ഇവരാണ് സ്ത്രീകള്‍. മാന്‍ഹോളിന്റെ തിരക്കഥ എഴുതിയത് ഉമേഷ് ഓമനക്കുട്ടനാണ്. ഡോക്യുമെന്ററിയിലും അദ്ദേഹം എന്നോടൊപ്പം സഹകരിച്ചിരുന്നു. മറ്റ് അസോസിയേറ്റ് ഡയറക്ടേഴ്‌സായി വിനു വര്‍ഗീസ്, എല്‍.ടി. മാറാട്ട്, കലാസംവിധാനം നിര്‍വഹിച്ച അജിത്ത് പ്ലാക്കാഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിപിന്‍, ക്യാമറ കൈകാര്യം ചെയ്ത സജി നായര്‍, എഡിറ്റിംഗ് നടത്തിയ അപ്പു ഭട്ടതിരി, സൗണ്ട് ഡിസൈനറായ ഫൈസല്‍ തുടങ്ങി എന്നെ സഹായിച്ച ആളുകളുടെ എണ്ണം നിരവധിയാണ്. ഈ ഒരു ടീമിന്റെ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് മാന്‍ഹോള്‍ യാഥാര്‍ഥ്യമായത്.