നാല് വര്‍ഷമായി ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമാണ് കാനഡയിലെ മാധ്യമപ്രവര്‍ത്തകനായ സുരേഷ് നെല്ലിക്കോട്.ടൊറൊന്റോ മേളയുടെ പ്രത്യേകരതകളെക്കുറിച്ച് സുരേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു. 

ടൊറൊന്റോ മേളയിലെ അനുഭവം?

പത്ത് ദിവസമാണ് ടൊറൊന്റോ മേളയെങ്കിലും ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് മേളയുടെ ഭാഗമായി നടത്തുന്നത്. ടിപ്പ്‌സ് ഫോര്‍ കിഡ്‌സ്, എല്‍.ജി.ബി.ടി കോര്‍ണര്‍, സ്‌കൂളില്‍ പ്ര്‌ത്യേക പരിപാടികള്‍ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സിനിമ പഠിക്കുന്നവര്‍ക്കായി കനേഡിയന്‍ ഗവണ്‍മെന്റും യൂണിവേഴ്‌സിറ്റികളും പ്രത്യേക പദ്ധതികള്‍ നടത്താറുണ്ട്്. 

പിന്നെ ഒരുപാട് ഫണ്ട് കിട്ടുന്ന മേളയാണ് ടൊറൊന്റോ. പക്ഷേ ഐ.എഫ്.എഫ്.കെയ്ക്ക് അതിന് മാത്രം ഫണ്ടില്ല. അതുകൊണ്ട് രണ്ട് മേളകളും തമ്മില്‍ താരതമ്യം ചെയ്യാനാകില്ല. ടൊറൊന്റോ ഫെസ്റ്റിവലില്‍ കൃത്യമായ സമയത്ത് തന്നെ ഷോ നടക്കും. അവിടെ ആവശ്യമില്ലാത്ത വിവാദങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകാറില്ല.

ടൊറൊന്റോ ഫെസ്റ്റിവലില്‍ മലയാള ചിത്രങ്ങള്‍ എത്രത്തോളം പ്രദര്‍ശിപ്പിക്കാറുണ്ട്?

മലയാള ചിത്രങ്ങളുടെ പ്രദര്‍ശനം കുറവാണ്. ഇത്തവണ പ്രദര്‍ശിപ്പിച്ചത് അടൂരിന്റെ പിന്നെയും ആണ്. അതിനു മുമ്പ് പ്രിയദര്‍ശന്റെ കാഞ്ചീവരം പ്രദര്‍ശിപ്പിച്ചിരുന്നു. 

ഇന്ത്യന്‍ ചിത്രങ്ങളോടുള്ള കാണികളുടെ പ്രതികരണം എങ്ങനെയാണ്?

ഇന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡിലെ പാട്ടും ഡാന്‍സും മാത്രമാണ് എന്നായിരുന്നു ആദ്യം വിദേശികളുടെ ധാരണ. എന്നാല്‍ ഇപ്പോള്‍ അത് മാറി. ഇന്ത്യന്‍ സിനിമകള്‍ അവര്‍ തെരഞ്ഞെടുത്ത് കാണാന്‍ തുടങ്ങി. ഇര്‍ഫാന്‍ ഖാനൊക്കെ അവിടെ ധാരാളം ആരാധകരുണ്ട്. ഇര്‍ഫാന്‍ വന്നിറങ്ങുമ്പോള്‍ ചു്റ്റും കൂടാന്‍ ഒരുപാട് ആരാധകരുണ്ടാകും.

ടൊറൊന്‍ോ ഫെസ്റ്റിവലില്‍ നിന്ന് ഐ.എഫ്.എഫ്.കെയില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ എന്തെങ്കിലും പ്രവര്‍ത്തനങ്ങളുണ്ടോ?

അവിടെ ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കിലും അവസാന നിമിഷം സിനിമ കാണാനുള്ള അവസരമുണ്ട്. റഷ് ലൈനപ്പ് എന്ന ഒരു സംവിധാനമുണ്ട്. റഷ് ലൈനപ്പില്‍  പോയി നിന്നാല്‍ സീറ്റൊഴിവ് കണക്കിലെടുത്ത് ആളുകളെ തിയേറ്ററിനുള്ളില്‍ കയറ്റും.