സൈക്കിളിന്റെ പിറകില്‍ വലിയ ചളുങ്ങിയ അലൂമിനിയം പെട്ടി കെട്ടിവെച്ച് ടാക്കീസിലേയ്ക്ക് ചവിട്ടിക്കിതച്ചുവരുന്ന ഫിലിം റെപ്രസെന്റേറ്റീവിന്റെ ഒരു ചിത്രമുണ്ട് പഴയ സിനിമാക്കാരുടെ മനസ്സില്‍. കാലം മാറി. അതിലും വേഗത്തില്‍ സിനിമയും. ഓലടാക്കീസിനേക്കാള്‍ വേഗത്തില്‍ പെട്ടിയും റീലും പ്രൊജക്ടറുമെല്ലാം അപ്രത്യക്ഷ്യമായി. പുതിയ ഭാഷയും രൂപവും പോലെ സിനിമയ്ക്ക് പുതിയ രൂപവും ഘടനയുമായി. സിനിമയുടെ ഈ രൂപാന്തരത്തിന്റെ നേര്‍സാക്ഷ്യമാണ് ഫ്രാന്‍സില്‍ നിന്നും പോളണ്ടില്‍ നിന്നും ഈജിപ്തില്‍ നിന്നും ഇറാനില്‍ നിന്നുമെല്ലാം സിനിമകള്‍ ഒഴുകിയെത്തുന്ന രാജ്യാന്തര ചലച്ചിത്രമേള.

കഴിഞ്ഞ ഇരുപത്തിയൊന്ന് കൊല്ലം കൊണ്ട് മേളയ്‌ക്കെന്നപോലെ അതിലേയ്ക്കുള്ള സിനിമയുടെ വരവിലുമുണ്ടായി മാറ്റങ്ങള്‍ ഒരുപാട്. ഈ മാറ്റങ്ങള്‍ക്കൊപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി ഓടിക്കിതച്ചുനടക്കുന്ന ഒരു കൂട്ടരുണ്ട്. ലോകസിനിമയെ മേളയ്‌ക്കെത്തിക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം ഇവരാണ്. ചലച്ചിത്ര അക്കാദമിയുടെ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. പഴയ പെട്ടിക്കാലം മുതല്‍ പുതിയ ഡിജിറ്റല്‍ കാലം വരെ മലയാളി കണ്ടു പരിചയിച്ച ലോകസിനിമകള്‍ക്കൊണ്ടമുണ്ട് ഈ സെന്ററും അതിന്റെ മേധാവി ഗോപീകൃഷ്ണനുമാണ്. സിനിമ കണ്ട് ലഹരി പിടിച്ച് മടങ്ങുന്ന ഡെലിഗേറ്റുകളില്‍ ബഹുഭൂരിപക്ഷവും പക്ഷേ അറിയുന്നില്ല, ഈ സിനിമകള്‍ വരുന്ന വഴിയും അത് സംരക്ഷിക്കപ്പെടുന്ന രീതിയും അതിന്റെ അണിയറയിലെ മനുഷ്യപ്രയത്‌നവുമെല്ലാം. ഒരു മേളയുടെ തിരശ്ശീലയിലും ഇവര്‍ക്കുള്ള നന്ദിവാക്കുകള്‍ തെളിയാറുമില്ല.

iffk

മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങളുടെ പട്ടിക കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തുടങ്ങുകയായി ഇവരുടെ പ്രവര്‍ത്തനം. പിന്നെ വിവിധ രാജ്യങ്ങളുമായി എഴുത്തുകുത്തുകള്‍ ആരംഭിക്കുകയായി. ലോകത്തിലെ പല പല ഫെസ്റ്റിവലുകളില്‍ നിന്ന് കൊറിയര്‍ വഴിയാണ് പ്രിന്റുകളും ഡി.സി.പി എന്നു പറയുന്ന ഹാര്‍ഡ് ഡിസ്‌ക്കുകളും എത്തിക്കുന്നത്. പ്രിന്റുകള്‍ നേരിട്ടാണ് കൊണ്ടുവരുന്നത്. ആദ്യഘട്ട സ്‌ക്രീനിങ്ങും പരിശോധനയും കഴിഞ്ഞ് ഈ പ്രിന്റുകള്‍ റിയല്‍ ഇമേജ് എന്ന കമ്പനിയെ ഏല്‍പിക്കും. അവരാണ് ഔദ്യോഗികമായ പരിശോധന നടത്തി ചിത്രങ്ങള്‍ക്ക് പച്ചക്കൊടി കാട്ടേണ്ടത്. അത് കഴിഞ്ഞ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലെ ക്വാളിറ്റി ചെക്കിങ് റൂമില്‍ പ്രിന്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും. അത് കഴിഞ്ഞ് അതാത് തിയ്യറ്ററുകളിലേയ്ക്ക് അയച്ച് അവരുടെ സര്‍വറുകളില്‍ അപ്‌ലോഡ് ചെയ്യും. അതുകഴിഞ്ഞാണ് പ്രദര്‍ശനത്തിലേയ്ക്ക് കടക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണിത്.

chalachithra academy

കഴിഞ്ഞ രണ്ട് ഫെസ്റ്റിവലുകളിലായി ഈ രീതിയിലാണ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള സിനിമകള്‍ എത്തിച്ച് പ്രദര്‍ശിപ്പിക്കുന്നത്. പണ്ട് കാലത്ത് റീലുകള്‍ എത്താത്തത്‌കൊണ്ട് സിനിമകള്‍ മാറ്റിവയ്ക്കുന്ന ഒരു പതിവിന് ഇതോടെ വിരാമമായി. ഷെഡ്യൂള്‍ മാറ്റവും അതിനെത്തുടര്‍ന്നുള്ള ബഹളങ്ങളും തര്‍ക്കങ്ങളുമൊക്കെ ഇതോടെ മേളയ്ക്ക് പഴങ്കഥയായി.

സിനിമയും മേളയുമെല്ലാം ഒരുപാട് മാറിക്കഴിഞ്ഞെങ്കിലും പഴയ കാലത്തിന്റെ ശേഷിപ്പുകള്‍ അതുപോലെ സൂക്ഷിച്ചിട്ടുണ്ട് റിസര്‍ച്ച് സെന്ററില്‍. പഴയ പെട്ടിയും പ്രൊജക്ടറും റീലുകളും മറവിയുടെ പൊടിപിടിക്കാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട് ഇവിടെ.

പഴയ 35 എം.എം പ്രിന്റില്‍ നിന്നും ഇപ്പോഴത്തെ കൈപ്പിടിയിലൊതുങ്ങുന്ന ഡിസ്‌ക്കിലേയ്ക്കുള്ള മാറ്റം വളരെ ഗുണപരമാണെന്ന് ഗോപീകൃഷ്ണന്‍ പറയുന്നു. ചെറിയ ചില റിസ്‌ക്കുകള്‍ ഒഴിവാക്കിയാല്‍ ഏറെ ഉപകാരപ്രദമാണ് ഈ മാറ്റമെന്നും പറയുന്നു ഗോപീകൃഷ്ണന്‍.