ടീസറും ട്രെയിലറുമെല്ലാം വരും മുന്‍പേ സിനിമയിലേയ്ക്കുള്ള ആദ്യത്തെ വഴി പോസ്റ്ററുകളായിരുന്നു. രാത്രി ചുമരില്‍ മൈദ കൂട്ടി ഒട്ടിക്കുന്ന ഈ പോസ്റ്ററുകള്‍ വഴി സിനിമയിലേയ്‌ക്കൊരു വഴി വെട്ടാന്‍ പണ്ടൊരാള്‍ ശ്രമിച്ചു. അഞ്ചലുകാരന്‍ സുധീഷ്. നാടായ നാടൊക്കെ അലഞ്ഞ് മതിലായ മതിലിലൊക്കെ പോസ്റ്ററൊട്ടിച്ചു നടന്ന സുധീഷ് പക്ഷേ, നടനായില്ല, സിനിമയിലെത്തിയതുമില്ല. പതിനാറ് വര്‍ഷമായി സിനിമകളുടെ പോസ്റ്ററൊട്ടിച്ച് ജീവിതം കഴിച്ച സുധീഷ് ഒടുവില്‍ പോസ്റ്ററൊട്ടിക്കുന്ന സഹജീവികളുടെ ജീവിതം ക്യാമറയില്‍ പകര്‍ത്താന്‍ തീരുമാനിച്ചു. കഥയില്ലാത്തവരെന്നും കഥയില്‍ ഇല്ലാത്തവരെന്നും വായിക്കാവുന്ന സുധീഷിന്റെ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത് സിനിമാലോകം അധികം കാണാത്ത ഒരു ലോകമാണ്. സിനിമയുടെ ഭാഗമായിട്ടും സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ കാണാതെ പോയ ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണ്. പോസ്റ്ററുകള്‍ ഒട്ടിച്ച് സിനിമയിലെത്താന്‍ മോഹിച്ച് ജീവിതം പോസ്റ്ററൊട്ടിക്കലില്‍ ഒതുങ്ങിപ്പോയ കുറേ പേരുടെ ജീവിത കഥയാണ്.

ആത്മകഥാംശമുള്ള ഡോക്യുമെന്ററിയെക്കുറിച്ച് സുധീഷ് അഞ്ചല്‍ തന്നെ പറയട്ടെ:

''സിനിമയില്‍ നന്ദി മുതല്‍ സംവിധായകന്‍ വരെയുള്ളവരുടെ പേരു കാണിക്കുമ്പോള്‍ ഒരിക്കലും സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്നവരുടെ പേരു വരുന്നില്ല. പക്ഷേ, ഒരു ടൗണിലൂടെ പോകുമ്പോള്‍ പ്രധാനമായും ആളുകള്‍ നോക്കുന്നത് സിനിമയുടെ പോസ്റ്ററുകളായിരിക്കും. അതു കഴിഞ്ഞാണ് സിനിമയെക്കുറിച്ച് അറിയുന്നത് തന്നെ. എന്നാല്‍, സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്നവരെ കുറിച്ച് ആരും അറിയുന്നില്ല. അവരുടെ ജീവിതത്തെക്കുറിച്ച് ആരും പറഞ്ഞുകേട്ടിട്ടില്ല. അവര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതൊന്നും ആരും കേള്‍ക്കാറില്ല. അങ്ങിനെയുള്ള കാര്യങ്ങള്‍ എല്ലം ചേര്‍ത്താണ് ഞാന്‍ ഡോക്യുമെന്ററി തയ്യാറാക്കിയത്. ഒന്നര വര്‍ഷം കൊണ്ടാണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്.

ഈ വിഷയത്തില്‍ ഞാന്‍ നേരത്തെ ഒരു നോവല്‍ എഴുതിയിരുന്നു. അതിനുശേഷമാണ് ഡോക്യമെന്ററിയെക്കുറിച്ച് ചിന്തിക്കുന്നത്. സുരേഷ് ഗോപി, റസൂല്‍ പൂക്കുട്ടി, നിര്‍മാതാവ് സുരേഷ്‌കുമാര്‍ തുടങ്ങിയവരും പത്തോളം പോസ്റ്റര്‍ ഒട്ടിക്കല്‍ തൊഴിലാളികളും ഡോക്യുമെന്ററിയുടെ ഭാഗമായിട്ടുണ്ട്. ഞാന്‍ ഉള്‍പ്പെടുന്ന ഈ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ചെറുതും വലുതുമായ എട്ടോളം ചലച്ചിത്രമേളകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപേക്ഷിക്കാന്‍ വൈകി.'

നൂറ് രൂപയാണ് സുധീഷ് അഞ്ചലിന്റെ ഡോക്യുമെന്ററിയുടെ ഡി.വി.ഡി.യുടെ വില. ഇത് വിറ്റുകിട്ടിയിട്ടുവേണം പോസ്റ്റര്‍ ഒട്ടിക്കാത്ത ഈ ദിവസങ്ങളില്‍ നഷ്‌പ്പെട്ട വരുമാനം സുധീഷിന് ഉണ്ടാക്കാന്‍.