തിനഞ്ചാം വയസ്സില്‍ അച്ഛന്റെ ചുവടുപിടിച്ചാണ് ഗണപതി ആചാരി തിരുവനന്തപുരം പേരൂര്‍ക്കട അജന്ത ടാക്കീസിന്റെ പ്രൊജക്ടര്‍ മുറിയിലേയ്ക്ക് കയറിയത്. അവിടെ പ്രൊജക്ടര്‍ ഓപ്പറേറ്ററായിരുന്നു അച്ഛന്‍. റീല്‍ വെട്ടിയൊട്ടിച്ചും പ്രൊജക്ടര്‍ തിരിച്ചും ഗണപതിയും അച്ഛനൊപ്പം കൂടി. റീലും പ്രൊജക്ടറും അതിന്റെ കടകടശബ്ദവും അതില്‍ ചുറ്റിക്കറങ്ങി തിരശ്ശീലയില്‍ വിരിയുന്ന ചിത്രങ്ങളുമായി പിന്നെ ഗണപതിയുടെ ജീവിതം.

പഴയ റീലില്‍ പതിഞ്ഞ മുഖങ്ങള്‍ പലതും മണ്‍മറഞ്ഞു. ഓലടാക്കീസ് മള്‍ട്ടിപ്ലെക്‌സിന് വഴിമാറി. റീലും പ്രൊജക്ടറും ഡിസ്‌ക്കിനും ക്യൂബിനും വഴിമാറി. നാല്‍പത്തിയഞ്ച് വര്‍ഷത്തിനിടെ ഗണപതിയും കുറേ മാറി. പക്ഷേ, ഇപ്പോഴും പഴയൊരു പടം കാണിക്കണമെങ്കില്‍, പഴയ റീല്‍ പ്രൊജക്ടറിനെ ഒന്ന് മെരുക്കിയെടുക്കണമെങ്കില്‍ ഗണപതി തന്നെ വേണം. ലോകസിനിമ പെട്ടിയില്‍ നിന്ന് ക്യൂബിലേയ്ക്ക് മാറിയിട്ടും രാജ്യാന്തര ചലച്ചിത്രോത്സവേദിയില്‍ പ്രായം മറന്ന് സജീവമാണ് ഗണപതി.

സിനിമയ്ക്ക് ആളു കുറഞ്ഞപ്പോള്‍ പൂട്ടി പള്ളിയും കല്ല്യാണഹാളുമൊക്കെയായ ടാക്കീസുകളെപ്പോലെയല്ല ഗണിപതി ആചാരി. സിനിമാരംഗത്തെ മാറ്റങ്ങളോട് മുഖം തിരിച്ചിട്ടുമില്ല. റീലുകള്‍ മാറി സിനിമ ഡിജിറ്റലായപ്പോള്‍ പുതിയ സാങ്കേതികവിദ്യ പഠിക്കാന്‍ ഒട്ടും മടിച്ചില്ല ഗണപതി. തിരുവനന്തപുരം എല്‍.എല്‍. തിയ്യറ്ററില്‍ ജോലി ചെയ്യുമ്പോഴാണ് സിനിമാ പ്രദര്‍ശനത്തിന്റെ സാങ്കേതികവിദ്യ അടിമുടി മാറിയത്. ഗണപതി ഡിജിറ്റല്‍ വിദ്യ പഠിച്ചതും അവിടെ വച്ചാണ്. കഴിഞ്ഞ കുറേ കാലങ്ങളായി ഡിജിറ്റലായി തന്നെയാണ് ഗണപതി സിനിമ കാണിച്ചുകൊണ്ടിരിക്കുന്നത്.

ഈ പുത്തന്‍ സാങ്കേതിക മാറ്റം സിനിമയ്ക്കും തിയ്യറ്റര്‍ പ്രവര്‍ത്തകര്‍ക്കും ഏറെ ഗുണകരമായെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അര മണിക്കൂര്‍ മതി ഇപ്പോള്‍ ഒരു സിനിമ പ്രവര്‍ത്തിപ്പിക്കാന്‍. പണ്ടത്തെ പ്രൊജക്ടറാണെങ്കില്‍ ഒരു രണ്ട് ദിവസം അതിന്റെ ചുവട്ടില്‍ കുത്തിയിരിക്കണം-ഗണപതി പറയുന്നു. ഗണപതിക്ക് പില്‍ക്കാലത്ത് അല്‍പം മടുപ്പ് തോന്നാന്‍ കാരണം ഈ പണിയില്ലായ്മ തന്നെ. പണ്ടാണെങ്കില്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങിയാല്‍ തീരുന്നതു വരെ പ്രൊജക്ടറില്‍ കണ്ണു വേണം. ഇടയ്ക്ക് റീല മാറണം. പൊട്ടുന്നത് നോക്കണം. എണ്ണയിട്ടുകൊടുക്കണം. ഇപ്പോള്‍ സിനിമ ഇട്ടു കഴിഞ്ഞാല്‍ പിന്നെ ജോലിയൊന്നുമില്ല.

ഈ വിരസത കാരണമാണ് ഗണപതി പിന്നീട് ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിക്ക് കയറിയത്. അവിടെയും പ്രൊജക്ടറും ഫിലിമുമായുള്ള യാത്ര തന്നെ. പോര്‍ട്ടബിള്‍ 35 എം.എം. പ്രൊജക്ടറുമായി കേരളം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍, അടുത്തിടെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ വീണ്ടും പ്രൊജക്ടര്‍ മുറിയില്‍ കയറി ഗണപതി. പഴയ ചിത്രങ്ങള്‍ എവിടെ പ്രദര്‍ശിപ്പിച്ചാലും, പഴയ പ്രൊജക്ടര്‍ എവിടെ പ്രവര്‍ത്തിപ്പിച്ചാലും ഗണപതിയുടെ സഹായം വേണം. റീലും പഴയ പ്രൊജക്ടറുമെല്ലാം കൈകാര്യം ചെയ്തു ശീലിച്ചവര്‍ എറെയില്ല നാട്ടില്‍ എന്നതു തന്നെ കാരണം. പുതുതായി ആരും ഈ രംഗത്തേയ്ക്ക് ഏറെ കടന്നുവരുന്നുമില്ല. ഫിലിം സൊസൈറ്റികളാണ് ആവശ്യക്കാരില്‍ ഏറെയും. പിന്നെ, സൂര്യ ഫെസ്റ്റിവല്‍, കേരളത്തിന് പുറത്തുള്ള മലയാളി സമാജങ്ങള്‍.... പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ ചലച്ചിത്ര അക്കാദമിക്കും വേണം ഗണപതിയെ. ടാഗോറും കലാഭവനും കൈരളിയുമെല്ലാം ലോക സിനിമയുടെ ഉത്സവപ്പറമ്പാകുമ്പോള്‍ ഓരത്ത് ഓര്‍മകളുടെ ഓലമേഞ്ഞ കൊട്ടകയില്‍ ഗണപതിയും ഉണ്ടാകും. രണ്ട് പതിറ്റാണ്ടായി രാജ്യാന്തര ചലച്ചിത്രമേളയുമായുള്ള ഈ ബന്ധം തുടങ്ങിയിട്ട്. ടാഗോര്‍ തിയ്യറ്ററിലും മറ്റുമായി നൂറ്കണക്കിന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. അങ്ങിനെ സിനിമാലോകത്തെ ഒരുപാട് അണിയറ പ്രവര്‍ത്തകരുമായി അടുപ്പവുമായി.

ഇക്കുറി പന്ത്രണ്ട് സിനിമകളാണ് പഴയ റീലില്‍ പ്രദര്‍ശിപ്പിക്കുന്നത്. റീലുകളെയും പ്രൊജക്ടറിനെയുമെല്ലാം തൊട്ടും തലോടിയും മെരുക്കി തിരശ്ശീലയില്‍ കൈയടക്കം വന്ന ഒരു ശിക്ഷകനെപ്പോലെ അത്ഭുതങ്ങള്‍ കാട്ടുകയാണ് ഗണപതി ആചാരി. ഈ പാരമ്പര്യം കണ്ണിമുറിയാതെ നോക്കി ഗണപതിയുടെ മകനും അനിയനുമെല്ലാം പ്രൊജക്ടര്‍ ഓപ്പറേറ്റര്‍മാരായി സജീവമായുണ്ട്. പ്രൊജക്ടറില്‍ ഒരു വലിയ പാരമ്പര്യത്തിന്റെ റീല്‍ ഓടിക്കൊണ്ടേയിരിക്കുകയാണ്.