മാന്‍ഹോളിലൂടെ ആദ്യമായി അഭിനയരംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ഗൗരീദാസന്‍ നായര്‍. ഐ.എഫ്.എഫ്.കെയുടെ മത്സരവിഭാഗത്തില്‍ ഒരു മലയാളി സംവിധായികയുടെ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകത കൂടിയുള്ള മാന്‍ഹോള്‍ ജാതിവ്യവസ്ഥതയുടെ ജീര്‍ണതയാണ് ചര്‍ച്ച ചെയ്യുന്നത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു കമ്മീഷണറുടെ വേഷമാണ് ഗൗരീദാസന്‍ നായര്‍ ചെയ്തിരിക്കുന്നത്. 

മാന്‍ഹോളിന്റെ കരുത്ത് അത് കൈകാര്യം ചെയ്യുന്ന വിഷയമാണ്. വളരെ നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. ആളുകളുടെ മനസ്സിനെ സ്പര്‍ശിച്ചുവെന്ന് അറിയുന്നതില്‍ വളരെ സന്തോഷമുണ്ട്. ഗൗരീദാസന്‍ നായര്‍ പറയുന്നു. 

ഒരുപാട് ചര്‍ച്ച ചെയ്യുന്ന വിഷയത്തിനുള്ളിലേക്ക് ഒരു ജീവിതം കൊണ്ടുവരാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. ഒരു നിമിഷം പോലും അലസമായി കാണാന്‍ സമ്മതിക്കാതെ ഒപ്പം കൊണ്ടു പോകുന്ന മാന്‍ഹോള്‍ പുതിയ തലത്തില്‍ നിന്നെടുത്ത ചിത്രമാണ്. ഇത്തരം ഗൗരവുമുള്ള വിഷയങ്ങളും സിനിമക്ക് പശ്ചാത്തലമാക്കാന്‍ പറ്റുമെന്ന് മാന്‍ഹോളിലൂടെ വിധു വിന്‍സെന്റ് തെളിയിച്ചു.