ബിഗ് ബജറ്റില്‍ ഒരുക്കിയ ജയരാജിന്റെ വീരത്തിനും വിധു വിന്‍സെന്റിന്റെ റിയലിസ്റ്റിക് ചിത്രം മാന്‍ഹോളിനും തമ്മില്‍ ഒരു സമാനതയുണ്ട്. അപ്പു എന്‍ ഭട്ടതിരി എന്ന എഡിറ്ററുടെ കരസ്പര്‍ശമാണത്. കൂട്ടുകാര്‍ക്കുവേണ്ടി എഡിറ്റ് ചെയ്ത് എഡിറ്റ് ചെയ്ത് ഒരു മുഴുവന്‍ സമയ എഡിറ്ററായി മാറിയ അപ്പുവിന്റെ ചലച്ചിത്രമേളയിലെ അരങ്ങേറ്റ ചിത്രമാണ് മാന്‍ഹോള്‍. ഇതിന് മുന്‍പ് കോടികള്‍ വാരിയെറിഞ്ഞ് ദൃശ്യവിസ്മയമൊരുക്കിയ വീരത്തിലൂടെയാണ് അപ്പു ശ്രദ്ധ നേടുന്നത്. സിനിമയിലേയ്ക്കുള്ള വഴിയും വീരത്തിന്റെയും മാന്‍ഹോളിന്റെയും അനുഭവങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് അപ്പു.

ചലച്ചിത്രമേളയില്‍ ഞാന്‍ എഡിറ്റ് ചെയ്ത മാന്‍ഹോള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷം തോന്നു. ഐ.എഫ്.എഫ്.കെയുടെ മത്സരവിഭാഗത്തില്‍ എന്റെ ക്രെഡിറ്റ് വരുന്ന ആദ്യ ചിത്രമാണിത്. അതില്‍ സന്തോഷമുണ്ട്. ഗോസ്റ്റ് വര്‍ക്ക് ചെയ്ത സിനിമ ഇതിന് മുന്‍പ് വന്നിട്ടുണ്ട്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന സന്തോഷം വലുതാണ്. ഒരു സിനിമാപ്രവര്‍ത്തകനാവാന്‍ പണ്ടേ ആഗ്രഹിച്ചതാണ്. പഠിച്ചത് വിഷ്വല്‍ എഫക്റ്റ്‌സാണ്. അത് കഴിഞ്ഞ് ഉടനെ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അതുകഴിഞ്ഞ് സ്വന്തമായി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് കൂട്ടുകാര്‍ക്കൊപ്പം സ്‌ക്രിപ്റ്റുകളൊക്കെ ചെയ്തു. ഈ സമയം പണം ഉണ്ടാക്കാനായി കൂട്ടുകാരുടെ ചില വര്‍ക്കുകള്‍ എഡിറ്റ് ചെയ്തുകൊടുത്തു. ഒരാളോട് നോ പറയാത്തത് കൊണ്ട് പിന്നൊരു ഫ്രണ്ടിന് വേണ്ടിയും ചെയ്യേണ്ടിവന്നു. അങ്ങിനെ ഒരു പത്തമ്പത് സുഹൃത്തുക്കള്‍ക്കുവേണ്ടി ചെയ്യേണ്ടിവന്നപ്പോള്‍ ഞാനൊരു എഡിറ്ററായി.

വിഷ്വല്‍ ഇഫക്റ്റില്‍ പഠിച്ചത് ഏറ്റവും നന്നായി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് വീരത്തിലായിരുന്നു. അതില്‍ ഏതാണ്ട് എഴുന്നൂറ് വിഷ്വല്‍ ഇഫക്റ്റ്‌സ് ഷോട്ടുകള്‍ ഉണ്ട്. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ഇത്. അതൊരു വേറിട്ട അനുഭവമായിരുന്നു. ജയരാജ് സാറിനെ നേരത്തെ പരിചയമുണ്ട്. ഇത്രയും വലിയൊരു ചിത്രത്തില്‍ ഇപ്പോഴാണ് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. സാറ് നല്ല സ്വാതന്ത്ര്യം തരും. അതുകൊണ്ട് ആ സിനിമയില്‍ ജോലി ചെയ്യുന്നതും നല്ലൊരു അനുഭവമായിരുന്നു. ചിത്രത്തിന്  ഗോവയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നല്ല പ്രതികരണം കുറേ വന്നു. മോശപ്പെട്ട അഭിപ്രായവും ഞാന്‍ കേട്ടു. ഫെസ്റ്റിവലില്‍ ഉണ്ടാവുന്ന അഭിപ്രായമായിരിക്കണമെന്നില്ല തിയ്യറ്ററില്‍ നിന്ന് ലഭിക്കുന്നത്.

ഞാന്‍ കൂടെ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ സിനിമാപ്രവര്‍ത്തകയാണ് വിധു വിന്‍സെന്റ്. അതൊരു വേറിട്ട അനുഭവമായിരുന്നു. ഞാന്‍ ജോലി ചെയ്തതില്‍ ഒരു ആക്ടിവിസത്തിന്റെ സ്വഭാവമുള്ള സിനിമയും അതായിരിക്കും. ഷൂട്ടിങ് തീര്‍ന്ന സമയത്താണ് ഞാന്‍ വരുന്നത്. സാങ്കേതികതയേക്കാളും വൈകാരികാംശങ്ങള്‍ക്കാണ് അതില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്-അപ്പു ഭട്ടതിരി പറഞ്ഞു.