''കാതു മുറിച്ച് പ്രേമഭാജനത്തിന് കൊടുത്തിട്ട് 
കോമാളിയെപ്പോലെ 
ചോരയില്‍ കുളിച്ച് നിന്ന വാന്‍ഗോഗ്,
എന്റെ ലില്ലിച്ചെടിയില്‍ പൂത്ത പൂവ് 
നിന്റെ ഓര്‍മയ്ക്ക് ഞാനിറുക്കുന്നില്ല..''

കവി എ അയ്യപ്പന്റെ വാന്‍ഗോഗിനൊരു ബലിപ്പാട്ടിലെ ഈ വരികള്‍ തന്നെ മതിയാകും ഉന്മാദത്തിന്റെ വര്‍ണ വസന്തമുണര്‍ത്തിയ ആ ജീവിതത്തെ നമുക്ക് മനസിലാക്കാന്‍. 1991ല്‍ മോറിസ് പിയാലത്ത് സംവിധാനം ചെയ്ത 'വാന്‍ഗോഗ്' എന്ന ഫ്രഞ്ച് ചലച്ചിത്രം ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ് വിഭാഗത്തിലാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രം കാഴ്ചക്കാരെ നിരാശപ്പെടുത്തിയത് വെയില്‍ നിറങ്ങളുടെ മഹാചിത്രകാരന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ വളരെയധികം പ്രതീക്ഷ പുലര്‍ത്തിയതുകൊണ്ടാണ്.

വാന്‍ഗോഗിന്റെ അവസാനകാല ദിനങ്ങളെയാണ് സിനിമ അവതരിപ്പിക്കുന്നത്. മരണത്തിന് മുമ്പുള്ള അറുപത്തിയേഴ് ദിനങ്ങള്‍. മാനസികവും ശാരീരികവുമായി രോഗം തളര്‍ത്തിയ വാന്‍ഗോഗിന്റെ അവസാന നാളുകളിലെ സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍. കലാകാരന്മാരുടെ സുഹൃത്തും ചിത്രകലാസ്വാദകനുമായ ഡോ. ഗാഷേയുടെ പക്കല്‍ വാന്‍ഗോഗ് ചികിത്സയ്‌ക്കെത്തുന്നതു മുതല്‍ക്കാണ് ചിത്രം ആരംഭിക്കുന്നത്. 

ഡോക്ടറുകടെ മകള്‍ മാര്‍ഗരറ്റുമായുള്ള പ്രണയം വളരുന്നതും എന്നാല്‍ അതിലും വേഗത്തില്‍ തന്നെ മാനസികരോഗം വന്‍ഗോഗിന്റെ ജീവിതത്തെയാകെ തകിടം മറിക്കുന്നതുമാണ് കഥയിലുള്ളത്. ജീവിത്തോടുള്ള നിരാശ ജീവിക്കുന്നതിനോടുള്ള വിരക്തിയായി മാറുകയാണ്. വാന്‍ഗോഗിന്റെ സഹോദരന്‍ തിയോയുമായുള്ള സംഘര്‍ഷങ്ങളും ചിത്രത്തില്‍ പ്രമേയമാകുന്നു. കടുത്ത മദ്യപാനവും അരാജക ജീവിതവും വാന്‍ഗോഗിനെ സങ്കീര്‍ണതകളില്‍ നിന്ന് സങ്കീര്‍ണതകളിലേയ്ക്കാണ് എത്തിക്കുന്നത്.

ചെവിയറുത്ത് കാമുകിക്ക് നല്‍കിയ വാന്‍ഗോഗിനെ ചിത്രത്തില്‍ കാണിക്കുന്നില്ല. പകരം രണ്ട് ചെവിയുമുള്ള വാന്‍ഗോഗാണ്. വാന്‍ഗോഗിന്റെ മരണം ചിത്രീകരിച്ചിരിക്കുന്നത് പോലും ചലച്ചിത്ര സ്വഭാവത്തിലല്ല. വാന്‍ഗോഗ് ദിനാന്ത്യക്കുറിപ്പുകള്‍ എഴുതിയിരുന്നെങ്കില്‍ ഈ ചിത്രത്തേക്കാള്‍ ഹൃദ്യമാകുമായിരുന്നു. വാന്‍ഗോഗിന്റെ ഭ്രാന്തമായ സൗന്ദര്യത്തെയാകെ ചിത്രം മറച്ചുപിടിച്ചത് എന്തുകൊണ്ട് എന്ന ചിന്ത പ്രേക്ഷകനില്‍ ഉണ്ടാകും.

വാന്‍ഗോഗ് വരച്ച ചിത്രങ്ങളെ അവതരിപ്പിക്കുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ടോ എന്നതു വിമര്‍ശന വിധേയമാക്കാവുന്നതാണ്. വളരെയധികം ഇഴഞ്ഞു നീങ്ങിയ സംഭാഷങ്ങള്‍ കഥയുടെ നിരന്തര ആസ്വാദനത്തിന് ഭംഗം വരുത്തുന്നു. മനോവ്യാപാരങ്ങളും ആത്മസംഘര്‍ഷങ്ങളും കാമറയില്‍ പകര്‍ത്താനാകില്ലെന്ന വാദം സംവിധായകനെ വിമര്‍ശനങ്ങളുടെ ശരങ്ങളില്‍ നിന്ന് മുക്തനാക്കട്ടെ.