രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകത്താകമാനം നടന്ന കമ്യൂണിസ്റ്റ് വേട്ടയില്‍ ജയിലിലടയ്ക്കപ്പെട്ട മനുഷ്യന്റെ കഥയാണ് ദി റിട്ടേണ്‍ എന്ന സിങ്കപ്പുര്‍ സിനിമ പറയുന്നത്. പുതിയ ലോകം സ്വപ്‌നം കണ്ട് തന്റെ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്നതിനാലാണ് ലിം സൂണ്‍ വെന്‍ എന്ന അദ്ധ്യാപകന് ജയിലില്‍ കഴിയേണ്ടിവരുന്നത്. വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിനും ഭരണകൂട ഭീകരതയ്ക്കുമൊടുവില്‍ വൃദ്ധനായ വെന്‍ ജയില്‍ മോചിതനാവുകയാണ്. തിരികെ വീട്ടിലെത്തുന്ന വെന്‍ നേരിടുന്ന തിരിച്ചറിയലുകളാണ് ചിത്രത്തിന്റെ അടിസ്ഥാനം. 

സിങ്കപ്പുര്‍ വെന്‍ തിരിച്ചെത്തുമ്പോള്‍ അപ്പാടെ മാറിയിരിക്കുന്നു. വേഗതയേറിയ ജീവിതവും പരസ്പരം അന്യവത്കരിക്കപ്പെടുന്ന മനുഷ്യ ബന്ധങ്ങളും കഥാനായകനായ വെന്‍ കാണുന്നുണ്ട്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഉയര്‍ന്നതിനെപ്പറ്റി വെന്‍ ആശങ്കാകുലനാകുന്നത് അയാളുടെ രാഷ്ട്രീയ ആദര്‍ശത്തെ കാണിക്കുന്നു. നഗരത്തിലാകെ ചുറ്റിനടന്ന വെന്‍ തന്റെ ഭൂതകാല ഓര്‍മകളിലേയ്ക്ക് എത്തുന്നതും ചിത്രത്തിലുണ്ട്. അവിടെ വിപ്ലവകാരിയായ വെനിനെ നമുക്ക് കാണാന്‍ കഴിയുന്നു.

ലോകം മാറുമ്പോള്‍ ആദര്‍ശങ്ങളുടെ ഉറച്ച വേരുകളില്‍ മാറാതെ നില്‍ക്കുന്ന സാധാരണ മനുഷ്യന് തന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ ചിത്രം വ്യക്തമാക്കുന്നു. ഒപ്പം വെന്‍ എന്ന മനുഷ്യന്റെ ലാളിത്യപൂര്‍ണമായ ജീവിതവും. എന്നാല്‍ പലപ്പോഴും അലസമായ രംഗങ്ങളും ശക്തമായ ചേരുവകളുടെ അഭാവവും സനിമയുടെ പ്രകടനത്തിന് കുറവ് വരുത്തിയിരിക്കുന്നു. 

മകന്റെ മരണ ശേഷം വെന്‍ മകളോടൊപ്പം ഇംഗ്ലണ്ടിലേയ്ക്ക് പോകുവാന്‍ തയ്യാറല്ല എന്നാല്‍ ചിത്രം അവസാനിക്കുന്നത് വെനിന്റെ ജീവിതത്തെപ്പറ്റിയുള്ള യാതൊരു ധാരണയും കാഴ്ചക്കാരന് നല്‍കാതെയാണ്. ശക്തമായി ചിത്രീകരിക്കേണ്ട ആശയത്തെ ദുര്‍ബലമായി അവതരിപ്പിക്കുന്നതായി ചിത്രം പേക്ഷകന് അനുഭവപ്പെട്ടേക്കാം. 

പുതിയ സിങ്കപ്പുരിന്റെ നഗരഭംഗിയെ പൂര്‍ണതയോടെ അവതരിപ്പിക്കുന്നതിലും ചിത്രം പരാജയപ്പെട്ടു. ഗ്രീന്‍ സെങ് സംവിധാനം ചെയ്ത ചിത്രം ചലച്ചിത്രമേളിയില്‍ രാജ്യാന്തര മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.