വിവാഹേതര ബന്ധങ്ങളുടെ സങ്കീര്‍ണതകളും സൗന്ദര്യവും വിവരിക്കുന്ന തമിഴ് ചിത്രമാണ് റെവെലേഷന്‍സ്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് വിജയ് ജയപാല്‍ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൊല്‍ക്കത്ത നഗരമാണ് കഥയുടെ പശ്ചാത്തലം. 

മധ്യവയസ്‌കനും അയാളുടെ തളര്‍വാതം ബാധിച്ച അമ്മയും നഗരത്തില്‍ പുതുതായി എത്തുന്നു. പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ താമസിക്കുന്ന അയാള്‍ താഴത്തെ നിലയില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന ശോഭ എന്ന തമിഴ് സ്ത്രീയുമായി സൗഹൃദത്തിലാകുന്നു. അമ്മയെ പരിചരിക്കാനെത്തുന്ന ശോഭയുമായുള്ള അയാളുടെ ബന്ധം പ്രണയത്തിലേയ്ക്ക് നീങ്ങുമ്പോള്‍ അയാള്‍ അതില്‍ നിന്ന് അകലാന്‍ ശ്രമിക്കുന്നു.

അമ്മയുടെ മരണശേഷം താന്‍ ആരാണെന്ന സത്യം ശോഭയോട് അയാള്‍ വെളിപ്പെടുത്തുകയാണ്. താന്‍ കല്യാണി എന്ന എഴുത്തുകാരണനാണെന്നും തന്റെ അമ്മയല്ല തന്റെ ഭാര്യയുടെ അമ്മയാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ഭാര്യയെ താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നും അവള്‍ അയാളില്‍ നിന്ന് അറിയുന്നു. 

ശോഭയുടെ ഭര്‍ത്താവായ യുവ പത്രപ്രവര്‍ത്തകനുണ്ടാകുന്ന മറ്റ് ബന്ധത്തിലൂടെയും ചിത്രം സഞ്ചരിക്കുന്നു. വിവാഹേതര ബന്ധങ്ങളിലെ ശരി തെറ്റുകളിലെ വിശകലനത്തിലേയ്ക്ക് കാഴ്ചക്കാരനെ നയിക്കുന്ന മനോഹരമായ സിനിമയാണ് റെവെലേഷന്‍സ്. ഒപ്പം കൊല്‍ക്കത്ത നഗരത്തിലെ ഏകാന്തതയും ചിത്രം അനാവരണം ചെയ്യുന്നു. വിവാഹം എന്ന വ്യവസ്ഥ മനുഷ്യബന്ധങ്ങളില്‍ ഏല്‍പ്പിക്കുന്ന മുറിവുകളും അടിച്ചേല്‍പ്പിക്കപ്പെടുന്ന സദാചാരം സ്‌നേഹബന്ധങ്ങളിലേയ്ക്ക് കടന്നുകയറുന്നതുമൂലമുണ്ടാകുന്ന ദുരന്തങ്ങളുമാണ് ചിത്രം പറഞ്ഞു നിര്‍ത്തുന്നത്. 

നിശബ്ദത പോലും സംസാരിക്കുന്ന ചിത്രം മികച്ച കലാമൂല്യമുള്ളത് തന്നെയാണ്. എന്നിരുന്നാലും സാദാചാര നിയമങ്ങളുടെ ചരടില്‍ പിന്നെയും മനുഷ്യ ജീവിതത്തെ കുരുക്കാന്‍ ശ്രമിക്കുന്നു എന്നത് ചിത്രത്തെ വിമര്‍ശന വിധേയമായി സമീപിക്കുവാനുതകുന്നതാണ്. ലക്ഷ്മി, പ്രിയാ ചന്ദ്രമൗലി, അനന്തരാമന്‍ കാര്‍ത്തിക്, അര്‍പ്പിതാ ബാനര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.