യാഥാര്‍ഥ്യവും ഭാവനയും ഊടും പാവും നെയ്ത ചലച്ചിത്ര ഭാഷയിലൂടെ ചിലിയുടെ എക്കാലത്തെയും വലിയ ബിംബങ്ങളിലൊരാളായ പാബ്ലോ നെരൂദയുടെ കഥ പറയുകയാണ് അതേപേരിലുള്ള സിനിമയിലൂടെ രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സംവിധായകരിലൊരാളായ പാബ്ലോ ലാറൈന്‍. കവി, രാഷ്ട്രീയക്കാരന്‍, കമ്യൂണിസ്റ്റ് സഹയാത്രികന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെട്ട നെരൂദയുടെ പാലായന കാലത്തെ ഒരേടാണ് ചലച്ചിത്രമാക്കിയിരിക്കുന്നത്. 

കഥ നടക്കുന്നത് 1940കളുടെ അവസാന പകുതിയിലാണ്. ഗബ്രിയിയേല്‍ ഗോണ്‍സാലസ് വിദെലെയുടെ ഏകാധിപത്യ ഭരണത്തെ തന്റെ പേന കൊണ്ടെതിര്‍ത്ത നെരൂദ അദ്ദേഹത്തിന്റെ അപ്രീതിയ്ക്ക് പാത്രമാകുന്നു. 

''ഈ മുറിയിലെ വിഡ്ഢികളെല്ലാം ചേര്‍ന്ന തിരഞ്ഞെടുത്ത പ്രസിഡന്റാണ് അയാള്‍'' നെരൂദ പറയുന്നു. നെരൂദയുടെ ജനപ്രീതിയില്‍ അസ്വസ്ഥനായ വിദലെ അദ്ദേഹത്തെ പിടികൂടി തേജോവധം ചെയ്യാന്‍ ഓസ്‌കാര്‍ പെലൂഷിനോ എന്ന പോലീസുകാരനെ നിയോഗിക്കുന്നു. പെലൂഷിനെ സംബന്ധിച്ചടുത്തോളം നെരൂദ എന്ന ''കൊടും കുറ്റവാളി'യുടെ അറസ്റ്റ് ഉല്‍ക്കടമായ ഒരാഗ്രഹമായി മാറുന്നു. നെരൂദയുടെ അറസ്റ്റ് പ്രസിഡന്റിനെ അറിയിക്കുന്നതായുള്ള  സംഭാഷണം ഇയ്ക്കിടെ അയാളുടെ ഭാവനയില്‍ വരുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരം ചിലിയില്‍ നിന്ന പാലായനം ചെയ്യാന്‍ ശ്രമിക്കുന്ന നെരൂദയെ അയാള്‍ പിന്തുടരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങലെ യാഥാര്‍ത്ഥ്യവും ഭാവനയും കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ലോറൈന്‍. തിരശീലയിലെ മിന്നിമറയുന്ന ഓരോ രംഗങ്ങളും സത്യമോ മിഥ്യയോ എന്ന തിരിച്ചറിയാനാകാത്ത വിധം ഇടകലര്‍ത്തി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണ വിജയമാണ്.  

കാവ്യാത്മക സംഭാഷങ്ങളിലൂടെ, രസച്ചരട് പൊട്ടാത്ത തിരക്കഥയിലൂടെ നെരൂദ എന്ന മനുഷ്യന്റെയും എഴുത്തുകാരന്റെയും വ്യത്യസ്ഥ തലങ്ങള്‍ അനാവരം ചെയ്തിരിക്കുകയാണ് ഗിലര്‍മോ കാള്‍ഡറോണ്‍ എന്ന തിരക്കഥാകൃത്ത്. വിദലെയുടെ ചിലിയിലെ സ്വേച്ഛാ ഭരണത്തിനെതിരെയുള്ള ഈ പ്രതിഷേധ രാഷ്ട്രീയവും കമ്യൂണിസ്റ്റ് വേട്ടയുമാണ് ചിത്രത്തിന്റെ അടിസ്ഥാന ആഖ്യാനമെങ്കിലും സിംഹഭാഗവും നെരൂദ എന്ന മനുഷ്യനെ വായിക്കുന്ന കഥാകഥനത്തിന്റെ ശൈലിയാണ് പിന്‍പറ്റുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.