രുപത്തി ഒന്നാമത് ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്‌സ്. ജയന്‍ ചെറിയാന്റെ പാപ്പിലിയോ ബുദ്ധയെപോലെ ശക്തമായ ഒരു രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന ഒരു സിനിമ.

ചിത്രത്തിന്റെ പ്രദര്‍ശനം നിഷേധിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദ സംവാദങ്ങളുമെല്ലാം സിനിമാസ്വാദകര്‍ക്കിടയില്‍ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷയുണ്ടാക്കിയിരുന്നു എന്നതിന് തെളിവാണ് ചലച്ചിത്രമേളയില്‍ നടന്ന കാ ബോഡിസ്‌കേപ്‌സിന്റെ ആദ്യ പ്രദര്‍ശനത്തിനെത്തിയ കാണികളുടെ തിരക്ക്.

സ്വവര്‍ഗാനുരാഗികളായ ഹാരിസ്, വിഷ്ണു എന്നിവരുടെയും ഇവരുടെ സുഹൃത്ത് സിയയുടെയും കഥയാണ് കാ ബോഡിസ്‌കേപ്‌സ്. സ്വവര്‍ഗാനുരാഗികളില്‍ ഒരാള്‍ മുസ്ലീം മതസ്ഥനും പുരോഗമനവാദിയും ചിത്രകാരനും ആവുന്നതും മറ്റേയാള്‍ ഹിന്ദുവും ഒരു ഹൈന്ദവ സംഘടനയിലെ അംഗമാവുന്നതും സമൂഹത്തിലെ സദാചാര രാഷ്ട്രീയത്തോടുള്ള നിശിതവിമര്‍ശനത്തിന്റെ ഭാഗമായാണെന്ന് കരുതാം.

സമൂഹത്തിലെ പുരുഷമേധാവിത്വബോധത്തിനെതിരെയും സ്ത്രീകളോടുള്ള അവഗണനകളോടും ഒന്നിച്ചുപോവാന്‍ ഇഷ്ടപ്പെടാത്തവളും അതിനെതിരെയെല്ലാം ശബ്ദമുയര്‍ത്തുന്നവളുമാണ് സിയ. 

കാ ബോഡിസ്‌കേപ്‌സ് എന്ന പേരില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാനാണ്  ചിത്രകാരനായ ഹാരിസിന്റെ ലക്ഷ്യം. സ്വവര്‍ഗ പ്രണയത്തെ വിഷയമാക്കിയുള്ള ഈ ചിത്രങ്ങള്‍ക്ക് മോഡലാവുന്നത് വിഷ്ണുവാണ്. ഹൈന്ദവ രാഷ്ട്രീയ സംഘടനയുടെ ദിനപത്രത്തിലെ മേധാവിയായ വിഷ്ണുവിന്റെ അമ്മാവന്‍ ഇവരുടെ ഈ സൗഹൃദത്തിന് എതിരാണ്. എതിര്‍പ്പുകൾ അവഗണിച്ചാണ് വിഷ്ണു ഹാരിസിനൊപ്പം നില്‍ക്കുന്നത്..

സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വാതന്ത്ര്യത്തോടെ ഈ ലോകത്ത് ജീവിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. അതിന് വിലങ്ങുതടിയാകുന്നത് അവരുടെ ചുറ്റുപാടുകളാണ്. 

കഴിഞ്ഞ കാലങ്ങളില്‍ സമൂഹത്തില്‍ ഉണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങളെയും സ്ഥിതിവിശേഷങ്ങളെയും പുനരാവിഷ്‌കരിച്ചിട്ടുണ്ട് സംവിധായകന്‍ ഈ ചിത്രത്തില്‍. അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മനുഷ്യാവകാശപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ആകയാല്‍ അവര്‍ക്കെല്ലാം നേരിടേണ്ടിവന്നിട്ടുള്ള പലവിധം അനുഭവങ്ങളേയും ഈ ചിത്രത്തിലെ പല സന്ദര്‍ഭങ്ങളും പ്രതിനിധീകരിക്കുന്നുണ്ടെന്ന് സംവിധായകന്‍ തന്നെ പറയുന്നു.

മത യാഥാസ്ഥിതികതയ്തക്കെതിരാണ് ഈ ചിത്രം. സ്ത്രീ-പുരുഷ ബന്ധങ്ങളോടും സ്വവര്‍ഗ ബന്ധങ്ങളോടുമുള്ള സമൂഹത്തിന്റെ ധാരണകളും സദാചാരബോധവും ചിത്രത്തില്‍ വിമര്‍ശന വിധേയമാകുന്നു. തുറന്ന പ്രതിഷേധവും രാഷ്ട്രീയ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നതിനാല്‍ തന്നെയാണ് ജയന്‍ ചെറിയാന്റെ ഈ ചിത്രവും വിവാദങ്ങളില്‍ പെട്ടതെന്നത് വ്യക്തമാണ്. 

വിഷ്ണുവിനെ അവതരിപ്പിച്ച രാജേഷ് കണ്ണനും ഹാരിസിനെ അവതരിപ്പിച്ച ജേസണ്‍ ജേക്കബും സിയയെ അവതരിപ്പിച്ച നസീറയും  മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ ശബ്ദലേഖനവും ഏറെ മികച്ചു നില്‍ക്കുന്നു.