ച്ഛനും മകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണ് ഗ്രാജ്വേഷന്‍. മകളുടെ ഭാവിയില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന അച്ഛന്റെ കഥയാണ്. എന്നാല്‍ മകള്‍ക്കുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് അച്ഛന്‍ ആശങ്കാകുലനാകുന്നു. ട്രാന്‍സില്‍വാനിയയിലെ മലയോരഗ്രാമത്തിലാണ് കഥ നടക്കുന്നത്. തന്റെ മകളെ ബിരുദ പഠനത്തിനായി കേംബ്രിഡ്ജിലേയ്ക്ക് അയക്കുവാന്‍ ആഗ്രഹിക്കുകയാണ് റോമിയോ ആല്‍ഡിയ എന്ന ഡോക്ടര്‍. സ്‌കൂളിന് പുറത്തുവച്ച് ഒരിക്കല്‍ അജ്ഞാതനാല്‍ ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടി മാനസികമായി തകരുകയാണ്. 

ബലാത്സംഗത്തിന് ഇരയായി എന്ന തരത്തില്‍ പലരും ആ കുടുംബത്തോട് പെരുമാറുന്നു. ആക്രമണത്തിന്റെ ആഘാതം പെണ്‍കുട്ടിയെ വിട്ടുമാറുന്നില്ല. അവളുടെ പഠനത്തെയും അത് സാരമായി ബാധിക്കുന്നു. എന്നാല്‍ മകളുടെ മാനസിക സംഘര്‍ഷത്തെക്കാള്‍ ചലച്ചിത്രകാരന്‍ അവതരിപ്പിക്കുന്നത് പെണ്‍കുട്ടിയുടെ അച്ഛനായ റോമിയോ ആല്‍ഡിയക്ക് മകളെക്കുറിച്ചുള്ള ഉത്കണഠയാണ്. 

സഹപാഠിയായ ചെറുപ്പക്കാരനുമായുള്ള മകളുടെ സൗഹൃദം റോമിയോ ആല്‍ഡിയ എതിര്‍ക്കുന്നു ഇതിനിടെ അച്ഛന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അറിയുന്ന മകള്‍ എലിസ അച്ഛന്റെ വാക്കുകള്‍ കേള്‍ക്കാതാകുന്നതും അച്ഛനിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

ഒരു ദുരന്തം സാധാരണ കുടുംബത്തിന് ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിലൂടെ സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന കഥ കാഴ്ചക്കാരന് മടുപ്പുളവാക്കുന്നു. മകളുടെ പഠനത്തെ പ്രശ്‌നങ്ങള്‍ ബാധിക്കുന്നു എന്ന ചിന്ത അധ്യാപകരെ സ്വാധീനിച്ച് മകള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നേടിക്കൊടുക്കാന്‍ റോമിയോ ആല്‍ഡിയ ശ്രമിക്കുന്നു. തന്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നത് അയാളെ കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. എന്നാലും ശുഭപ്രതീക്ഷ നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. 

ക്രിസ്റ്റ്യന്‍ മുങ്യു സംവിധാനം, തിരക്കഥ, നിര്‍മ്മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്ന റൊമേനിയനന്‍ ചിത്രമായ ഗ്രാജ്വേഷന്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോകസിനിമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.