നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും അതിലെ വിധിയുടെ ഭാഗധേയവും ദൃശ്യചാരുതയുടെ അകമ്പടിയോടെ ചാലിച്ചെഴുതിയ കാവ്യമായിരുന്നു മുസ്തഫാ കാരായുടെ കോള്‍ഡ് ഓഫ് കലന്ദര്‍. കരിംകടലിന് സമീപമുള്ള ഒരു പര്‍വത പ്രദേശത്തെ ഗ്രാമത്തില്‍ തന്റെ കുടുംബത്തോടൊപ്പം കഴിയുന്ന മെഹ്മദിന്റെ അതിജീവനത്തിനായുള്ള പരക്കംപാച്ചിലിന്റെ കഥയാണിത്. ഒട്ടേറെ സ്വപ്ങ്ങളുണ്ട് അയാള്‍ക്ക് വീട് പുതുക്കി പണിയണം, അസുഖ ബാധിതനായ ഇളയ മകന് ചികിത്സ ലഭ്യമാക്കണം, കടങ്ങള്‍ വീട്ടണം... 

ഖനിയിലെ തന്റെ തൊഴില്‍ ഉപേക്ഷിച്ച് ധാതുഖനി കണ്ടെത്താനുള്ള കഠിന പ്രയത്‌നത്തിലാണയാള്‍. അതിനിടെ തന്റെ കാളയെ കാളപ്പോരിനയച്ച് സൗഭാഗ്യങ്ങള്‍ കൊയ്യാനും മെഹ്മദ് വിഫലമായ ഒരു ശ്രമം നടത്തുന്നു. കാണാതാകുന്ന തന്റെ കാളയെ അന്വേഷിച്ച് പുറപ്പെടുന്ന അയാള്‍ക്കായി വിധി കരുതി വച്ചത് മറ്റൊന്നാണ്. ഈ അപ്രതീക്ഷിത ക്ലൈമാക്‌സിലാണ് ചിത്രം അവസാനിക്കുന്നത്. 

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ടാഗോര്‍ തിയ്യറ്ററില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനിടെ ഉയര്‍ന്ന കയ്യടികള്‍ തിരക്കഥാമികവിനും ദൃശ്യ ചാരുതയ്ക്കുമുള്ള അംഗീകാരങ്ങളായിരുന്നു. തീര്‍ച്ചയായും മേളയില്‍ കണ്ടിരിക്കേണ്ട ചിത്രമാകുന്നു കോള്‍ഡ് ഓഫ് കലന്ദര്‍.