സ്ത്രീമനസുകളുടെ വിഹ്വലതകള്‍ തനിമയോടെയും വ്യക്തതയോടെയും അവതരിപ്പിച്ച ചിത്രമാണ് രാജ്യാന്തര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ക്ലെയര്‍ ഒബസ്‌ക്യൂര്‍ എന്ന ചലച്ചിത്രം. ആധുനിക തുര്‍ക്കി സംവിധായകരില്‍ ശ്രദ്ധേയയായ യെസിം ഉസ്താവോഗ്ലു രണ്ട് സ്ത്രീകളുടെ ജീവിതമാണ് സിനിമയ്ക്ക് പാത്രമാക്കിയിരിക്കുന്നത്. ഷെഹനാസ് എന്ന മന:ശാസ്ത്രജ്ഞയുടെയും എല്‍മാസ് എന്ന കൗമാരക്കാരിയായ വിവാഹിതയായ പെണ്‍കുട്ടിയുടെയും.

വിവാഹ ബന്ധങ്ങളിലെ അസ്വസ്ഥതകളും പൊരുത്തക്കേടുകളും രണ്ട് സ്ത്രീമനസുകളിലൂടെയുള്ള സഞ്ചാരത്തിലൂടെ സംവിധായിക വരച്ചുകാട്ടുന്നു. 

സ്ത്രീ സ്വാതന്ത്ര്യം, അടിച്ചമര്‍ത്തലുകള്‍ എന്നിവ മുഖ്യ ചര്‍ച്ചയാകുന്ന സിനിമ തുര്‍ക്കിയുടെ ഗാര്‍ഹികാന്തരീക്ഷത്തില്‍ സ്ത്രീകളുടെ അഭിലാഷങ്ങള്‍ക്കും വിചാര വികാരങ്ങള്‍ക്കുമുള്ള സ്ഥാനത്തെപ്പറ്റിയുള്ള ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. സിനിമ അവതരിപ്പിക്കുന്ന സ്ത്രീകളില്‍ താരതമ്യേന സ്വതന്ത്രയാണ് ഷെഹനാസ്. മറ്റൊരിടത്ത് ജോലി ചെയ്യുന്ന അവളുടെ ഭര്‍ത്താവുമായുള്ള വൈവാഹിക ബന്ധം വൈകാരികമായി അവളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. 

നേരെ മറിച്ച് എല്‍മാസ് ചെറിയ പ്രായത്തില്‍ തന്നെക്കാള്‍ വളരെ പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിക്കേണ്ടി വന്നവളാണ്. ഭര്‍തൃഗൃഹത്തില്‍ വളരെയധികം അടിച്ചമര്‍ത്തലുകള്‍ സഹിക്കേണ്ടിവരുന്നുണ്ട് അവള്‍ക്ക്. കിടപ്പറയില്‍ പോലും ഭര്‍ത്താവിന്റെ ലൈംഗിക തൃഷ്ണ അവളുടെ കരച്ചിലുകളെ നിശബ്ദയാക്കുന്നു. രഹസ്യമായി സിഗരറ്റ് പുകച്ചും ചില പിറുപിറുക്കലുള്‍ നടത്തിയും മാത്രമാണ് അവള്‍ പ്രതിരോധിക്കുന്നത്. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും മരണത്തിന് ശേഷം മനോനില തകര്‍ന്ന എല്‍മാസ് ഷെഹനാസിന്റെ ആസ്പത്രിയില്‍ എത്തുന്നു. ഷെഹനാസാകട്ടെ ഭര്‍ത്താവില്‍ നിന്ന് അകലേയ്ക്ക് പൊയ്‌ക്കൊണ്ടുമിരിക്കുന്നു. 

വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്ന് വന്ന സ്ത്രീകളുടെ സമാനതകളിലൂടെ സംവിധായിക പറയാന്‍ ശ്രമിക്കുന്നത് തുര്‍ക്കിയിലെ യാഥാസ്ഥിതിക കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഒരുപോലെയാണ് എന്നുതന്നെയാണ്. സിനിമ അവസാനിക്കുന്നത് അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളിലൂടെയാണ്.

എല്‍മാസിനെ അവതരിപ്പിച്ച എസെം യൂസെന്റെ ഭാവാഭിനയ പ്രകടനം ചിത്രത്തിന്റെ പ്രത്യേക ആകര്‍ഷണീയതകളിലൊന്നാണ്.