കുടിയൊഴിപ്പിക്കലിന്റെ കഥയാണ് അക്വേറിയസ് എന്ന ചിത്രം പറയുന്നത്. സംഗീത നിരൂപകയായ അറുപത്തിഞ്ച്കാരി ക്ലാര താമസിക്കുന്ന ഇരുനില അപ്പാര്‍ട്ട്‌മെന്റിലെ എല്ലാ വീടുകളും വാങ്ങിയ കണ്‍സ്ട്രക്ഷന്‍ കമ്പനി ക്ലാരയുടെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതാണ് കഥ. അതിനെതിരെയുള്ള ക്ലാരയുടെ ഇടപെടലുകളും ചെറുത്തുനില്‍പ്പുകളുണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മുതലാളിത്തം പേടിപ്പെടുത്തി പിടിച്ചുപറിക്കുകയല്ല പകരം ഇക്കിളിപ്പെടുത്തി തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന പ്രൊഫ. എം.എന്‍. വിജയന്റെ  നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് നമുക്ക് ഈ ബ്രസീലിയന്‍ ചിത്രത്തില്‍ കാണാന്‍ കഴിയും. പ്രകോപിതരാകാതെ കോര്‍പ്പറേറ്റ് നിര്‍മാണ കമ്പനി ക്ലാരെ ഒഴിപ്പിക്കാന്‍ ഒരുപാട് കുതന്ത്രങ്ങള്‍ നടത്തുകയാണ്. മുതലാളിത്തത്തിന്റെ ലാഭേച്ഛയുടെ വികൃത മുഖം ചിരിയ്ക്ക് പിന്നിലൊളിപ്പിക്കുന്ന ചിത്രം മനോഹരമായിത്തന്നെ അവതരിപ്പിക്കുന്നു. 

കുടിയൊഴിപ്പിക്കലിന് പരിഹാരമായി ഭരണകൂടവും കോര്‍പ്പറേറ്റുകളും കാണുന്ന പുന:രധിവാസത്തിനും നഷ്ടപരിഹാരത്തനുമപ്പുറം മനുഷ്യ പരിസ്ഥിതിയോട് അവനുള്ള അടുപ്പവും അനുതാപവും ചിത്രീകരിക്കുകയാണ് സിനിമ. പൂര്‍വകാലങ്ങളിലെ ഓര്‍മകളോട് താന്‍ ജീവിക്കുന്ന ഇടത്തിനുള്ള ബന്ധവും കഥയിലുണ്ട്. വാര്‍ധക്യത്തിന്റെ നിരാശകളും ആഘോഷങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും പലപ്പോഴും ദീര്‍ഘ സംഭാഷണങ്ങള്‍ കാഴ്ചക്കാരന് വിരസതയുണ്ടാക്കും. 

രംഗസൗന്ദര്യത്തിന് സിനിമ വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെങ്കിലും പരമ്പരാഗത സിനിമാ സങ്കല്‍പ്പങ്ങളുടെ ചട്ടക്കൂടിന് പുറത്താണ് ചിത്രം അവസാനിക്കുന്നത്. കൃത്യമായ പ്രശ്‌ന പരിഹാരമോ വിരാമത്തിനുള്ള സാധ്യതയോ നല്‍കുന്നില്ല. അതിനാല്‍ തന്നെ ജീവിതത്തിന്റെ പ്രശ്‌നപൂര്‍ണമായ ചില യാഥാര്‍ഥ്യങ്ങള്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് കാണാം. പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരത്തിലേയ്ക്ക് എന്ന പ്രവണതയില്‍ നിന്ന് ചിത്രം പൂര്‍ണമായും മാറിനിന്ന് വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് പ്രത്യേകതയും.

കോര്‍പ്പറേറ്റ് മേല്‍ക്കോയ്മക്കെതിരെയുള്ള ചിത്രം എന്ന നിലയ്ക്ക് രാഷ്ട്രീയമയ സമീപനം ചിത്രം നടത്തുന്നില്ല. പക്ഷെ സാധാരണക്കാരിയായ ഒരു സ്ത്രീയുടെ ചെറുത്തുനില്‍പ്പ് പ്രമേയമാക്കുന്നതിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം പറയാതെ പറയുന്നുമുണ്ട്. ക്ലെബെര്‍ മെന്‍ഡോണ്‍സാ ഫിലോ സംവിധാനം ചെയ്ത ചിത്രം ലോക സനിമാ വിഭാഗത്തിലാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.