ജീവിത വീക്ഷണത്തിലെ വ്യത്യസ്തത സര്‍വ്വ സാധാരണമാണ്. സമീപനത്തിലെ വ്യത്യസ്തത ചിലര്‍ക്ക് ജീവിതം ലളിതമാക്കുന്നു. കടുത്ത പ്രതികൂലവസ്ഥയിലും കുലുങ്ങാതെ വിധിയെ സ്വീകരിച്ച് ചിരിച്ചുകൊണ്ട് അവര്‍ മുന്നോട്ട് പോകുന്നു. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ കാലിടറുകയും ചെയ്യുന്നു.

ഭാര്യയില്‍ നിന്ന് വേര്‍പ്പെട്ട് ജീവിക്കുന്ന ഒരു ഡിറ്റക്ടീവിന്റെയും പ്രായമായ അയാളുടെ അമ്മയുടെയും കഥയാണ് ഹിരോ കാസു  കൊറേഡ സംവിധാനം ചെയ്ത ആഫ്റ്റര്‍ ദ സ്റ്റോം എന്ന ജാപ്പനീസ് ചിത്രം പറയുന്നത്. ചൂതുകളിയിലുള്ള കമ്പം മൂലം തന്റെ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാന്‍ പോലും വിഷമിക്കുകയാണയാള്‍. അതേ സമയം ഭാര്യക്ക് പുതിയ കാമുകന്‍ ഉണ്ടായ കാര്യം അയാളെ അലോസരപ്പെടുത്തുന്നുണ്ട്. 

കൊടുങ്കാറ്റുള്ള ഒരു രാത്രിയില്‍ സാഹചര്യവശാല്‍ ഭാര്യക്കും  മകനും അയാള്‍ക്കൊപ്പം കഴിച്ചു കൂട്ടേണ്ടി വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ജീവിത ബന്ധങ്ങളുടെ ആഴവും തീവ്രതയും നൈമിനിഷികതയും ലാളിത്യവുമൊക്കെ മിന്നി മറയുന്ന ചിത്രം ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളില്‍ ശക്തവും സുന്ദരവുമായ ഒരു ഇതിവൃത്തം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഹിരോ കാസു.