തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകളൊക്കെ മികച്ചതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എല്ലാവരും ഓടി നടന്ന് നാലോ അഞ്ചോ സിനിമകള്‍ തന്നെ ഒരു ദിവസം കാണുന്നുമുണ്ട്. എന്നാല്‍ ഈ സിനിമകളൊക്കെ യാഥാര്‍ത്ഥ്യമാക്കിയ, സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ലൂമിയര്‍ ബ്രദേഴ്സിനെ ചലച്ചിത്ര മേളക്കെത്തിയ അധിക പേര്‍ക്കും അറിയില്ല.
നെഹ്റു വിചാര്‍ വേദി ടാഗോര്‍ തിയേറ്ററിനരികില്‍ നടത്തിയ 'ഇദ്ദേഹത്തെ തിരിച്ചറിയാമോട എന്നൊരു മത്സരം സംഘടിപ്പിച്ചപ്പോഴാണ് പലര്‍ക്കും ലൂമിയര്‍ ബ്രദേഴ്സിനെ അറിയില്ലെന്ന് മനസ്സിലായത്. പ്രശസ്തനായ ഒരു വ്യക്തിയുടെ ഫോട്ടോ കാണിച്ച് അത് ആരാണെന്ന് പറയുക എന്ന മത്സരമാണ് സംഘടിപ്പിച്ചത്. ശരിയുത്തരമെഴുതി ബാനറിന് തൊട്ടരികില്‍ വെച്ചിരിക്കുന്ന പെട്ടിയിലിടണമെന്നായിരുന്നു മത്സരത്തിന്റെ നിബന്ധന.
എന്നാല്‍ ഫോട്ടോയിലുള്ള വ്യക്തി ലൂമിയറാണെന്ന് തിരിച്ചറിയാന്‍ പലരും പ്രയാസപ്പെട്ടെന്ന് നെഹ്റു വിചാര്‍ വേദി പ്രവര്ത്തകന് പറയുന്നു. ഫോട്ടോ നോക്കി ചിലര്‍ ഗൂഗിള്‍ ചെയ്തു നോക്കുന്നു. മറ്റു ചിലര്‍ ഫോട്ടോയെടുത്ത് വാട്സആപ്പ് ചെയ്തു കൊടുക്കുന്നു. അധികപേരും ഉത്തരമായി എഴുതിയിട്ടത് ഐന്സ്റ്റീന്, നസ്റുദ്ദീന്‍ ഷാ എന്നൊക്കെയായിരുന്നു. അവസാനം ഉത്തരം കണ്ടെത്തിയ അഞ്ചു പേര്‍ക്ക് നെഹ്റു വിചാര്‍ വേദി സമ്മാനം നല്‍കുകയും ചെയ്തു.