തിരുവനന്തപുരം: പ്രേക്ഷക ഹൃദയം കവര്‍ന്ന ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരങ്ങള്‍ തൂത്തുവാരി. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവുമാണ് മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രം നേടിയത്. ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ചിത്രമാണ് ക്ലാഷ്. പ്രേക്ഷകരുടെ ആവശ്യാര്‍ഥം അഞ്ച് തവണയാണ് ക്ലാഷ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

 ഐ. എഫ്. എഫ്.കെ.യുടെ മത്സരവിഭാഗത്തില്‍ സാന്നിധ്യമറിയിച്ച വനിതയായ വിധു വിന്‍സെന്റിന്റെ ചിത്രം മാന്‍ഹോളും രണ്ട് അവാര്‍ഡുകള്‍ നേടി. കക്കൂസ് കുഴി തോണ്ടുന്നവരുടെ ജീവിതാവസ്ഥ ചിത്രീകരിച്ച മാന്‍ഹോള്‍ മികച്ച നവാഗത സംവിധായികയ്ക്കും മികച്ച  മലയാള ചിത്രത്തിനുമുള്ള ഫിപ്രസി അവാര്‍ഡുമാണ് നേടിയത്.

manhole

മികച്ച സംവിധായകനുള്ള രജത ചകോരം ക്ലെയര്‍ ഒഒബ്‌സ്‌ക്യുര്‍ സംവിധാനം ചെയ്ത യെസിം ഉസ്‌തോഗ്‌ലു കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം വെയര്‍ഹൗസഡ് കരസ്ഥമാക്കി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കോള്‍ഡ് ഓഫ് കലന്ദറും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം  രാജീവ് രവിയുടെ കമ്മട്ടിപ്പാടവും സ്വന്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. മന്ത്രിമാരായ എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ എന്നിവരും സംബന്ധിച്ചു.