lenin rajendranന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമായ വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യണമെന്ന് വാശി പിടിക്കുകയും മറിച്ചൊരു അഭിപ്രായം വന്നാല്‍ ആക്രമിക്കപ്പെടുകയും വേണമെന്ന രീതിയാണ് മേളയിലെ വിവാദങ്ങള്‍ക്ക് കാരണമെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാനും സംവിധാകനുമായ ലെനിന്‍ രാജേന്ദ്രന്‍. കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രങ്ങള്‍ യാതൊരു പ്രതിഷേധവുമില്ലാതെ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്‌സ് പോലുള്ള ചിത്രങ്ങള്‍ ഹിന്ദുവികാരം വ്രണപ്പെടുത്തി എന്നും പറഞ്ഞ് ആളുകള്‍ കമ്പും വടിയുമായി ഇറങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലെനിന്‍ രാജേന്ദ്രന്‍ മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കാ ബോഡിസ്‌കേപ്‌സില്‍ ഒരു കന്യാസ്ത്രീയുടെ സ്വകാര്യജീവിതത്തെക്കുറിച്ചും പറയുന്നുണ്ട്. പക്ഷേ ഹനുമാനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് യുവമോര്‍ച്ചക്കാര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കിയത്. ആ സിനിമ ജയന്‍ ചെറിയാന്റെ കാഴ്ച്ചപ്പാടില്‍ എടുത്തതാണ്. അതിനെ അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്നും ലെനിന്‍ രാജേന്ദ്രന്‍ വ്യക്തമാക്കി. 

സ്റ്റാന്‍ലിനെയും ലെനിനെയും മാര്‍ക്‌സിനെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള സിനിമകളും കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ നെറ്റും മേളയില്‍ പ്രദര്‍ശിപ്പിച്ചു. കമ്യൂണിസത്തെ ആക്ഷേപിച്ച കൊണ്ടിറങ്ങുന്ന ചിത്രങ്ങളെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കേരളത്തില്‍ സജീവമായിരുന്നിട്ടു കൂടി ആ ചിത്രങ്ങള്‍ക്കെതിരെ മേളയില്‍ യാതൊരു പ്രതിഷേധവും വന്നില്ല. രാജ്യാന്തര ചലച്ചിത്ര മേളയാകുമ്പോള്‍ ഇത്തരത്തിലുള്ള സിനിമകളുണ്ടാകും. അത് ആരെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്നതല്ല. അത്തരം സിനിമകള്‍ സ്വീകരിക്കാനുള്ള സഹിഷ്ണുതയാണ് പുലര്‍ത്തേണ്ടത്. കാ ബോഡിസ്‌കേപ്‌സിനെതിരായ വികാരം സിനിമ കാണാത്ത യുവമോര്‍ച്ചക്കാരുടെ  പ്രക്ഷോഭമായി മാത്രം കാണാന്‍ സാധിക്കില്ലെന്നും ഏതെങ്കിലും ബുദ്ധികേന്ദ്രത്തില്‍ നിന്ന് അവരെ ഇളക്കി വിട്ടതാകുമെന്നും ലെനിന്‍ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ഞങ്ങളെ അപമാനിക്കുന്ന നെറ്റെന്ന ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന് വടക്കന്‍ കൊറിയക്കാര്‍ പറഞ്ഞാല്‍ നമ്മള്‍ എന്ത് ചെയ്യും. രാജ്യാന്തര പ്രശ്‌നമായതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്തെ ബാധിക്കുമെന്നും അതുകൊണ്ട് പ്രദര്‍ശിപ്പിക്കരുതെന്നും വടക്കന്‍ കൊറിയ ആവശ്യപ്പെട്ടാല്‍ നെറ്റിന്റെ പ്രദര്‍ശനത്തെക്കുറിച്ച് നമുക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും. സിനിമകള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും ഇങ്ങനെ ഓരോ കാരണങ്ങള്‍ കണ്ടെത്തി പ്രശ്‌നമുണ്ടാക്കിയാല്‍ മേളയില്‍ ഒരൊറ്റ സിനിമ പോലും ചിലപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും ലെനിന്‍ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

ഒരു ദിവസം അഞ്ചു തവണ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് പറയുന്നതില്‍ വിവേകത്തിന്റെ പ്രശ്‌നം കൂടിയുണ്ട്. ദേശീയഗാനങ്ങളെ വൈകാരികമായി സമീപിക്കുന്നവരാണ് യൂറോപ്യന്‍മാരും അമേരിക്കക്കാരും. അവിടെയൊന്നും ഇങ്ങനെയൊരു ശീലമില്ല. ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് വരെ രവീന്ദ്രനാഥ ടാഗോറിനെ കളിയാക്കിക്കൊണ്ടിരുന്നവരാണ് ഇപ്പോള്‍ ദേശീയഗാനത്തെക്കുറിച്ച് സംസാരിക്കാന്‍ വന്നിരിക്കുന്നത്. ദേശീയഗാനത്തോട് പെട്ടെന്നുണ്ടായ ഈ ഭ്രമം കപടമാണ്. ഇത് രാജ്യസ്‌നേഹമല്ല. എങ്ങനെ മനുഷ്യനെ അകറ്റി നിര്‍ത്താനാകും എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. മതസ്പര്‍ദ വളര്‍ത്താനുള്ള ശ്രമം. മനുഷ്യനെ പരസ്പരം തമ്മിലടിപ്പിക്കുന്ന തരത്തിലേക്കാണ് കൊണ്ടുവരുന്നത്. ലെനിന്‍ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തിയേറ്ററിനുള്ളില്‍ വേറൊരു വൈകാരിക തലത്തില്‍ വെന്നു പെടുന്നവരാണ്. അവിടെ ദേശീയഗാനം വേണമോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. ഏതൊരു വഴിപോക്കനും എവിടെയെങ്കിലും നിന്ന് പാടുമ്പോള്‍ അറ്റന്‍ഷമായി നിന്ന് കേള്‍ക്കുക എന്നത് ദേശഭക്തിയെയല്ല കാണിക്കുന്നത്. ദേശീയഗാനത്തിന് നല്‍കേണ്ട ബഹുമാനമാണ് നമ്മള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.