തിയ്യറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടാവാം. എന്നാല്‍, അതിനെ നിന്ദിക്കാന്‍ പാടില്ലെന്ന് എഴുത്തുകാരനും സംവിധായകനും നടനുമാണ് ജോയ് മാത്യു പറഞ്ഞു. ചലച്ചിത്രമേളയില്‍ ക്ലാഷ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം ഉയര്‍ന്നപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സിനിമയ്ക്കും ദേശീയഗാനം കേള്‍പ്പിക്കുന്നതില്‍ വൈരുദ്ധ്യമണ്ടാവാം. എതിര്‍പ്പുള്ളവര്‍ അതിനെ കോടതിയില്‍ ചോദ്യംചെയ്യുകയാണ് വേണ്ടത്. നിന്ദിക്കുന്നതില്‍ വലിയ വിപ്ലവമൊന്നുമില്ല. അത് നല്ലതായി തോന്നുന്നില്ല. ഒരുപാട് പേരുടെ ചോരയും നീരും കണ്ണീരുമുണ്ട് ദേശീയ ഗാനത്തില്‍. അതിനെ നിന്ദിച്ച് ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ഒരു ആനുകൂല്യവും പറ്റരുത്. സൗജന്യമായി ഫിലിം ഫെസ്റ്റിവല്‍ കാണരുത്-ജോയ് മാത്യു പറഞ്ഞു.

'കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ ജാമ്യമെടുക്കണം. ഇറങ്ങണം. ദേശീയ ഗാനത്തെ ആദരിക്കുന്നതും ആദരിക്കാതിരിക്കുന്നതും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം അതിന്റെ സംഗീതമൊക്കെ വലിയ ഇഷ്ടമാണ്. ഞാനത് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നിന്നുപോകും. ഒരുപാട് പേരുടെ ചോരയും വിയര്‍പ്പും കണ്ണീരും ത്യാഗവുമൊക്കെയുണ്ട് അതില്‍. അതിനെ നിന്ദിക്കുക എന്നു പറഞ്ഞാല്‍ എനിക്ക് അത്ര നന്നായി തോന്നുന്നില്ല. പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. പക്ഷേ ദേശീയഗാനം എന്ന നിലയില്‍ നമ്മള്‍ അംഗീകരിച്ച ഈ ഗാനം നമ്മള്‍ ഹൃദിസ്ഥമാക്കേണ്ടതാണ്. ഞാന്‍ പല രാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെയൊക്കെ അവരുടെ ദേശീയ ഗാനത്തോട് അവര്‍ കാണിക്കുന്ന ആദരവ് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ എല്ലാ സിനിമകളിലും അത് കാണിക്കുക, അപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക എന്നു പറയുന്നതില്‍ ചിലപ്പോള്‍ വൈരുദ്ധ്യമുണ്ടായിരിക്കും. അങ്ങിനെയാണെങ്കില്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യാം. സുപ്രീം കോടതിയില്‍ ഹര്‍ജിയൊക്കെ കൊടുക്കാം. അല്ലാതെ അതിനോട് അനാദരവ് കാണിക്കുമ്പോള്‍ പോലീസ് കേസെടുത്താല്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും. അതില്‍ വലിയ വിപ്ലവമൊന്നും ഞാന്‍ കാണുന്നില്ല. അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ രാജ്യത്ത് ഒരു ആനുകൂല്യങ്ങളും പറ്റരുത്. സൗജന്യമായി ഫിലിം ഫെസ്റ്റിവലില്‍ സിനിമ കാണരുത്. അത് അവരുടെ സ്വതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ ധീരതയോടെ നേരിട്ട് മുന്നേറട്ടെ. പോലീസ് കസ്റ്റഡിയും അറസ്റ്റുമൊക്കെ നിയമത്തിന്റെ കാര്യങ്ങളാണ്. പോലീസിന് വെറുതെ അറസ്റ്റ് ചെയ്യാം ആളുകളെ. വെറുതെ വെടിവെച്ചും കൊല്ലാം. അതിന് പ്രത്യേകിച്ച് നിയമങ്ങളും കാര്യങ്ങളുമൊന്നും നോക്കേണ്ട കാര്യമില്ല. പോലീസ് നടപടി എന്നാല്‍ വേറൊരു വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയമല്ല. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നമുക്ക് പരാതിപ്പെടാന്‍ ഇപ്പോള്‍ പോലീസ് തന്നെയെ ഉള്ളൂ. പോലീസ് നടത്തുന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച് പരാതിപ്പെടാനും നമുക്ക് പോലീസ് തന്നെയെ ഉള്ളൂ. പോലീസ് നടപടി വരുമ്പോള്‍ നിയമപരമായി നേരിടുക. ഇതൊക്കെ ഓരോരുത്തരുടേയും രാഷ്ട്രീയത്തെ ആശ്രയിച്ചിരിക്കും. എന്റെ ലൈനേ വേറെയാണ്. ഓരോരുത്തര്‍ത്തും ഓരോ രാഷ്ട്രീയ നിലപാടുകളും വീക്ഷണങ്ങളുമൊക്കെ ഉണ്ടാകും. എന്റെ നേരെ പോലീസ് അന്വേഷണം വരട്ടെ. അപ്പോള്‍ നോക്കാം.