രു പോലീസ് വാന്‍. അതിനുള്ളില്‍ വിരുദ്ധാഭിപ്രായങ്ങളും നിലപാടുകളുമുള്ള ഒരു കൂട്ടം മനുഷ്യര്‍. തീവ്ര മതവാദികളും മതേതരവാദികളും അക്കൂട്ടത്തിലുണ്ട്. വൃദ്ധരും യുവാക്കളുമുണ്ട്. സ്ത്രീകളും കുട്ടികളുമുണ്ട്. ആശയ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റയും പ്രത്യാശയുടെയും സൗഹൃദത്തിന്റെയും വിദ്വേഷത്തിന്റെയും മണിക്കൂറുകളിലൂടെയാണ് അവര്‍ കടുന്നുപോകുന്നത്. കണ്ടുതീരുംവരെ പ്രേക്ഷകനെയും അതേ അനുഭവങ്ങളിലൂടെ കൊണ്ടുപോകുന്നു എന്നതാണ് മുഹമ്മദ് ദയബ് സംവിധാനം ചെയ്ത 'ക്ലാഷ്' എന്ന ഈജിപ്ഷ്യന്‍ ചലച്ചിത്രത്തിന്റെ സവിശേഷത.

2013ലെ ഈജിപ്ഷ്യന്‍ ജനാധിപത്യ വിപ്ലവത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്രത്തിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്. അധികാരത്തിലിരിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡ് സര്‍ക്കാരിനും പ്രസിഡന്റ് മുഹമ്മദ് മുര്‍സിയ്ക്കുമെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ഒരു വിഭാഗവും, മുര്‍സി അനുഭാവികളായ മറ്റൊരു വിഭാഗവുമാണ് വാനിലുള്ളത്. കൂടാതെ ഇതിലൊന്നും പെടാത്ത മറ്റുചിലരും ചില പത്രപ്രവര്‍ത്തകരും. പുറത്ത് മുര്‍സിയ്ക്ക് അനുകൂലവും പ്രതികൂലവുമായ പ്രകടനങ്ങളും ഏറ്റമുട്ടലുകളും. ഇരു കൂട്ടരെയും നേരിടുന്ന, ആയുധധാരികളായ പോലീസ് സേനയും.

കലാപത്തിനിടയില്‍ പോലീസ്, അസോസിയേറ്റ് പ്രസ് പത്രപ്രവര്‍ത്തകന്‍ ആദം, ഫോട്ടോഗ്രാഫര്‍ സെയിന്‍ എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ച് വാനില്‍ തള്ളുന്നു. വൈകാതെ സര്‍ക്കാരിന് അനുകൂലമയി പ്രകടനം നടത്തിയിരുന്ന ഒരു വിഭാഗത്തെയും, പിന്നീട് സര്‍ക്കാര്‍ വിരുദ്ധരായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും പോലീസ് ഈ വാനിനുള്ളില്‍ അടയ്ക്കുന്നു. കൂടാതെ കലാപത്തിനിടയില്‍ പെട്ടു പോയ ചിലരും തടവുകാരായി വാനിനുള്ളിലെത്തുന്നു.

ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ പരിച്ഛേദമാണ് പോലീസ് വാനിനുള്ളില്‍ ഇപ്പോഴുള്ളത്. നഗ്‌വ എന്ന നേഴ്‌സ്, ഭര്‍ത്താവ് ഹൊസ്സാം, അവരുടെ കുട്ടി ഫാരെസ് എന്നിവരടങ്ങുന്ന കുടുംബം, പതിനാലു വയസ്സുള്ള പെണ്‍കുട്ടി, അവളുടെ വൃദ്ധനായ പിതാവ് തുടങ്ങിയവരെല്ലാം വാനിലുണ്ട്. വൃദ്ധന്‍മാരും യുവാക്കളുമടങ്ങുന്ന ഭരണകൂടാനുകൂലികളായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തരുണ്ട്. സര്‍ക്കാര്‍ വിരുദ്ധരായ സമരക്കാരുണ്ട്. അവരില്‍ത്തന്നെ മിതവാദികളും അതി തീവ്രവാദികളുമുണ്ട്. നേതാക്കളും വിധേയരായ പ്രവര്‍ത്തകരുമുണ്ട്. രാഷ്ട്രീയമായി വ്യത്യസ്ത പക്ഷത്തു നില്‍ക്കുന്നവര്‍ ഒരു ചെറിയ ഇടത്തില്‍ തിങ്ങിഞെരിഞ്ഞ് കഴിച്ചുകൂട്ടുമ്പോള്‍ സംഭവിക്കാവുന്ന സംഘര്‍ഷങ്ങളും ചിരികളും നിറഞ്ഞതാണ് സിനിമ. 

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയസാമൂഹ്യ കാലാവസ്ഥയെ തന്നെയാണ് ഇടുങ്ങിയ ഈ ട്രക്ക് പ്രതിനിധാനം ചെയ്യുന്നതെന്ന് പറയാം. ചിത്രത്തിന്റെ ക്രാഫ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നതിലെ ഈ സൂക്ഷ്മതയും കലാത്മകതയും ചിത്രത്തിലെ ഓരോ രംഗങ്ങള്‍ക്കും അധികമാനം നല്‍കുന്നു.

നിരന്തര സംഘര്‍ഷങ്ങളാണ് വാനിനുള്ളിലും പുറത്തും നടക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വാനിനുള്ളില്‍ നടക്കുന്ന ഏതൊരു കാര്യത്തെയും പക്ഷപാതപരമായി മാത്രം കാണാന്‍ വാനിലുള്ളവരെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ പെരുമാറ്റം പരുഷവും മുന്‍വിധികള്‍ നിറഞ്ഞതും മിക്കപ്പോഴും ചപലവുമാണ്. പരസ്പരം ഏറ്റുമുട്ടുന്നതിനുള്ള ഉപാധിയായി മാത്രം സാഹചര്യങ്ങള്‍ മാറുന്നു. പ്രത്യശയശാസ്ത്രം മനുഷ്യത്വത്തെ അതിവര്‍ത്തിച്ച് പലപ്പോഴും മനുഷ്യവിരുദ്ധമാവുകയാണ്. അധികാരവും ഭരണകൂടവും മനുഷ്യനെ അപമാനവീകരിക്കുന്നത് കടുത്ത നിറങ്ങളില്‍ ചിത്രം വരച്ചിടുന്നു. അടിസ്ഥാനപരമായി ദുര്‍ബലനും ചപലനുമായ ആള്‍ പോലും ക്രൂരനും സ്വാര്‍ത്ഥനും സാമൂഹ്യ വിരുദ്ധനുമായി പെരുമാറുന്നു. ദുരഭിമാനവും അല്‍പ്പത്തരവുമെല്ലാം ചേര്‍ന്ന് അവന്റെ പ്രവൃത്തികളെ പരിഹാസ്യമാക്കി മാറ്റുന്നത്് പലപ്പോഴും സിനിമയില്‍ ചിരി വിതറുന്ന സന്ദര്‍ഭങ്ങളൊരുക്കുന്നു.

എന്നാല്‍ എല്ലായ്‌പോഴും അങ്ങനെയല്ല കാര്യങ്ങള്‍. നിലനില്‍പ്പിനെ, ജീവനെ, അടിസ്ഥാനപരമായ മനുഷ്യാവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനുഷ്യനാവാനും കാരുണ്യാവാനാവാനും അവനു കഴിയുമെന്നും അവര്‍ തെളിയിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ നിഷ്ഠൂരമായ തീരുമാനങ്ങളും നടപടികളും സഹിക്കാവുന്നതിനും അപ്പുമാവുമ്പോള്‍ രാഷ്ട്രീയവും വൈയക്തികവുമായ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കേവല മനുഷ്യരാവുന്നത് അതുകൊണ്ടാണ്. 

പോലീസ് വാനിനുള്ളില്‍ ഏറ്റുമുട്ടുമ്പോഴും വെടിയേല്‍ക്കുമ്പോഴും പരിക്കേറ്റ് പിടയുമ്പോഴും അതിജീവിക്കാനാവില്ലെന്നു കരുതിയ സാഹചര്യങ്ങളെ മറികടക്കുമ്പോഴും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും അതിനനുസരിച്ച് സ്വയം പരുവപ്പെടാനുമുള്ള ശേഷിയാണ് അവരെ പിടിച്ചുനിര്‍ത്തുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ശുഭാപ്തിവിശ്വാസം പുലര്‍ത്താനും ചിരിക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു. ഫുട്‌ബോളിനും സംഗീതത്തിനും മുന്നില്‍ എല്ലാം മറക്കുന്നതും അതുകൊണ്ടാണ്. ചിത്രത്തിലെ മനോഹരമായ ഒരു രംഗമാണിത്.

ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന പോലീസുകാരനും ചിലപ്പോഴെങ്കിലും ഉള്ളിനെ മനുഷ്യനെ കൊല്ലാനാവുന്നില്ല. അതുകൊണ്ടാണ് വാനിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യര്‍ക്കായി അവാദ് എന്ന പോലീസുകാരന്‍ വാദിക്കുന്നത്. എന്നാല്‍ അധികാരത്തിന്റെ വ്യവസ്ഥകളില്‍ തുടരുകയല്ലാതെ അയാള്‍ക്ക് വേറെ നിവൃത്തിയില്ല. എന്നാല്‍ അനീതിയോടുള്ള കലാപവും ദുരിതമനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയും സ്വന്തം ജീവന്‍ വിചാരണ ചെയ്യപ്പെടുമ്പോഴും അയാള്‍ പുലര്‍ത്തുന്നുണ്ട്.

വിപ്ലവങ്ങള്‍ക്ക് വഴിവെക്കുന്ന ജനക്കൂട്ടം പലപ്പോഴും ജനക്കൂട്ടം മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ശക്തമായ ആശയങ്ങളുടെ അടിത്തറയിലല്ലാതെ ജനക്കൂട്ടത്തിന് രാഷ്ട്രീയമായ ശരികള്‍ സാധ്യമാവില്ല. പട്ടാളത്തിനും ജനക്കൂട്ടത്തിനും ഇടയില്‍ പെട്ടുപോകുന്ന വാനിലെ തടവുകാര്‍ അത് ശരിക്കും അനുഭവിക്കുന്നുണ്ട്. ഇരു പക്ഷത്തിന്റെയും ആള്‍ക്കാര്‍ വാനിനു നേരെ കല്ലറിയുകയും വെടിവെക്കുകയും ചെയ്യുന്നുണ്ട്. പോലീസും അക്രമം ഇഴിച്ചുവിടുന്നു. ആശയങ്ങള്‍ക്കുപരിയായി മനുഷ്യന്‍ ഇരകള്‍ മാത്രമാവുന്ന സാഹചര്യമാണ് വാനിനുള്ളിലുള്ളവര്‍ അനുഭവിക്കുന്നത്.

പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും ഇടയിലും മനുഷ്യന്‍ സ്വാര്‍ത്ഥനായിത്തന്നെ തുടരുന്നതും നിസ്സഹായതയുടെ അനുഭവങ്ങള്‍ മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്നതും വാനിനുള്ളില്‍ നാം കാണുന്നു. പലപ്പോഴും പുരുഷനേക്കാള്‍ യുക്തിപൂര്‍വ്വവും സാന്ദര്‍ഭികവുമായി പെരുമാറുന്നത് സ്ത്രീകളാണ്. സഹാനുഭൂതിയും മനുഷ്യത്വവും അവരെ ശരിയുമായി ചേര്‍ത്തുനിര്‍ത്തുന്നു, മുന്‍വിധികളെ പിറകിലുപേക്ഷിക്കാന്‍ സഹായിക്കുന്നു.

പോലീസ് ട്രക്കിന്റെ ചുരുങ്ങിയ സ്ഥലപരിധിയ്ക്കുള്ളിലാണ് സിനിമയിലെ സംഭവങ്ങളെല്ലാം നടക്കുന്നത്. വാനിനുള്ളിലെ സംഭവങ്ങളും ഉള്ളില്‍ നിന്ന് പുറത്തേയ്ക്കുള്ള കാഴ്ചകളുമാണ് സിനിമയിലെ ദൃശ്യങ്ങളെല്ലാം. തിങ്ങിനിറഞ്ഞ ട്രക്കിനുള്ളില രംഗങ്ങള്‍ സിനിമാറ്റിക്കായി പകര്‍ത്തുന്നതില്‍ സംവിധായകനും കാമറാ മാനായ അഹമ്മദ് ഗാബറും കാട്ടുന്ന വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്. ട്രക്കിനുള്ളിലെ ഇത്തിരി വട്ടത്തിലാണ് സംഭവങ്ങളെല്ലാം നടക്കുന്നതെങ്കിലും ഓരോ നിമിഷവും ഉദ്വേഗഭരിതമായി അനുഭവപ്പെടുന്നു. പല രംഗങ്ങളും ദേശാതീതവും സന്ദര്‍ഭാതീതവുമായ മാനങ്ങള്‍ കൈവരിക്കുന്നു.

മുഹമ്മദ് ദയബിന്റെ രണ്ടാമത്തെ ചിത്രമാണ് 2016ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായിരുന്ന ക്ലാഷ്. ആദ്യ സിനിമയായ കയ്‌റോ 678 ലോകമെമ്പാടും വലിയ സ്വീകാര്യത നേടിയ ചിത്രമാണ്. മൂന്നു സ്ത്രീകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കയ്‌റോ 678, സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ യഥാതഥമായ ചിത്രീകരണമായിരുന്നു. ക്ലാഷിലെത്തുമ്പോള്‍ കുറേക്കൂടി ശക്തവും വിദഗ്ധവുമായ പരിചരണരീതി കൈക്കൊള്ളാന്‍ ദയബിന് സാധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെയാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നതെങ്കിലും ഏതൊരു ദേശത്തെയും രാഷ്ട്രീയത്തെയും അത് പ്രതിനിധീകരിക്കുന്നു. ഒപ്പം, എക്കാലത്തെയും മനുഷ്യന്റെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥകൂടിയാണ് ക്ലാഷ് പറയുന്നത്. അതുകൊണ്ടാണ് ഭാഷയ്ക്കും സംസ്‌കാരത്തിനും ഉപരിയായി ഏതൊരാളോടും ഈ സിനിമ സംവദിക്കുന്നത്, ഹൃദയത്തില്‍ തൊടുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു 'ക്ലാഷ്'. ഈ ചിത്രം കാണാനുള്ള സിനിമാപ്രേമികളുടെ ആവേശം ആദ്യം പ്രദര്‍ശനത്തില്‍ത്തന്നെ കൈരളി തിയ്യറ്ററില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പ്രദര്‍ശനം മാറ്റിവയ്ക്കുകയും വൈകുന്നേരം നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഞ്ചു തവണയാണ് ഇപ്രാവശ്യം ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. 

തുടക്കം മുതല്‍ ഒടുക്കം വരെ സിനിമ സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് പകരുന്നതും ഈ സിനിമയുടെ തിയ്യറ്ററിലെ കാഴ്ചാനുഭവത്തെ സവിശേഷതയുള്ളതാക്കി. ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴൊക്കെ വലിയ ആരവങ്ങളോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ എതിരേറ്റത്. സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതിരുന്നവര്‍ക്കെതിരായി ഉണ്ടായ പോലീസ് നടപടിയും വാര്‍ത്തകളില്‍ ഇടംനേടി.