തിരുവനന്തപുരം: വാണിജ്യവിജയം ഒരു സിനിമയുടെ അളവുകോലാകുന്ന സാഹചര്യമാണ് 100 കോടി ക്ലബ്ബുകള്‍ സൃഷ്ടിക്കുന്നതെന്ന് സംവിധായകന്‍ അമോല്‍ പലേക്കര്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   വിനോദം എന്ന ഘടകത്തിന് അതിപ്രാധാന്യം നല്‍കുന്ന വാണിജ്യസിനിമയുടെ വക്താക്കള്‍, ചിന്തിക്കാനും ചോദ്യം ചോദിക്കാനും അസ്വസ്ഥരാകാനുമുള്ള പ്രേക്ഷകരുടെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നില്ല. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിലും ഓര്‍മിക്കപ്പെട്ടത് 'ഷോലെ', 'ദില്‍വാല ദുല്‍ഹനിയ ലേ ജായേംഗേ' പോലുള്ള വാണിജ്യവിജയങ്ങളാണ്. 

ഗരം ഹവാ, മലയാളസിനിമയെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാക്കിയ ചെമ്മീന്‍, അടൂരിന്റെയും ഗിരീഷ് കാസറവള്ളിയുെടയും സിനിമകള്‍ എന്നിവ ഇത്തരം ആഘോഷങ്ങളുടെ ഭാഗമാകാതെ പോകുന്നുവെന്നും അമോല്‍ പലേക്കര്‍ പറഞ്ഞു.