കാലത്തിന്റെ കണ്ണാടിയാണ് സിനിമകള്‍. കണ്ടു തീരാത്ത കാഴ്ചകളിലൂടെ അത് കാലത്തെ പകര്‍ത്തിക്കൊണ്ടിരിക്കുന്നു. ഈ പകര്‍ത്തിയെഴുത്ത് നല്‍കുന്ന പാഠങ്ങളാണ് ഓരോ ചലച്ചിത്രത്തിന്റെയും ഓരോ ചലച്ചിത്രമേളയുടെയും ബാക്കിപത്രം. തിരശ്ശീലയിലെ മായക്കാഴ്ചകള്‍ക്കപ്പുറത്ത്, അതിന്റെ വിനോദത്തിനപ്പുറത്ത് ഈ ചിത്രങ്ങള്‍ക്കും അവയുടെ മേളകള്‍ക്കും ഒരു ചരിത്ര നിയോഗമുണ്ട്. ഒരു കര്‍ത്തവ്യമുണ്ട്. പ്രായം കൊണ്ട് മാത്രമല്ല, ഈ കര്‍ത്തവ്യ നിര്‍വഹണം കൊണ്ടും പക്വതയാര്‍ജിച്ചുകഴിഞ്ഞു ഐ.എഫ്.എഫ്.കെ എന്നാണ് ഇരുപത്തിയൊന്നാമത്ത് അധ്യായം അടയാളപ്പെടുത്തുന്നത്.

പ്രദര്‍ശിപ്പിച്ച സിനിമകളുടെ കാര്യത്തില്‍ മാത്രമല്ല, മേളയില്‍ ഊന്നല്‍ കൊടുത്ത വിഷയങ്ങളിലും വേറിട്ടുനിന്നു ഇത്തവണത്തെ മേള. സിനിമകളുടെ തിരഞ്ഞെടുപ്പില്‍ കുടിയേറ്റവും പലായനവും സ്വവര്‍ഗാനുരാഗവുമെല്ലാം തന്റേടത്തോടെ പ്രമേയങ്ങളാക്കിയതായിരുന്നു മേളയുടെ കരുത്തെങ്കില്‍ ചരിത്രം കുറിച്ച് ഭിന്നലിംഗക്കാരെ കൂടി മുഖ്യധാരയില്‍ ഉള്‍പ്പെടുത്തി എന്നതും വനിതാ സംവിധായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കിയതും സാമൂഹ്യ പ്രതിബദ്ധതയുടെ നിദാനമായി.

ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജെന്‍ഡര്‍ ബെന്‍ഡര്‍ എന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ടായിരുന്നു ഇക്കുറി. ദി സമ്മര്‍ ഓഫ് സാംഗെയ്ല്‍, സംത്തിങ് മസ്റ്റ് ബ്രേക്ക്, രാര, ക്വിക്ക് ചേഞ്ച്, ലോയ്വ്, ഫ്രണ്ട് കവര്‍ തുടങ്ങി ശ്രദ്ധേയമായ ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഭിന്നലിംഗക്കാരുടെ വിഷയം പ്രമേയമാക്കിയ ഡൈ ബ്യൂട്ടിഫുള്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും ഇടം നേടി. സ്വാഭാവികമായും ഡെലിഗേറ്റുകളായി ഭിന്നിലിംഗക്കാരുടെ വലിയ പങ്കാളിത്തവുമുണ്ടായിരുന്നു ഇത്തവണത്തെ മേളയില്‍.

കാഴ്ചയുടെ ഉത്സവവും സൗഹൃദത്തിന്റെ ആഘോഷങ്ങളും പ്രതിരോധങ്ങളുടെയും പ്രതിഷേധത്തിന്റെയും സമരതീക്ഷ്ണതയുമെല്ലാം കൊടിയിറങ്ങി തിരികെപ്പോകുന്നവര്‍ കൂടെ കൊണ്ടുപോകുന്നതും പക്വതയാര്‍ജിച്ച മേള കൈമാറുന്ന ഈയൊരു പുരോഗമനപരമായ സന്ദേശം തന്നെയാവും.

വനിതാ സംവിധായകരുടെ പ്രാതിനിധ്യവും ഇത്തവണ ഏറെ ശ്രദ്ധേയമായി. മത്സരവിഭാഗത്തില്‍ രണ്ട് വനിതാ സംവിധായകര്‍ രംഗത്തെത്തിയപ്പോള്‍ അതിലൊരാള്‍ മലയാളത്തില്‍ നിന്നായിരുന്നു. മാന്‍ഹോളിലൂടെ വിധു വിന്‍സന്റ് ആണ് ആ ചരിത്ര നിയോഗത്തിന് കാരണക്കാരിയായത്.

ദേശീയഗാന വിവാദം കലുഷിതമാക്കിയ മേള കൂടിയാണിത്. എല്ലാ പ്രദര്‍ശനങ്ങള്‍ക്കും മുന്നോടിയായി കേള്‍പ്പിക്കുന്ന ദേശീയഗാനത്തിന് ഒരു വിഭാഗം ഡെലിഗേറ്റുകള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്നത് പോലീസ് ഇടപെടലിലാണ് കലാശിച്ചത്. അത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സംഭവങ്ങള്‍ ഏറ്റെടുത്തതോടെ മേളയ്ക്ക് പുറത്തും ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചു.

മേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് ആണ്. അഞ്ചു തവണയാണ് ക്ലാഷ് മേളയില്‍ പ്രദര്‍ശിപ്പച്ചത്. മേളയുടെ ചരിത്രത്തില്‍ ഒരു സിനിമ ആദ്യമായിട്ടാണ് ഇത്രയും തവണ പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പേരിനെ അന്വര്‍ഥമാക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തോട്  അനുബന്ധിച്ച് അരങ്ങേറിയത്. 

റിസര്‍വേഷനില്‍ വന്ന താളപ്പിഴകളാണ് സംഘര്‍ഷത്തിന് വഴിവച്ച മറ്റൊരു സംഭവം. ഡെലിഗേറ്റുകളെ അനുനയിപ്പിക്കാന്‍ അക്കാദമി ചെയര്‍മാന്‍ കമലിന് നേരിട്ട് വരേണ്ടിവന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സിങ്കും കോള്‍ഡ് ഓഫ് കലന്ദറും ഡൈ ബ്യൂട്ടിഫുളും മാജ് രാതി കടേക്കിയും മാന്‍ഹോളും കാട് പൂക്കുന്ന നേരവുമെല്ലാം മികച്ച അഭിപ്രരായം നേടിയപ്പോള്‍ ലോക സിനിമാ വിഭാഗത്തില്‍ നെരൂദ, എ ഡെത്ത് ഇന്‍ ദി ഗുഞ്ച്, ആഫ്റ്റര്‍ ദി സ്റ്റോം, ഡോട്ടര്‍, ഇന്‍ഡിവിലിസബിള്‍, നവാര, സാന്‍ഡ് സ്റ്റോം, തമാര, ദി സിസ്, ട്രെയിന്‍ ഡ്രൈവേഴ്സ് ഡയറി എന്നിവയും വിഷയങ്ങളുടെ വൈവിധ്യവും പരിചരണത്തിലെ വ്യതിരിക്തതയും കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
 
മത്സര വിഭാഗത്തില്‍ വനിതാ സംവിധായിക ഡോക്ടര്‍ സാന്ത്വന ബര്‍ദോലെയുടെ മാജ് രാത് കട്ടേകി മികച്ച അഭിപ്രായമാണ് നേടിയത്. ഒരു എഴുത്തുകാരന്റെ ആത്മസംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. 

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബാഡിസ്‌കേപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച് കോടതി ഉത്തരവിന്റെ  ആനുകൂല്യത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മേളക്ക് പുറത്തും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. മൂര്‍ച്ചയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളും തുറന്ന്പറച്ചിലുകളും ആണ് ചിത്രം നടത്തിയതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ കരുതിക്കൂട്ടിയുള്ള പ്രകോപനം സൃഷ്ടിക്കുന്നതിനുള്ള അജണ്ടായായിരുന്നുവെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. 

മാവോയിസ്റ്റ്  വേട്ടയും  അതുയര്‍ത്തിയിരിക്കുന്ന ചര്‍ച്ചകളും സജീവമായിരിക്കുന്ന കാടുപൂക്കുന്ന നേരം പ്രേക്ഷക പങ്കാളിത്തം കൊണ്ട് സജീവമായി.
 
കൊറിയന്‍ സംവിധായകന്‍ കിം കി ഡൂക്കിന്റെ അപ്രമാദിത്വം മേളയില്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു നെറ്റ് എന്ന ചിത്രം. വര്‍ഷങ്ങളായി മേളയില്‍ സ്ഥിരം പ്രദര്‍ശനത്തിനെത്തുന്ന കിം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു. പതിവ് രീതികള്‍ക്ക് വ്യത്യസ്തമായി കാലിക പ്രസക്തിയുള്ള രാഷ്ട്ട്രീയ വിഷയവും ആക്ഷേപ ഹാസ്യവുമാണ് കിം നെറ്റിലൂടെ അവതരിപ്പിച്ചത്. നെറ്റിന്റെ അവസാന പ്രദര്‍ശനത്തിന് അസാമാന്യ ക്യൂവാണ് അനുഭവപ്പെട്ടത്. ടാഗോര്‍ തിയ്യറ്ററിന്റെ പിറകുവശത്തേക്ക് നീണ്ട നിര സിനിമ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പേ സജീവമായി. 

മലയാള സിനിമയില്‍ ഈ വര്‍ഷം നഷ്ടമായ പ്രതിഭകളെ അനുസ്മരിക്കുന്നതിനായി സംഘടിപ്പിച്ച പിന്‍നിലാവ് ഏറെ ശ്രദ്ധനേടി. കല്‍പ്പന, കലാഭവന്‍മണി, ടി.എ റസാഖ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിന് പുറമെ മണ്‍മറഞ്ഞ കലാകാരന്‍മാരെ അനുസ്മരിക്കുന്നതിന് സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കലാഭവന്‍ മണി അനുസ്മരണവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ചടങ്ങില്‍ കലാഭവന്‍ മണിയുടെ കുടുംബത്തെ ക്ഷണിക്കാത്തതും അനുസ്മരണത്തിന് ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രം പ്രദര്‍ശിപ്പച്ചതും മാക്ടയുടെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. 

കേരള സര്‍ക്കാറിന്റെ വജ്ര കേരളം ആഘോഷത്തിന്റെ ഭാഗമായി മേളക്ക് സമാന്തരമായി നടത്തിയ ഫോക്ലോര്‍ ഫെസ്റ്റിവല്‍ ഇത്തവണത്തെ മേളയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായിരുന്നു. അന്യംനിന്ന് പോകുന്ന നാടന്‍ കലാരൂപങ്ങള്‍ കാണാന്‍ ഡെലിഗേറ്റുകള്‍ക്ക് പുറമെയുള്ളവരും കാഴ്ചക്കാരായി ടാഗോറിലെ വേദിയിലേക്ക് ഒഴുകിയെത്തി. തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റ് രശ്മിയുടെ പാട്ടിലൂടെ തുടങ്ങിയ കലാവിരുന്ന് പിന്നീട് മുടിയാട്ടം, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത്, ദഫ്മുട്ട് തുടങ്ങിവ കൊണ്ട് സമ്പുഷ്ടമായി.