നെറികേടുകള്‍ക്കെതിരെ നെഞ്ചുവിരിച്ചു നിന്ന പാരമ്പര്യമാണ് സംവിധായകന്‍ രാകേഷ് ശര്‍മയുടേത്. വെല്ലുവിളി എത്ര ശക്തമാണെങ്കിലും നിലപാടുകളില്‍ നിന്ന തെല്ലിട മാറാന്‍ തയ്യാറല്ല രാകേഷ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് തയ്യാറാക്കിയ ഫൈനല്‍ സൊല്യൂഷന്‍സാണ് രാകേഷ് ശര്‍മയുടെ പ്രശസ്തിക്ക് ആധാരം. ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായ നരേന്ദ്ര മോദിയെ പരസ്യമായി എതിര്‍ത്താണ് ശര്‍മ തന്റെ സാന്നിധ്യം അറിയിക്കുന്നത്. സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമായി തന്നെ പറയുകയാണ് രാകേഷ്.

"ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ സിനിമ അനുഭവിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലെന്നും പറയാം. ഒരുപാട് വൈവിധ്യമാര്‍ന്ന സിനിമകള്‍ വരാന്‍ അതൊരു കാരണമാണ്. എന്നാല്‍, ഇവിടെ വിവിധ രൂപത്തിലുള്ള സെന്‍സര്‍ഷിപ്പും നിലനില്‍ക്കുന്നു. സെന്‍സര്‍ ബോര്‍ഡും  സിനിമാറ്റോഗ്രാഫി ആക്ടുമാണ് അതില്‍ പ്രധാനം. മറ്റൊന്ന് വിപണിയുടെ സെന്‍സര്‍ഷിപ്പാണ്. ഒരുപാട് ബദല്‍ശബ്ദങ്ങള്‍ ഇവിടെ ഇടം ലഭിക്കാതെ പോകുന്നു. ഡോക്യുമെന്ററികള്‍ പലതും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ പോകുന്നു. പ്രാദേശിക ഭാഷയിലുള്ള പല സിനിമകള്‍ക്കും അവ അര്‍ഹിക്കുന്ന പ്രദര്‍ശന സൗകര്യം ലഭിക്കുന്നില്ല. ഇതാണ് വാണിജ്യ സെന്‍സര്‍ഷിപ്പ്. ഹിന്ദിയിലും മറ്റ് ഭാഷകളിലുമുള്ള ഒരുപാട് സിനിമകള്‍ക്ക് ടെലിവിഷന്‍ ചാനലുകളില്‍ പോലും അവസരം ലഭിക്കുന്നില്ല. പരമാവധി ബ്ലോക്ബസ്റ്ററുകള്‍ കണ്ടുപിടിച്ച് റേറ്റിങ് കൂട്ടാനാണ് അവരുടെ ശ്രമം. ഇതിലും രസകരമാണ് സിനിമാറ്റോഗ്രാഫി ആക്ടിന്റെ കാര്യം. ഭരണഘടനയുടെ  പത്തൊന്‍പതാം അനുച്‌ഛേദം നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ തന്നെ ഈ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്ന കാര്യങ്ങളുമുണ്ട്. ഇതെല്ലാം സിനിമാറ്റോഗ്രാഫി ആക്ടില്‍ ഉള്‍ച്ചേര്‍ത്തിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് അധികാരികള്‍ ഈ നിയന്ത്രണങ്ങളെ ബുദ്ധിപൂര്‍വമല്ല ഉപയോഗിച്ചുവരുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്ക് വേണ്ട രീതിയിലുള്ള നിയമപരമായ പരിശീലനം ലഭിച്ചിട്ടില്ല. എന്നാല്‍, കോടതികള്‍ ഭരണഘടനയുടെ പത്തൊന്‍പതാം അനുച്‌ഛേദത്തെ നല്ല രീതിയിലാണ് വ്യാഖ്യാനിക്കുന്നതും വിധി നടപ്പിലാക്കുന്നതും. അതുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് നീതി ലഭിക്കാത്ത സിനിമാപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിന്ന് നീതി ലഭിക്കുന്നത്. എന്നാല്‍, ഹൈക്കോടതികളോ സുപ്രീം കോടതിയോ ഇതുവരെ സെന്‍സര്‍ ബോര്‍ഡിന് ഇതു സംബന്ധിച്ച് വ്യക്തമായൊരു മാനദണ്ഡം നല്‍കിയിട്ടില്ല. രാംഗരാജ് വെഴ്‌സസ് ജഗ്ജീവന്‍ റാം കേസിലുണ്ടായ വിധി സ്മരണീയമായ ഈ സാഹചര്യത്തില്‍. വെറുതെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിക്കാതെ വ്യക്തമായ കാരണങ്ങള്‍ നിരത്തണമെന്ന് ആ കേസില്‍ കോടതി വിധിച്ചിരുന്നു"-രാകേഷ് ശര്‍മ പറഞ്ഞു.