ലച്ചിത്രമേളയില്‍ പ്രതിനിധികള്‍ കൂടുന്നത് ഒരു പ്രശ്‌നമല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹന്‍. മേളയില്‍ ആളുകളെ കുറയ്ക്കുകയല്ല, കൂടുതല്‍ പ്രദര്‍ശന സൗകര്യം കൂട്ടുകയാണ് വേണ്ടതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മേളയ്‌ക്കെത്തുന്നവര്‍ ഗൗരവമുള്ള പ്രേക്ഷകരായി രൂപപ്പെട്ടുവരുന്നുണ്ട്. ആസ്വാദകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് നല്ല കാര്യമല്ല. പ്രദര്‍ശന സൗകര്യം വിപുലീകരിക്കുകയാണ് വേണ്ടത്. കൂടുതല്‍ സ്‌ക്രീനുകള്‍ തുടങ്ങണം. അതാവണം അക്കാദമിയുടെ അടുത്ത പദ്ധതി എന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകരെ നിയന്ത്രിക്കണമന്ന് എനിക്ക് അഭിപ്രായമില്ല. ഇപ്പോഴത്തെ കമ്മിറ്റിക്ക് അങ്ങിനെയൊരു അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. നമ്മള്‍ ഇതിനെ ജനകീയമായ ഒരു ഫെസ്റ്റിവലായി തുറന്നുകൊടുത്തു കഴിഞ്ഞു. തുടക്കകാലത്ത് സിനിമപ്രവര്‍കരും വിമര്‍ശകരും അടക്കം അഞ്ഞൂറോ ആയിരമോ ആള്‍ക്കാര്‍ക്ക് മാത്രമായി തുറന്നു കൊടുത്തപ്പോള്‍ അത് വലുതായി. അടൂരിന്റെ കാലത്താണ് അത് തുറന്നുകൊടുത്തത്. അത് ഓരോ വര്‍ഷങ്ങളായി ജനകീയമായിക്കൊണ്ടിരിക്കുകയാണ്. തിരിച്ചുപോക്ക് ഒരു പരിഹാരമാണെന്ന് എനിക്ക് തോന്നുന്നില്ല. കൂടുതല്‍ പ്രദര്‍ശന സൗകര്യം ഉണ്ടാക്കി മാത്രമേ ഇതിനെ കൂടുതല്‍ സമ്പന്നമാക്കാന്‍ പറ്റുകയുള്ളൂ.