ത്തവണത്തെ ചലച്ചിത്രമേളയില്‍ പ്രാധാന്യം കൊടുത്തത് നല്ല സിനിമകള്‍ക്കാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കാര്യമായ പരാതികളോ താളപ്പിഴകളോ ഇല്ലാത്ത മേളയായിരുന്നു ഇതെന്നും കമല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ദേശീയ ഗാനാലാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ചലച്ചിത്രമേളയെയോ വ്യക്തിപരമായി തന്നെയോ ബാധിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു.

മേളയുടെ വിജയം 

തയ്യാറെടുപ്പുകള്‍ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഞാന്‍ ചെയര്‍മാനും ബീന വൈസ് ചെയര്‍പേഴ്‌സനുമായി ചുമതലയേറ്റെടുത്ത ഉടനെ ഞങ്ങള്‍ ശ്രദ്ധ കൊടുത്തത് ഫിലിം ഫെസ്റ്റിവലിനാണ്. മറ്റ് സംഘാടനത്തേക്കാള്‍ നമ്മള്‍  പ്രാധാന്യം കൊടുക്കേണ്ടത് സിനിമകള്‍ക്കാണ്. ആദ്യം അതിനാണ് ഊന്നല്‍ കൊടുത്തത്. പരമാവധി നല്ല സിനിമകള്‍ എത്തിക്കാന്‍ ശ്രമം നടത്തുക. അതിന് ഏതൊക്കെ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്ന് നോക്കുക. ബീന പോളിനെപ്പോലെ വളരെ  പരിചയസമ്പന്നയായ ഒരു ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഉള്ളപ്പോള്‍ എനിക്ക് ജോലി കുറവായിരുന്നു. ബീനയുടെയും ബീനയുടെ ടീമിന്റെയും നല്ലൊരു പ്രവര്‍ത്തനം അതിന് പിറകില്‍ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാനുമായി ചര്‍ച്ച ചെയ്തശേഷമാണ് ബീന ചെയ്തിട്ടുള്ളത്. ഏതൊക്കെ പടങ്ങളാണ് വരുന്നത്. ഏതൊക്കെ പാക്കേജുകളിലാണ് പടങ്ങള്‍ വരുന്നത്. റിട്രോസ്‌പെക്റ്റീവ് ആരുടേതായിരിക്കണം. ഏതായിരിക്കണം കണ്‍ട്രി ഫോക്കസ്, ഏതായിരിക്കണം ഓപ്പണിങ് ഫിലിം തുടങ്ങിയ കാര്യങ്ങളെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം കൈക്കൊണ്ടത്. അതുകൊണ്ട് സിനിമയുടെ കാര്യത്തില്‍ ആര്‍ക്കും പരാതിയില്ല. അടുത്ത കാലത്തൊന്നമില്ലാത്ത രീതിയില്‍ നല്ല സിനിമകള്‍ കാണാന്‍ കഴിഞ്ഞു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഫെസ്റ്റിവലിന്റെ നടത്തിപ്പുമായുള്ള കാര്യങ്ങളിലും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ചില പ്രത്യേക സിനിമകളുമായി ബന്ധപ്പെട്ട് തിയ്യറ്ററുകള്‍ക്ക് മുന്നിലുണ്ടാവുന്ന പതിവ് തിരക്കും കശപിശയും ഒഴിച്ചുനിര്‍ത്താല്‍ വലിയ പരാതികളൊന്നുമില്ല. സിനിമയുടെ നടത്തിപ്പുമായിട്ടോ സംഘാടനവുമായിട്ടോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഷെഡ്യൂള്‍ മാറ്റുമ്പോഴുമെല്ലാമാണല്ലോ ആളുകള്‍ അസ്വസ്ഥരാവുക. അത്തരം കാര്യങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. കുടിയേറ്റം വിഷയമാക്കിയ സിനിമകള്‍ ഉള്‍പ്പെടുത്തിയതും ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗം തുടങ്ങിയതുമാണ് ഏറ്റവും വലിയ നേട്ടമായി ആളുകള്‍ കണ്ടത്. കുടിയേറ്റം ജനങ്ങള്‍ അനുഭവിക്കുന്ന വലിയ ദുരന്തങ്ങളില്‍ ഒന്നാണ്. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ജീവിക്കുകയും യുദ്ധക്കെടുതി അനുഭവിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. അവരെ അഡ്രസ് ചെയ്യാനും അഭിവാദ്യം അര്‍പ്പിക്കാനുമാണ് ചലച്ചിത്രമേളയില്‍ ഇങ്ങിനെയുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഇതൊന്നും കാണാതെ പോകാന്‍ നമുക്കാവില്ല. പോരാത്തതിന് കുടിയേറ്റം വിഷയമാക്കി ഒരുപാട് സിനിമകള്‍ ഇറങ്ങുന്നുണ്ട്.ട

വിവാദങ്ങള്‍

മറ്റ് വിവാദങ്ങളെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അതൊക്കെ മേളയ്ക്ക് പുറത്തുള്ള വിഷയങ്ങളാണ്. ദേശീയഗാനം തിയ്യറ്ററില്‍ കാണിച്ചുവോ എന്നുള്ളത് പോലീസിനും സര്‍ക്കാരിനും പരിശോധിക്കാവുന്നതാണ്. റോഡിലൂടെ  പോകുന്ന നാട്ടുകാരല്ല തീരുമാനിക്കേണ്ടത്. സുപ്രീം കോടതി വിധി പാലിച്ചോ എന്ന് നോക്കാന്‍ പോലീസുണ്ട്. മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. അതിലുള്ളത് രാഷ്ട്രീയമാണ്. വ്യക്തിഹത്യ ചെയ്യാനുള്ള താത്പര്യമായിരിക്കും. അതിലേയ്ക്ക് ഞാന്‍ കടക്കുന്നില്ല.

ഇൗ വിഷയങ്ങള്‍ സിനിമാസ്വാദനത്തെ ബാധിച്ചിട്ടൊന്നുമില്ല. ഇവിടെ സിനിമ കാണാന്‍ വന്നവര്‍ ഇതിനെ ഗൗരവത്തോടെ എടുത്തിട്ടില്ല. ഒരു വാര്‍ത്ത കേട്ട എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യവും അവര്‍ അതിന് കല്‍പിച്ചിട്ടില്ല. അവര്‍ സിനിമയില്‍ മുഴുകിത്തന്നെ കഴിയുകയായിരുന്നു. അവര്‍ക്ക് സിനിമ തന്നെയാണ് പ്രധാനം. വ്യക്തിപരമായി ഞാന്‍ ഇതിന് വലിയ വിലയൊന്നും കല്‍പിക്കുന്നില്ല. രാഷ്ട്രീയക്കാര്‍ക്ക് എന്തിനും എങ്ങിനെയും പ്രതികരിക്കാം. ഞങ്ങളുടെ ജോലി പ്രതികരിക്കുകയല്ല.

ചെയര്‍മാന് എത്ര മാര്‍ക്ക്    ഫെസ്റ്റിവല്‍ നടത്തിപ്പ് മാത്രമാണ് അക്കാദമി ചെയര്‍മാന്റെ ജോലിയെന്ന് ഞാന്‍ കുതുന്നില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ വേറെയും ചെയ്യാനുണ്ട്. ഫെസ്റ്റിവലിനെ അതിന്റെ ഭാഗമായി മാത്രമേ ഞാന്‍ കണക്കാക്കുന്നുള്ളൂ.