മൊസാബിക്കില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിയ കുടുംബത്തിന്റെ കഥയാണ് സിങ്ക് എന്ന ദക്ഷിണാഫ്രിക്കന്‍ ചിത്രം പറഞ്ഞത്. യൂറോപ്പിനെപ്പോലെ കുടിയേറ്റത്തിന്റെ വലിയൊരു വിളനിലമാണ് ദക്ഷിണാഫ്രിക്കയും. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും വലിയൊരു കഥയുണ്ട് മഴവില്‍ രാജ്യത്തിന് പറയാന്‍. ഈ പലായനത്തെയും കുടിയേറ്റത്തെയും അടുത്തറിഞ്ഞയാളാണ് സിങ്കിന്റെ സംവിധായകന്‍ ബ്രെറ്റ്  മൈക്കല്‍ ഇന്നെസ്. സിങ്കിനേക്കാള്‍ കൂടുതല്‍ പലായനത്തിന്റെ വര്‍ത്തമാനമാണ് ഇന്നെസിന് കൂടുതല്‍ പറയാനുള്ളത്.

മറ്റ് രാജ്യക്കാര്‍ അഭയം തേടി ദക്ഷിണാഫ്രിക്കയിലേയ്ക്ക് വരുന്നത് കണ്ടതില്‍ നിന്നാണ് സിങ്ക് പിറിന്നത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ക്ക് ആശ്രയമായ രാജ്യമാണ് ദക്ഷിണാഫ്രിക്ക. യുദ്ധക്കെടുതികളില്‍ നിന്നല്ല, വരള്‍ച്ചയും പട്ടിണിയും കലാപങ്ങളും മൂലമുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നാണ് അവര്‍ പലായനം ചെയ്യുന്നത്. ജൊഹനസ്ബര്‍ഗും കേപ്ടൗണുമെല്ലാം താരതമ്യേന സമ്പന്നമായ പ്രദേശങ്ങളാണ്. യൂറോപ്പിലെ കുടിയേറ്റ പ്രശ്‌നം പോലുള്ള ഒന്നല്ല അത്. ഈ വിഷയം കൈകാര്യം ചെയ്യുന്ന നിരവധി എന്‍.ജി.ഒകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് ഞാന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് സുഡാന്‍ പോലുള്ള നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് ഞാന്‍. ദക്ഷിണാഫ്രിക്കയിലെത്തുന്ന അഭയാര്‍ഥികള്‍ ചെറിയ ജോലികള്‍ ചെയ്താണ് നിത്യവൃത്തി പുലര്‍ത്തുന്നത്.

വന്‍നഗരങ്ങളിലെപ്പോലെ ഇത്തരം രാജ്യങ്ങളില്‍ സ്ത്രീശാക്തീകരണം എളുപ്പമല്ല. ഭിന്നലിംഗക്കാരോടുള്ള സമീപനം അനുഭാവപൂര്‍വമോ ആവണമെന്നില്ല. പരിഷ്‌കരിച്ച നിയമ സംവിധാനം നിലനില്‍ക്കുന്ന ഇവിടെ സ്ത്രീകള്‍ക്ക് സമത്വവും സുരക്ഷയും ഉണ്ടാകും. എന്നാല്‍, പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥ നിലനില്‍ക്കുന്ന ഗ്രാമീണ പ്രദേശങ്ങളല്‍ ഇതായിരിക്കില്ല അവസ്ഥ. അവിടെ സ്ത്രീകളോടും ഭിന്നലിംഗക്കാരോടുമെല്ലാമുള്ള സമീപനം അനുകൂലമാവണമെന്നില്ല.- ഇന്നിസ് പറഞ്ഞു.