വ്യവസ്ഥാപിതമായ ശീലങ്ങളുമായി മുന്നോട്ടുപോകുന്ന മലയാളിസമൂഹത്തിനു മുന്നിൽ വ്രണിതമായ മനസ്സോടെ കഴിയേണ്ടിവരുന്ന ഒരു വിഭാഗത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചലച്ചിത്രമേള. എൽ.ജി.ബി.ടി. (ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ) എന്ന ചുരുക്കെഴുത്തിൽ നിർവചിക്കപ്പെടുന്നവർ.

വ്യക്തി-രാഷ്ട്രീയ ദുരന്തങ്ങളുടെ എല്ലാ നാടകീയതകളെയും ആവേശിച്ചുകൊണ്ടുള്ള ഒട്ടേറെ സിനിമകൾ രാജ്യാന്തരമേളകളിൽ പ്രദർശിപ്പിച്ചുപോരുന്നുണ്ട്. ഈ പതിവു ശീലങ്ങളിൽ വൈയക്തികമായ ഒട്ടേറെ പ്രശ്നങ്ങളും സങ്കീർണതകളും അഭിസംബോധന ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. ഇങ്ങനെ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്ന വിഭാഗമാണ് എൽ.ജി.ബി.ടി.  സമൂഹത്തിന്റെ ഭാഗമാണെന്ന് ഉള്ളാലെ അംഗീകരിക്കുകയും പുറമെ അശ്ലീലമെന്നു വിധിച്ച് ചർച്ചചെയ്യാൻപോലും കൂട്ടാക്കാത്ത ഈ വിഷയങ്ങളെ പ്രാധാന്യം നൽകി സ്വീകരിക്കാൻ നാം തുടങ്ങിയിരിക്കുന്നതിന്റെ ഭാഗമായി ഈ മേളയെ കാണാം.

പുരോഗമനാത്മക സാമൂഹികബോധമുള്ളവർ എന്ന് സ്വയം അഭിമാനിക്കുമ്പോഴും യാഥാസ്ഥിതിക പരിസരങ്ങളോടു വിധേയത്വം കാണിക്കുകയാണ് നാം പലപ്പോഴും. അതുകൊണ്ടുതന്നെ ഈ സിനിമകൾ വലിയൊരു രാഷ്ട്രീയപ്രഖ്യാപനംകൂടി നടത്തുകയാണ്. ജനാധിപത്യസമൂഹത്തിൽ തങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന പ്രഖ്യാപനം. എൽ.ജി.ബി.ടി.യുമായി ബന്ധപ്പെട്ട സിനിമകളെ ഉൾക്കൊള്ളിച്ചാണ് ജെൻഡർ ബെൻഡർ എന്ന വിഭാഗം.  ഈ വിഭാഗത്തിലെ സിനിമകൾ തിരഞ്ഞെടുത്തത് യു.കെ. കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജോൺ ബദാലുവാണ്. ആറ് ചിത്രങ്ങളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫ്രണ്ട് കവർ ( യു.എസ്.എ.), എൽ.ഒ.ഇ.വി. (ഇന്ത്യ), ക്വിക്ക് ചേഞ്ച് (ഫിലിപ്പീൻസ്), രാര (സ്പാനിഷ്), സംതിങ് മസ്റ്റ് ബ്രേക്ക് (സ്വീഡൻ), ദി സമ്മർ ഓഫ് സാംഗെയ്ൽ (ലിത്വാനിയ). പാക്കേജിലുൾപ്പെടാതെയും ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ മേളയിൽ വന്നിട്ടുണ്ട്. ഡൈ ബ്യൂട്ടിഫുൾ, ബീയിങ് 17, തമാര തുടങ്ങിയവ ഉദാഹരണം.

ഇത്തരം വിഷയങ്ങൾ കൈകാര്യംചെയ്യുന്ന സിനിമകളുടെ സ്ഥിരം ചട്ടക്കൂട്ടിലും വിനിമയ രീതിയിലും ഒതുങ്ങുന്നതല്ല ജെൻഡർ ബെൻഡർ പാക്കേജ്. അതിനായി പ്രത്യേകം ശ്രദ്ധ പുലർത്തിയിട്ടുമുണ്ട്. ഈ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന സിനിമകളിൽ കുടുംബസാമൂഹിക ബന്ധങ്ങളുടെ സ്നേഹശൂന്യതയും കടന്നുവരുന്നുണ്ട്. ഡൈ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ഇതിന്റെ അതിരൂക്ഷമായ അവസ്ഥകളുണ്ട്. സൗന്ദര്യമത്സരത്തിൽ കിരീടം നേടിയ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ട തൃഷ ചടങ്ങിനിടെ കുഴഞ്ഞുവീണ് മരിക്കുകയാണ്. കടുത്ത അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന ട്രാൻസ്‌ജെൻഡർ ജീവിതാവസ്ഥയുടെ പ്രതിനിധികൂടിയാണ് തൃഷ. ചേതനയറ്റതെങ്കിലും അതിസുന്ദരമായി ഒരുക്കുകയാണ് ഒപ്പമുള്ളവർ ആ ശരീരത്തെ.

അന്ത്യോപചാരമർപ്പിക്കാൻ ഇവിടെ വന്നുപോകുന്നവരിൽ സെലിബ്രിറ്റികളേറെയാണ്. ഇവർക്കൊപ്പം ഫോട്ടോയെടുക്കുന്നതിനും സ്വയം അണിഞ്ഞൊരുങ്ങുന്നതിനും ശ്രദ്ധയും സമയവും നൽകുന്നുണ്ട് ഒപ്പമുള്ളവർ. സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ലൈക്ക് നേടുന്നുമുണ്ട്. സ്നേഹബന്ധങ്ങൾ എങ്ങനെയാകണമെന്ന് ഇവിടെ നിർവചിക്കപ്പെടുന്നില്ല.

സാമ്പത്തിക താത്‌പര്യങ്ങൾ മനുഷ്യബന്ധങ്ങളിലിടപെടുന്നതുമൊക്കെ ഈ സിനിമകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമൂഹികതയിൽ മാറ്റിനിർത്തപ്പെടേണ്ടവരല്ല എൽ.ജി.ബി.ടി. എന്ന വ്യക്തമായ സന്ദേശം പങ്കുവയ്ക്കുന്നുമുണ്ട്. മുൻകാലങ്ങളിൽ സദാചാരവിരുദ്ധമെന്ന് ആക്ഷേപിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഷയങ്ങളാണിവ. പ്രകോപിപ്പിക്കപ്പെട്ട ഒരു മൃഗത്തിന്റെ വീറോടെയായിരുന്നു ഇത്തരം പ്രമേയങ്ങളെ സമൂഹത്തിന്റെ വ്യവസ്ഥാപിത ശീലങ്ങൾ എതിർത്തുപോന്നത്.

മുൻകാലങ്ങളിൽ അനുവർത്തിച്ചുപോന്ന ചൂടൻ രംഗങ്ങളിലൂടെയുള്ള കഥപറച്ചിൽശൈലി വിട്ട് കലയ്ക്കു പ്രാമുഖ്യംനൽകിയാണ് ഇവയുടെ സംവേദനം. സംഭാഷണങ്ങളിലൂടെയും അർത്ഥതലമുള്ള മൗനങ്ങളിലൂടെയും ഇവ നേരിട്ടു പ്രേക്ഷകനോടു സംസാരിക്കുന്നു.  ഗൗരവമൊട്ടും ചോരാതെ പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കു വിടുകയും ചെയ്യുന്നു.