സത്യജിത്ത് റായിയുടെ സിനിമകളിലൂടെ തുടക്കം. ഒടുവിൽ ആഭിജാനിലും. രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുമ്പോഴും, സ്വന്തം ജീവിതകഥ പൂർത്തിയാക്കുന്നത് വരെ മരണം സൗമിത്ര ചാറ്റർജിയ്ക്ക് വേണ്ടി കാത്തുനിന്നു. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരത്തിന്റെ ഈ അവസാനചിത്രം ആഭിജാൻ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. പരബ്രത ചാതോപാധ്യായയാണ് ചിത്രത്തിന്റെ സംവിധായകൻ. 

സൗമിത്ര ചാറ്റർജിയുടെ ബാല്യകാലത്തിൽ തുടങ്ങി സിനിമകൾ സാമൂഹിക ഇടപെടലുകൾ രാഷ്രീയം ഇവയിലൂടെയെല്ലാമുള്ള യാത്രയാണ് ഈ ചിത്രം. ഒരു നടൻ എന്നതിനൊപ്പം തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെ പേരിലും അറിയപ്പെട്ടിരുന്ന വ്യക്തയാണ് സൗമിത്ര ചാറ്റർജി. ബം​ഗാളി സിനിമയിലെ വിപ്ലവകാരിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.  

പൂർണമായും സൗമിത്ര ചാറ്റർജിയുടെ ജീവിതമാണ് ആഭിജാൻ. എന്നാൽ ഒരു ഫിക്ഷണൽ സിനിമ പോലെയാണ് അതൊരുക്കിയിരിക്കുന്നത്.  സൗമിത്ര ചാറ്റർജിയെ കുറിച്ച് ഗവേഷണം ചെയ്യുന്ന ഒരാൾ അദ്ദേഹത്തിനരികിൽ വരികയും അഭിമുഖം നടത്തുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ഭൂതകാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു. ആഭിജാന്റെ കഥ സഞ്ചരിക്കുന്നത് ഇങ്ങനെയാണ്. സൗമിത്ര ചാറ്റർജിയുടെ ജീവിതത്തിലൂടെയും ബംഗാൾ സിനിമയുടെ ചരിത്രത്തിലൂടെയുമുള്ള യാത്ര.

സൗമിത്ര ചാറ്റർജി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്. അദ്ദേഹത്തിന്റെ കഥ പുതിയ തലമുറ അറിയണം. സ്വന്തം ബയോപികിൽ അദ്ദേഹം തന്നെ നായകനായതും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായി മാറിയതും എന്തോ നിയോ​ഗമാണ്. അദ്ദേഹത്തോടൊപ്പം ഈ സിനിമയുടെ ഭാ​ഗമായതിൽ ഞാൻ കൃതാർഥയാണ്- നടി പവോലി ഡാം പറഞ്ഞു.

Content Highlights : soumitra chatterjee Abhijaan IFFI 2021