പനാജി:  അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കൂഴങ്കൾ എന്ന സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകൻ പി.എസ് വിനോദ് രാജ്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ ചിത്രമാണ് കൂഴങ്കൾ. നയൻതാരയും വിഘ്‌നേഷ് ശിവനും സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രതീക്ഷയോടെ തന്നെയാണ് കൂഴങ്കൾ ഒരുക്കിയത്. എന്നാൽ ഇന്ത്യയുടെ ഓസ്‌കാർ എൻട്രിയാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടും എന്ന് തോന്നിയിരുന്നു. ഈ കഥ നിർമാതാക്കളോട് പറഞ്ഞപ്പോൾ അവർ അതിന്റെ വിപണി സാധ്യതകളെക്കുറിച്ച് ചിന്തിച്ചതേയില്ല എന്നതാണ് എന്നെ സംബന്ധിച്ച് വലിയ അംഗീകരമായി തോന്നിയത്.

കൂഴങ്കൾക്ക് പ്രചോദനമായത് തന്റെ സഹോദരിയുടെ ജീവിതവും താൻ വളർന്ന ഗ്രാമവും അവിടുത്ത ജനങ്ങളുമാണെന്ന് വിനോദ് രാജ് പറയുന്നു.

ജീവിതത്തിൽ നിന്ന് പകർത്തിയാണ് പലപ്പോഴും സിനിമകൾ സൃഷ്ടിക്കുന്നത്. കൂഴങ്കളുമതെ. എന്റെ സഹോദരിയുടെ ജീവിതവും ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്. കുഴങ്കൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ സഹോദരി വികാരനിർഭരയായി. അവർ മാത്രമല്ല അവിടെ കൂടിയിരുന്ന ഒട്ടേറെയാളുകൾ കരഞ്ഞു. ഈ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം സഹോദരിയുടെ പ്രതികരണമായിരുന്നു- വിനോദ് രാജ് കൂട്ടിച്ചേർത്തു

പതിനാല് വയസ്സുള്ള വേലു എന്ന കുട്ടിയും അവന്റെ അച്ഛൻ ഗണപതിയുമാണ് കൂഴങ്കളിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഭർത്താവിന്റെ മദ്യപാനം കാരണം സ്വന്തം വീട്ടിൽ പോയി നിൽക്കുന്ന വേലുവിന്റെ അമ്മയെ അവരുടെ വീട്ടിൽച്ചെന്ന് കൊണ്ടുവരാനുള്ള ഇരുവരുടെയും യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ചിത്രത്തിന് മേളയിൽ ലഭിച്ചത്.

content Highlights : koozhangal Movie director ps vinod raj Interview IFFI 2021