ഇരുട്ടിന്റെ ലോകത്തിൽ നിന്നുകൊണ്ട് ഒരുപാടാളുകൾക്ക് വെളിച്ചം പകർന്ന മാതൃക അധ്യാപകനാണ് നാരായണൻ ചെറുപഴശ്ശി. അന്ധതയിൽ തളരാതെ പരിമിതികളെ അവസരങ്ങളാക്കി ഉയരങ്ങൾ കീഴടക്കിയ നാരായണൻ കെൽട്രോണിൽ ജീവനക്കാരനായിരിക്കേ മികച്ച ജീവനക്കാരനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി. മാത്രവുമല്ല 1998 ൽ ധർമശാലയിൽ മാതൃകാ അന്ധവിദ്യാർഥികൾക്കുള്ള സ്‌കൂൾ സ്ഥാപിച്ച് ഒരുപാടാളുകൾക്ക് അറിവിന്റെ ലോകം തുറന്ന് കൊടുത്തു. ആ സ്ഥാപനത്തിന്റെ മേൽനോട്ടവും തിരക്കുകളുമായി നടക്കവെയാണ് ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' എന്ന ചിത്രത്തിലെത്തുന്നത്.  

ആദ്യമായാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. അതുകൊണ്ടു തന്നെ തുടക്കത്തിൽ വലിയ ആത്മവിശ്വാസം ഒന്നുമില്ലായിരുന്നു. നീന്തൽ അറിയണം എന്ന നിബന്ധന വച്ചതിന് പിന്നിലെ ലക്ഷ്യം വൈകിയാണ് ഞാൻ അറിയുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും എന്റെയും കുട്ടിയുടെയും കഥാപാത്രങ്ങൾ കായലിലൂടെ വഞ്ചിയിൽ സഞ്ചരിക്കുന്നതാണ് കാണിക്കുന്നത്. ഒരു ദിവസം ചിത്രീകരണത്തിനിടെ വഞ്ചി മറിഞ്ഞു. 'അപ്പൂപ്പാ, വഞ്ചി മറിഞ്ഞു, നീന്തിക്കോളൂ' എന്ന് കുട്ടി വിളിച്ചു പറഞ്ഞു. എനിക്ക് നീന്താൻ അറിയുമെങ്കിലും ഏത് ദിശയിലേക്കാണ് നീന്തേണ്ടതെന്ന് കാഴ്ചയില്ലാത്തതിനാൽ മനസ്സിലാകില്ല. അതുകൊണ്ടു ഞാൻ വെള്ളത്തിൽ പൊന്തി കിടന്നു. പെട്ടന്ന് തന്നെ സെറ്റിലുള്ളവർ എന്നെ രക്ഷിക്കാൻ എത്തുകയും ചെയ്തു. ജയരാജ് സാറിന്റെ ദീർഘവീക്ഷണം അപാരമാണ്. നീന്തൽ അറിയുന്നതിന്റെ ഗുണം അപ്പോഴാണ് എനിക്ക് മനസ്സിലായത്. മികച്ച ഒരു അനുഭവമായിരുന്നു. ജയരാജ് സാറും സിനിമയിലെ മറ്റു അഭിനേതാക്കളും അണിയറ പ്രവർത്തകരും സർവ പിന്തുണയും നൽകിയതിനാലാണ് അഭിനയിക്കാൻ സാധിച്ചത്.

കല്യാശ്ശേരി ഗവ ഹയർ സെക്കൻഡറിയിൽ അധ്യാപകനായ കാലത്തെ ഓർമകളും നാരായണൻ അഭിമാനത്തോടെ പങ്കുവച്ചു. കാഴ്ചയില്ലാത്ത അധ്യാപകനാണെന്നറിഞ്ഞിട്ടും ഒരിക്കൽ പോലും തന്റെ ക്ലാസ്മുറിയിൽ കുട്ടികൾ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് നാരായണൻ പറഞ്ഞു.

സാധാരണ കുട്ടികളെ മേയ്ക്കാൻ കാഴ്ചയുള്ളവർക്ക് പോലും വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ എന്റെ കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ. കുട്ടികൾ അടങ്ങിയിരിക്കില്ലെന്ന് കരുതിയാണ് ഞാൻ പഠിപ്പിക്കാൻ ചെല്ലുന്നത്. എന്നാൽ അവർ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. എന്റെ ക്ലാസിൽ ഒരിക്കൽ പോലും ബഹളം വയ്ക്കുകയോ പ്രശ്‌നമുണ്ടാക്കുകയോ ചെയ്തില്ല. മികച്ച സഹകരണമാണ് കുട്ടികളിൽ നിന്നും എനിക്ക് ലഭിച്ചത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് പിന്തുണയുമായി പലരും വരും. അവരാണ് നമ്മുടെ വളർച്ചയ്ക്ക് നിമിത്തമായി മാറുന്നത്- നാരായണൻ കൂട്ടിച്ചേർത്തു.

Content Highlights : Jayaraj Movie Niraye Thathakalulla Maram Actor Narayanan Cherupazhassi IFFI 2021