ന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ബിറ്റര്‍ സ്വീറ്റ്  എന്ന മറാത്തി ചിത്രം  ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പഞ്ചസാര വ്യവസായവുമായി ബന്ധപ്പെട്ട് കരിമ്പു പാടത്തെ വനിതാ തൊഴിലാളികള്‍ക്ക് നേരേ നടക്കുന്ന കടുത്ത ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളാണ് ചിത്രം വിളിച്ചു പറയുന്നത്. ആര്‍ത്തവകാലത്തെ നാല് ദിവസങ്ങളെ സ്ത്രീകളുടെ കാര്യക്ഷമത കുറയുന്നതിന് പരിഹാരമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ആചാരം ഇന്നവിടെ നിലനില്‍ക്കുന്നു. ഒരുപാട് സ്ത്രീകള്‍ അതിന്റെ  ഇരകളാണ്. സിനിമയുടെ ഗവേഷണവുമായി ബന്ധപ്പെട്ട് താന്‍ കണ്ടെത്തിയ യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണമായും സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആനന്ദ് മഹാദേവന്‍ പറയുന്നു.

ലോകത്തില്‍ പഞ്ചസാര കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ സാമ്പത്തികമായി ഉയര്‍ത്തുന്നതില്‍ പങ്കാളികളായ വനിതാ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന ചൂഷണത്തെയാണ് ചിത്രത്തില്‍ ഞാന്‍ അഭിസംബോധന ചെയ്യുന്നത്. ബിറ്റര്‍ സ്വീറ്റിനെ ഡോക്യുമെന്ററി ചിത്രം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം കരിമ്പു പാടത്തെ വനിതാ തൊഴിലാളികള്‍ വര്‍ഷങ്ങളായി ഹിസ്ട്രക്ടമിയുടെ ഇരകളാണ് (ഗര്‍ഭപാത്രം പൂര്‍ണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി). ദമ്പതികളായവരെ മാത്രമേ അവിടുത്തെ തൊഴിലാളായി നിയമിക്കൂ. ഒരു ദിവസം ഓരോ ദാമ്പതികളും  20 ടണ്ണോളം കരിമ്പ് അവര്‍ മുറിച്ചെടുത്തിരിക്കണം. ആറു മാസത്തോളം തുടര്‍ച്ചയായി വിളവെടുപ്പു നടക്കും. ആര്‍ത്തവ സമയങ്ങളില്‍ ഒട്ടുമിക്ക സത്രീകളും ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോകും. 20 ടണ്‍ എന്ന ലക്ഷ്യത്തില്‍ അവര്‍ക്ക് എത്താനാകുന്നില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. അതിനെ മറികടക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന രീതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചു.  ഇന്നത് ഒരു ആചാരമായി മാറിയിരിക്കുന്നു . അവരെ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതാണെന്ന് പറയാനാകില്ല. 'കരിമ്പിന്റെ തൂക്കം കുറഞ്ഞാല്‍ വലിയ പിഴയൊടുക്കേണ്ടി വരും, ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ യാതൊരു പ്രശ്‌നവും ഭാവിയിലുണ്ടാകില്ല, ഗര്‍ഭപാത്രത്തില്‍ അര്‍ബുദം വരാന്‍ സാധ്യതയുണ്ട്'- എന്നൊക്കെ പറഞ്ഞു ധരിപ്പിക്കും. ഇതൊന്നുമല്ല ഏറ്റവും ക്രൂരമായ നിര്‍ദ്ദേശം 'നിങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്താല്‍ കുട്ടികള്‍ ഉണ്ടാകില്ല അതുകൊണ്ട് യാതൊരു കുഴപ്പവുണ്ടാകില്ല' എന്ന് പറയും. ഒന്നു ആലോചിച്ച് നോക്കൂ. എത്ര ക്രൂരമാണിതെന്ന്. ഇങ്ങനെ ഓരോരോ നിര്‍ദ്ദേശങ്ങള്‍ നല്‍കി മനസ്സുമാറ്റിയാണ് അവരെ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നത്. 

കരിമ്പ് പാടത്തെ തൊഴിലാളികളെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നു എന്ന് പറഞ്ഞാണ് താന്‍ ചിത്രീകരണ അനുമതി നേടിയതെന്ന് ആനന്ദ് മഹാദേവന്‍ പറയുന്നു. കടുത്ത  വെല്ലുവിളികളെ അതിജീവിച്ചാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യമായി എനിക്ക് ഈ സിനിമയുടെ ആശയം ലഭിക്കുന്നത് ഒരു പത്രവാര്‍ത്തയിലൂടെയാണ്. വിമണ്‍ വിത്തൗട്ട് വൂംബ്‌സ് എന്നായിരുന്നു പത്രവാര്‍ത്തയുടെ തലക്കെട്ട്. അതെക്കുറിച്ച് കൂടുതല്‍ ഗവേഷണം ചെയ്തപ്പോഴാണ് അവിടുത്തെ വനിതാ തൊഴിലാളികളില്‍ വ്യാപകമായി ഹിസ്ട്രക്ടമി നടക്കുന്നുവെന്ന വിവരം ഞാന്‍ അറിഞ്ഞത്. ചില സ്ത്രീകള്‍ ഒരു കുട്ടി അല്ലെങ്കില്‍ രണ്ടു കുട്ടികളൊക്കെ ജനിച്ചതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയരാകും. ചിലരാകട്ടെ വിവാഹം കഴിഞ്ഞ് കുട്ടികള്‍ ആകുന്നതിന് മുന്‍പ് തന്നെ ശസ്ത്രക്രിയ ചെയ്യും. ഇതെല്ലാം ചെയ്യുന്നത് അതിജീവനത്തിന് വേണ്ടി മാത്രമാണ്. ഞാന്‍ വായിച്ചതിനേക്കാള്‍ ഭീകരമായിരുന്നു അവിടുത്തെ അനുഭവങ്ങള്‍.

സിനിമയിലെ നായിക അവരെയാണ് പ്രതിനിധാനം ചെയ്യുന്നത്. പിതാവിന് സുഖമില്ലാത്ത സാഹചര്യത്തില്‍ അമ്മയ്‌ക്കൊപ്പം കരിമ്പ് തോട്ടത്തില്‍ പണിയെടുക്കാന്‍ വരുന്ന പെണ്‍കുട്ടിയാണ് കേന്ദ്രകഥാപാത്രം. ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ അവള്‍ നിര്‍ബന്ധിതയാകുമ്പോള്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

ഒരു ഡോക്യുമെന്ററി ഒരുക്കുന്നുവെന്ന് ധരിപ്പിച്ചാണ് ഞാന്‍ ബീഡില്‍ എത്തിയത്. വളരെ വെല്ലുവിളിയായിരുന്നു അത്. ഈ സിനിമ സംസാരിക്കുന്ന വിഷയം അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ എനിക്ക് ചിത്രീകരിക്കാനാകില്ല. മാത്രവുമല്ല, ജീവനോടെ തിരിച്ചുവരാന്‍ സാധിക്കുമോ എന്നതും സംശയമാണ്. പഞ്ചസാര ഫാക്ടറിയുടെ രംഗം ചിത്രീകരിക്കുന്നിടത്താണ് ഞാന്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. അങ്ങനെയിരിക്കെയാണ് അവിടെ ഒരു സ്‌കൂളിലെ ചടങ്ങില്‍ എന്നെ അതിഥിയായി ക്ഷണിക്കുന്നത്. ചടങ്ങിന് ശേഷം ഒരുകൂട്ടമാളുകള്‍ എന്നെ പരിചയപ്പെടാന്‍ അരികിലെത്തി. ചിത്രീകരണത്തിന് വേണ്ടി എന്ത് സഹായം വേണമെങ്കിലും ചെയ്തു നല്‍കാമെന്നതായിരുന്നു അവരുടെ വാഗ്ദാനം. അപ്പോള്‍ ഞാന്‍ പഞ്ചസാര ഫാക്ടറിയുടെ കാര്യം എടുത്തിട്ടു. അവര്‍ എനിക്കതിനുള്ള സഹായം ചെയ്തു. ക്രമേണ എല്ലാം എന്റെ നിയന്ത്രണത്തിലായി.

സിനിമയില്‍  ഗര്‍ഭപാത്രം കാണിക്കേണ്ടി വന്നതായിരുന്നു അടുത്ത വെല്ലുവിളി.  അതിനായി ഞാന്‍ അവിടുത്തെ ഒരു ആശുപത്രിയെ സമീപിച്ചപ്പോള്‍ അവര്‍ ഒരുപാട് അപേക്ഷ ഫോമുകള്‍ എടുത്ത് നല്‍കി. അത് പൂരിപ്പിച്ചു നല്‍കിയാല്‍ എന്തിനാണ് ഞാന്‍ ഇവിടെ വന്നതെന്ന സത്യം മറ്റുള്ളവര്‍ അറിയും. അതോടെ ചിത്രീകരണം മുടങ്ങിപ്പോകും. അതുകൊണ്ട് ഞാന്‍ മുതിര്‍ന്നില്ല. ഗര്‍ഭപാത്രം ലഭിക്കാനായി ഒടുവില്‍ മധ്യപ്രദേശില്‍ പോകേണ്ടി വന്നു. അതിനായി ഞങ്ങളുടെ കലാസംവിധായകന്‍ മധ്യപ്രദേശ് വരെ യാത്ര ചെയ്തു. അത് ഫോര്‍മാള്‍ ഡിഹൈഡിലിട്ട് മുംബൈയില്‍ കൊണ്ടുവന്ന് ചിത്രീകരിക്കുകയായിരുന്നു.

തന്റെ ഈ സിനിമ ഒരുപാട് ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്നും ഈ ചൂഷണത്തിനെതിരേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ആനന്ദ് മഹാദേവന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: IFFI 2021, Bitter Sweet movie, interview with director Anant Mahadevan