റോഡിഗ്രോ ഡെ ഒലീവേറിയയുടെ പോര്‍ച്ചുഗീസ് ചിത്രം ദ ഫസ്റ്റ് ഫാളന്‍, അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദര്‍ശനത്തിനെത്തിയത്. 1980-കളുടെ തുടക്കത്തില്‍ എയ്ഡ്‌സ് പകര്‍ച്ചവ്യാധിയുടെ ആദ്യ തരംഗം ബ്രസീലിനെ ബാധിക്കുന്നതും അത് എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങളിലടക്കം ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ദ ഫസ്റ്റ് ഫാളന്റെ പ്രമേയം. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ റോഡിഗ്രോ ഡെ ഒലീവേറിയ സംസാരിക്കുന്നു.

ഈ ചിത്രം ഇരകള്‍ക്കുള്ള ആദരം

983-ല്‍ ബ്രസീലില്‍ എയ്ഡ്സ് പകര്‍ച്ചവ്യാധിയുടെ ആദ്യ തരംഗത്തിന് ഇരയായ എല്‍.ജി.ബി.ടി.ക്യൂ സമൂഹത്തില്‍പ്പെട്ട എന്റെ പൂര്‍വികര്‍ക്കുള്ള ആദരാഞ്ജലിയാണ് ഈ ചിത്രം. അക്കാലത്തെ അജ്ഞാത വൈറസായ എയ്ഡ്‌സിനെക്കുറിച്ചുള്ള പോരാട്ടത്തെക്കുറിച്ച് ചരിത്ര രേഖകളില്ല. ഒരുപാട് ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1980 കളില്‍ ബ്രസീലിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെയും വിവേചനത്തിന്റെയും പറയാത്ത കഥകള്‍ ലോകത്തോട് പറയാനുള്ള ശ്രമമാണിത്. ഇത് ഭൂതകാലത്തിന്റെ ഛായാചിത്രമാണ്.

ചരിത്രം നമ്മെ പരിഗണിക്കുന്നില്ല

നമ്മള്‍ നമ്മുടെ തന്നെ ചരിത്രകാരന്മാരായി പ്രവര്‍ത്തിക്കുകയാണ്. കാരണം ഔദ്യോഗിക ചരിത്രം നമ്മെ പരിഗണിക്കുന്നില്ല. നമ്മുടെ ജീവിതം ഡോക്യുമെന്റ് ചെയ്യേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. യൂറോപ്പും പാശ്ചാത്യ രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന വ്യാഖാനങ്ങളില്‍ പലതിനെയും നാം ചെറുക്കേണ്ടതുണ്ട്. ബ്രസീലില്‍ എച്ച്‌ഐവി ബാധിതരായ ഒരു സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷനോ ട്രാന്‍സ്സെക്ഷ്വല്‍ സ്ത്രീയോ എങ്ങനെയായിരിക്കുമെന്നത് ഭാവനയ്ക്ക് അതീതാണ്. 1983, വൈറസിന് ഒരു പേരുപോലും ഇല്ലായിരുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുക

ഒരു സ്വവര്‍ഗാനുരാഗി എന്ന നിലയില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയെക്കുറിച്ച് ഇന്നും പിന്തിരിപ്പന്‍ ചിന്താഗതി വച്ചു പുലര്‍ത്തുന്നവര്‍ ധാരാളം ഈ ലോകത്തുണ്ട്. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ അതിനെ പരിഹസിച്ച് തള്ളുന്ന കാഴ്ച ധാരാളം ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ കഷ്ടപ്പാടുകളുടെ ചരിത്രം എന്നെപ്പോലുള്ളവര്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ മറ്റാരും അത് രേഖപ്പെടുത്തില്ല.

Content Highlights: IFFI 2021, the first fallen movie, rodrigo de oliveira interview