52-ാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രോത്സവം ഗോവയിൽ അരങ്ങേറുമ്പോൾ കഴിഞ്ഞ 15 വർഷത്തോളം തുടർച്ചയായി മേളയിലെ ഡെലിഗേറ്റായി പങ്കെടുക്കുകയും നിരവധി അന്താരാഷ്ട്ര സിനിമകൾ കാണുകയും 2018 ലെ ഇന്ത്യൻ പനോരമയുടെ റെഡ് കാർപ്പറ്റിൽ തന്റെ ആദ്യ സിനിമയായ 'സിൻജാർ' ലൂടെ മികച്ച നവാഗത സംവിധായകനും ജസരിയിലെ മികച്ച സംവിധായകനുമായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ പാമ്പള്ളിക്ക് സിനിമകളെക്കുറിച്ച് ഏറെ പറയാനുണ്ട്. അതിലേറെ ഇത്തവണ 67-ാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയും ഇത്തവണത്തെ ഓസ്‌കാർ ഇന്ത്യൻ സെലക്ഷൻ ജൂറി മെമ്പറും 7-ാമത് ഷിംല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലെ ജൂറികൂടെയായ പാമ്പള്ളി വളരെ ഗൗരവത്തിൽ തന്നെയാണ് ഇത്തവണത്തെ സിനിമകളെ തന്റെ അനുഭവങ്ങളാക്കി മാറ്റി, താൻ വീണ്ടും ഒരു സിനിമ വിദ്യാർത്ഥിയായി എന്ന് സ്വയം വിലയിരുത്തുന്നത്. കൂടാതെ നാഷണൽ ഫിലിം അവാർഡ് ജൂറിയിലും ഓസ്‌കാർ സെലക്ഷൻ ജൂറിയിലും ഏറ്റവും പ്രായം കുറഞ്ഞ ജൂറി മെമ്പറുമായതും, ഇന്ത്യയിലെ മികച്ച വിഭാഗങ്ങളിലെല്ലാം ചുരുങ്ങിയ കാലഘട്ടത്തിൽ പ്രവർത്തിക്കാനായി എന്നതും സിനിമ ജീവിത്തിലെ മികച്ച നേട്ടമായി കണക്കാക്കാം.

2022 ലെ ഓസ്‌കാർ ഇന്ത്യൻ സെലക്ഷൻ ലഭിക്കപ്പെട്ട കൂഴങ്കൾ (Pebbles) സിനിമ വിദേശ ഭാഷാ വിഭാഗത്തിൽ മത്സരിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ജൂറി മെമ്പർമാരിൽ ഒരാളാണ് പാമ്പള്ളി. റോട്ടർഡാം പുരസ്‌കാരം നേടിയ 'കൂഴങ്കൾ' ഇത്തവണ ഇന്ത്യയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു എന്ന്  അഭിപ്രായപ്പെട്ടതോടൊപ്പം ഗോവയിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിക്കപ്പെട്ട ചിത്രം കണ്ടിറങ്ങിയ ഏവരും ജൂറിയുടെ സെലക്ഷൻ വെറുതെയാവില്ലെന്ന അഭിപ്രായം തുറന്നു കാട്ടി. ഇന്ത്യയിൽ നിന്നും മറ്റു നിരവധി നല്ല സിനിമകളും കൂഴങ്കളിനോടൊപ്പം ഓസ്‌കാർ സെലക്ഷനായി മത്സരിച്ചിരുന്നു. പല ചിത്രങ്ങളും വളരെ മികച്ച നിലവാരം പുലർത്തിയിരുന്നു. മികച്ച ചിത്രങ്ങളും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ മികവു കാണിച്ചു. അതുകൊണ്ടു തന്നെ കൃത്യമായ ഒരു തിരഞ്ഞെടുപ്പ് ജൂറി മെമ്പർമാർക്ക് ഏറെ ശ്രമകരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും വിദേശഭാഷാ വിഭാഗത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഒരു സിനിമയ്ക്ക് മാത്രമാണ് മത്സരിക്കാൻ അനുമതിയുള്ളത്. അതുപ്രകാരം ഏതെങ്കിലും ഒരു ചിത്രം മാത്രം തിരഞ്ഞെടുത്തേ മതിയാവൂ എന്ന നിർബന്ധനയ്ക്കു മുൻപിൽ ജൂറി ചെയർമാൻ കൂടിയായ ഷാജി.എൻ.കരുൺ സാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങൾ ഏറെ ചർച്ചകൾക്ക് ശേഷമാണ് കൂഴങ്കൾ ഇന്ത്യൻ സെലക്ഷനായി മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഈ സിനിമ ഓസ്‌കാറിലേക്ക് തിരഞ്ഞെടുത്തതിനെപ്പറ്റിയും ചില മറ്റു സിനിമകൾ തിരഞ്ഞെടുക്കപ്പെടാത്തതിനെക്കുറിച്ചും നിരവധി ചർച്ചകളും മറ്റും സോഷ്യൽ മീഡിയകളിൽ വന്നിരുന്നു. പക്ഷേ, കഴിഞ്ഞ 15 വർഷക്കാലത്തെ വിദേശ-ഭാഷാ വിഭാഗത്തിൽ ഓസ്‌കാറിൽ തിരഞ്ഞെടുക്കപ്പെടുകയും അവാർഡുകളും മറ്റും നേടിയ ഓസ്‌കാർ സിനിമകളെ പഠിക്കാൻ വേണ്ടി അതിനെക്കുറിച്ചുള്ള വിശദമായ റഫറൻസുകൾ കൃത്യമായി എല്ലാ മെമ്പർമാർക്കും ജൂറി ചെയർമാനായ ഷാജി.എൻ.കരുൺ സാർ നൽകുകയും അത്തരം സിനിമകളെക്കുറിച്ച് വിശദമായ വിശകലനം നടത്തിയതിനും ശേഷമാണ് തിരഞ്ഞെടുപ്പിനായി സിനിമകളെ എല്ലാ ജൂറി മെമ്പർമാരും സമീപിച്ചത്. 'കൂഴങ്കൾ' എന്ന വിനോദ് രാജ് സിനിമയെക്കുറിച്ച് പറയുമ്പോൾ, പഴയ രീതിയിലാണ് സിനിമയുടെ ക്രാഫ്റ്റും അവതരണ രീതിയും നിലനിൽക്കുന്നതെങ്കിലും ശക്തമായ ഒരു മാനുഷികമായ വേദന (pain) സിനിമയിലെ പ്രധാന കഥാപാത്രമായ അച്ഛനിലും മകനിലും ഇഴ ചേർന്നു കിടക്കുന്നുവെന്നും മകനിലൂടെയും അച്ഛനിലൂടെയും സിനിമ അനുഭവസ്ഥനാവുന്ന പ്രേക്ഷകനിലൂടെയും വിവിധ ഡയമെൻഷനുകളിൽ ചിത്രം ഒരുപോലെ കൊണ്ടുപോവുന്നുവെന്നും കൂഴങ്കല്ലിനെ വിലയിരുത്തി. പതിവുപോലെ വീണ്ടും ഇന്ത്യയിലെ ദാരിദ്ര്യവും ശിഥിലമാവുന്ന കൂടുംബ പശ്ചാത്തലവും പുരുഷാധിപത്യവുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും ഈ സിനിമയിൽ ഇതിവൃത്തമാവുന്നുണ്ടെങ്കിലും സിനിമ കാഴ്ചക്കാരിലേക്ക് മറ്റൊരു തരത്തിൽ സംവേദിക്കുന്നുണ്ടെന്നും 'ടോട്ടാലിറ്റി'യിൽ സിനിമ മികച്ചു നിൽക്കുന്നുവെന്ന് പാമ്പള്ളി അഭിപ്രായപ്പെട്ടു.

ഇത്തവണ ഗോവ ഫിലിം ഫെസ്റ്റിവലിൽ റഷ് ക്യൂ ഇല്ലാതാവുകയും കലാ അക്കാദമി പോലെ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന വേദി ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ ആഗ്രഹിച്ച പല സിനിമകളും കാണുവാൻ സാധിച്ചില്ല. ഓൺലൈനിൽ മാത്രം ബുക്ക് ചെയ്ത് സിനിമകൾ കാണുക എന്നത് കൂടുതൽ ബുദ്ധിമുട്ടു നിറഞ്ഞതായിമാറി. ഇത്തവണ ഫെസ്റ്റിവൽ പുസ്തകങ്ങളോ, മറ്റു ഫെസ്റ്റിവൽ ചാർട്ടുകളോ ഇല്ലാത്തതും സിനിമകളെ വ്യക്തമായി വിലയിരുത്തി കണ്ടെത്തി ബുക്ക് ചെയ്ത് കാണുവാൻ ഏറെ വിഷമങ്ങൾ സൃഷ്ടിച്ചുവെന്നും അതുകൊണ്ടു തന്നെ ഇത്തവണ കാണാതെ പോയ മികച്ച പല സിനിമകളും കാണാൻ മറ്റെതെങ്കിലും ഫെസ്റ്റിവലുകളിൽ സാധ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബൗധ്യയൻ മുഖർജി, മോണിക്ക മുഖർജി എന്നിവർ ചേർന്ന് നിർമ്മിച്ച്  അഭിനന്ദൻ ബാനർജി സംവിധാനം ചെയ്ത 'മണിക്ബാബുർ മേഖ്' എന്ന ബംഗാളി സിനിമ ഏറെ ആകർഷിച്ചുവെന്നും സാധാരണക്കാരനായ പ്രധാനകഥാപാത്രം കോവിഡ് കാലഘട്ടത്തിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പ്രധാന തന്തുവാകുന്ന സിനിമ സംവിധാനം കൊണ്ടും തിരക്കഥ കൊണ്ടും മികച്ചു നിന്നു. ഗോവ ഫെസ്റ്റിവലിൽ നിരവധി സിനിമകൾ കോവിഡ് പശ്ചാത്തലമാക്കി വന്നുതിൽ ഏറ്റവും മികച്ചു നിന്ന ഒരു ചിത്രമായി ഇതിനെ കണക്കാക്കാം. ചിത്രത്തിന്റെ ഛായാഗ്രഹണവും സൗണ്ട് ഡിസൈനും ഏറെ മികച്ചതായിരുന്നു. പ്രധാന കഥാപാത്രം അഭിനയിച്ച ചന്ദൻസെൻ ഈ സിനിമയിൽ മികച്ചു നിന്നു. കരിമ്പിൻ തോട്ടങ്ങളിലെ പാവപ്പെട്ട തൊഴിലാളികളായ സ്ത്രീകളെ ചൂഷണം ചെയ്ത്, ആർത്തവം ഒഴിവാക്കാൻ ഗർഭപാത്രം നീക്കി ചെയ്ത് ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്ന ചൂഷിത വലയത്തിന്റെ കഥ പറഞ്ഞ ആനന്ദ് നാരായണൻ മഹാദേവൻ സംവിധാനം ചെയ്ത 'ബിറ്റർ സ്വീറ്റ് ' പനോരമയിലെ മികച്ച സിനിമകളിലൊന്നായി. മലയാളത്തിന്റെ അഭിമാനം രക്ഷിക്കാൻ ശക്തമായ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും ഉപേക്ഷിക്കപ്പെടുന്നതിന്റെ വ്യഥയും ചാലിച്ച ജയരാജിന്റെ 'നിറയെ പച്ച തത്തകളുള്ള മരം' വും ജയസൂര്യ നായകനായി രഞ്ചിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി'യും മാത്രമായി ചുരുങ്ങി. നാഷണൽ ഫിലിം അവാർഡ് ജൂറി, ഓസ്‌കാർ സെലക്ഷൻ ജൂറി, ഷിംല ഫെസ്റ്റിവൽ ജൂറി എന്നിവയുടെ സ്ഥാനങ്ങളിൽ ഇരുന്ന് ഈ കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി സിനിമകൾ കാണാനും വിലയിരുത്താനും സാധ്യമായത് തനിക്ക് കൂടുതൽ സിനിമയെ പഠിക്കാനും വീണ്ടും ഒരു വിദ്യാർത്ഥിയാവാനും സാധിച്ചുവെന്ന് പാമ്പള്ളി പറയുന്നു.

യാന്ത്രികതയുടെയും പ്രണയത്തിന്റെയും വശങ്ങളെ ശക്തമായി സ്പർശിച്ച 'ഐ ആം യുവർ മാൻ' മികച്ച നിലവാരം പുലർത്തി. റോബോട്ടിനെ പ്രണയിക്കുന്ന യുവതിയിലൂടെ കഥയുടെ ചുരുളഴിയുന്നു. യാന്ത്രികതയും ഫാന്റസിയും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധം പ്രണയത്തിലൂടെ ചാലിച്ചു പറഞ്ഞപ്പോൾ ചിത്രം മികച്ചു നിന്നു. വളരെ വ്യത്യസ്ഥതമായ അവതരണവും സബ്ജക്ടും ചിത്രത്തിനെ കൂടുതൽ പ്രധാന്യം നേടിക്കൊടുത്തു. പാബ്ലോ ലാറിൻ സംവിധാനം ചെയ്ത സ്പെൻസർ, ജൂലിയ ഡുക്കോറിനൗ സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയായ ടൈറ്റാനി എന്നിവയും മികച്ചവയായിരുന്നു. ടൈറ്റാൻ ഇത്തവണത്തെ വിദേശ ഭാഷാ വിഭാഗത്തിൽ ഓസ്‌കാറിലേക്ക് മത്സരിക്കുന്ന ചിത്രവും കൂടിയാണ്. യുവതിയുടെ ഇരട്ട ജീവിതം പ്രതിഫലിപ്പിച്ച 'സ്‌ക്വാഡ് ' വേറിട്ടു നിന്നു. യാർഥാർത്ഥ ജീവിതവും സോഷ്യൽ മീഡിയയിലെ വെർച്വൽ ജീവിതവും യുവതിയുടെ ജീവിതത്തിലുണ്ടാക്കി തീർക്കുന്ന വഴിത്തിരുവുകളെ പ്രതിപാദിച്ച സ്‌ക്വാഡ് പാമ്പള്ളിയുടെ ഇഷ്ട ചിത്രങ്ങളിലൊന്നായി. ഓസ്‌കാറിന് വേണ്ടി മത്സരിക്കുന്ന അസ്ഹർ ഫർഹാദിയുടെ 'എ ഹീറോ' പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല. കടം കൊടുത്ത രൂപ തിരിച്ചടക്കാത്തതിനാൽ ജയിലിലായ സിനിമയിലെ ഹീറോ, രണ്ട് ദിവസത്തെ പരോളിന് ഇറങ്ങിയിട്ട് തന്റെ കേസ് പിൻവലിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെ 'എ ഹീറോ' പ്രേക്ഷകരുടെ മനസ്സിനെ അവസാനം വരെ പിടിച്ചു നിർത്തുന്നുണ്ട്.

ഇന്ത്യൻ റീജണൽ സിനിമകളിൽ മറാത്തി, ബംഗാളി, മലയാളം സിനിമകൾ ഉയർന്ന നിലവാരത്തിലേക്ക് ശക്തമായി ഉയർന്നു വരുന്നുണ്ടെന്നും ഇന്ത്യയിലെ റീജണൽ ഭാഷാ സിനിമകളുടെ ശ്രേണി അതി ശക്തമായി ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും വരും വർഷങ്ങളിൽ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നും മികച്ച ഒട്ടനവധി സിനിമകൾ നിർമ്മിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു. യദുകൃഷ്ണൻ സംവിധാനം ചെയ്ത സംസ്‌കൃത സിനിമ 'ഭാഗവതജുഗം' , ഉത്തരാഖണ്ഡിൽ നിന്നും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 'സൺപത്' എന്നീ സിനിമകൾ ഇതിനൊരു ഉദാഹരണമാണ്. നാഷണൽ അവാർഡ്-ഇന്ത്യൻ പനോരമ സെലക്ഷൻ എന്നിവയിൽ വിജയിക്കുന്നവർക്ക് ലഭ്യമാവുന്ന ചെറിയ തുകകൾ മാറ്റി നിർത്തിയാൽ ഇത്തരം സിനിമയുടെ നിർമ്മാതാക്കൾക്ക് പ്രേത്യകിച്ച് സർക്കാർ തലത്തിൽ നിന്നും ഒന്നും ലഭിക്കുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാൻ ഇനിയും നല്ല പദ്ധതികളും മറ്റും കണ്ടെത്തണമെന്നും ഇപ്പോൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന താനുൾപ്പെടെയുള്ള യുവാക്കളായ ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഭാവി പ്രവർത്തനം കൂടുതൽ പ്രോത്സാഹനവും ഊർജ്ജം നൽകുമെന്നും പാമ്പള്ളി വ്യക്തമാക്കി.

Content Highlights: Director Pampally on Koozhangal, Oscar entry Jury, National awards, IFFI 2021