പനാജി: രാജ്യാന്തര ചലച്ചിത്ര മേള 52 പതിപ്പുകൾ പൂർത്തിയാക്കുന്ന ഈ വേളയിൽ ബിർജ് ഭൂഷൺ ചതുർവേദി തന്റെ 86-ാം പിറന്നാളാഘോഷത്തിനുള്ള ഒരുക്കത്തിലാണ്. വാർധക്യ സഹജമായ അസ്വസ്ഥതകൾ ഏറെയുണ്ടെങ്കിലും വാക്കിങ് സ്റ്റിക്കുമായി ചുറുചുറുക്കോടെ തിയേറ്ററിൽ നിന്ന് തിയേറ്ററിലേക്ക് ഓടി നടക്കുകയാണ്. ഇൻഡോറിൽ നിന്നാണ് വരുന്നത്, മേളയിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളാണ്. എന്താണ് പ്രത്യേകത എന്ന് ചോദിക്കുന്നവരോട് അദ്ദേഹം അഭിമാനത്തോടെ പറയും, ഇതെന്റെ 50-ാമത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണെന്ന്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 52 പതിപ്പുകളിൽ ബിർജ് ഭൂഷൺ ചതുർവേദി നഷ്ടപ്പെടുത്തയത് വെറും രണ്ടു മേളകൾ മാത്രം.

'എന്റെ പിതാവ് മരണപ്പെട്ടപ്പോഴും മകൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നപ്പോഴും രണ്ടു വട്ടം എനിക്ക് ചലച്ചിത്ര മേളയിൽ പങ്കെടുക്കാനായില്ല''. അതൊരു വലിയ നഷ്ടമായിരുന്നുവെന്ന്  ബിർജ് ഭൂഷൺ ചതുർവേദി പറയുന്നു.  ബിർജ് ഭൂഷൺ ചതുർവേദി എന്ന് നീട്ടിവിളിക്കേണ്ട ബിബിസി എന്ന പേരിലാണ് താൻ ചലച്ചിത്ര മേളകളിൽ അറിയപ്പെടുന്നതെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

1952 മുംബെെയിൽ ആദ്യമായി ചലച്ചിത്ര മേള സംഘടിപ്പിക്കുമ്പോൾ തനിക്ക് 17 വയസ്സോളമായിരുന്നു പ്രായമെന്ന് ചതുർവേദി പറയുന്നു. അന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനത്തിന് വന്നതെല്ലാം നന്നായി ഓർക്കുന്നു. പിന്നീട് ന്യൂഡൽഹിയിലേക്ക് മേള ചേക്കേറി. അതിന് ശേഷം കൊൽക്കത്തയിലും മുംബെെയിലും ബെംഗളൂരുവിലുമെല്ലാം വിവിധ വർഷങ്ങളിൽ. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് താൻ മേളയിൽ പങ്കെടുക്കുമെന്ന് ചതുർവേദി പറയുന്നു.

കുട്ടിക്കാലം മുതൽ തന്നെ സിനിമയോട് അതിയായ താൽപര്യം ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഒരു നഗരത്തിലെ ഒരു ടാക്കീസിൽ ജോലിയ്ക്ക് കയറി. ടിക്കറ്റ് നൽകുന്നതും തിയേറ്റർ അടിച്ചു വാരി വൃത്തിയാക്കുന്നതുമായിരുന്നു പ്രധാന ജോലി. സ്കൂൾ പഠനത്തിന് ശേഷം  മാധ്യമസ്ഥാപനത്തിൽ ജോലിയ്ക്ക് കയറി. അവിടെ നിന്നാണ് സിനിമയെക്കുറിച്ചുള്ള എഴുത്ത് ആരംഭിച്ചത്. രാമായണം ടെലിവിഷൻ സീരീസിന്റെ സംവിധായകൻ രാമാനന്ദ് സാഗർ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് കേന്ദ്ര സർക്കാർ ചലച്ചിത്രമേള സംഘടിപ്പിക്കുന്നുവെന്ന് എന്നോട് പറയുന്നത്. ഒരു കൗതുകത്തിനാണ് ആദ്യമായി പങ്കെടുത്തത്. പിന്നീടത് ലഹരിയായി മാറി. ഇന്നത് 52-ാമത് മേളയിൽ എത്തി നിൽക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഞാൻ രണ്ടുവട്ടം പങ്കെടുത്തിട്ടുണ്ട്- ചതുർവേദി പറയുന്നു.

പൊളിറ്റിക്കൽ സയൻസിൽ ഉപരിപഠനത്തിന് ശേഷം ഇൻഡോറിലെ ഒരു കോളേജിൽ അധ്യാപകനായി ജോലിയ്ക്ക് കയറിയ ചതുർവേദി പിന്നീട് വെെസ് പ്രിൻസിപ്പലായാണ് വിമരിച്ചത്. അധ്യാപകനായി ജോലി നോക്കുമ്പോഴും ചലച്ചിത്രമേളകളിൽ തുടർച്ചയായി പങ്കെടുക്കുകയും ഇൻഡോർ, സമാചാർ, രാജസ്ഥാൻ പത്രിക തുടങ്ങിയ പത്രങ്ങൾക്ക് വേണ്ടി ചലച്ചിത്ര നിരൂപണങ്ങൾ എഴുതുകയും ചെയ്തു. ഇന്ന് എഴുതാൻ വയ്യെങ്കിലും മേളയിൽ പങ്കെടുക്കാനുള്ള ഇച്ഛാശക്തിയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ചതുർവേദി.

''വർഷങ്ങൾക്ക് മുൻപ് നാല് മക്കളിലൊരാൾ മരിച്ചു. കഴിഞ്ഞ വർഷം ഭാര്യ ഊർമിളയും. ജീവിതത്തിൽ തളർന്ന് പോകുന്ന നിമിഷങ്ങളിലെല്ലാം എന്നെ പിടിച്ചുയർത്തുന്നത് സിനിമയാണ്. ഒരേയൊരു ജീവിതമേയുള്ളൂ, അത് ആവോളം ആഘോഷിക്കുക. ആ ചിന്തയാണ് മുന്നോട്ടുള്ള ഊർജ്ജം''- ചതുർവേദി നയം വ്യക്തമാക്കുന്നു.


Content Highlights : Brij Bhushan Chaturvedi, popularly known as BBC in IFFI 2021, BBC Life Story