സിനിമ സ്വപ്‌നം കണ്ട് മുന്നിട്ടിറങ്ങിയ ഒരു കൂട്ടം യുവാക്കളുടെ സ്വപ്‌ന പദ്ധതിയാണ് ഹിന്ദിയിൽ ഒരുക്കിയ ആൽഫ ബീറ്റ ഗാമ. ലോക്ഡൗൺ കാലത്ത് രസകരമായ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രതിനിധികളായി വർഷങ്ങളായി വന്നുകൊണ്ടിരുന്ന തങ്ങൾക്ക് ഈ വർഷം സിനിമയുമായി വരാൻ സാധിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് സിനിമയുടെ നിർമാതാക്കളിലൊരാളായ മലയാളി ജിതിൻ രാജ് പറയുന്നു.

ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നിഷാൻ, റീന അഗർവാൾ, അമിത് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാതി മലയാളിയായ ശങ്കർ ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അണിയറ പ്രവർത്തകരിലെയും അഭിനേതാക്കളിലെയും മിക്കവരും പുതുമുഖങ്ങളും ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർഥികളുമായിരുന്നു. 40 പേരടങ്ങുന്ന ഒരു ക്രൂവാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലോക് ഡൗൺ സമയത്ത് ഒരു ഫ്‌ലാറ്റിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.  അതു തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജിതിൻ രാജ് പറയുന്നു.

ഡ്രാമഡി വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തത്. കോമഡിയും ഡ്രാമയും ചേർന്ന ജോണറാണ് ഡ്രാമഡി. ഒരു മേൽക്കൂരക്കുള്ളിലാണ് സിനിമ പൂർണമായും ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ആവർത്തന വിരസത വന്നേക്കാം. ആ വെല്ലുവിളിയെ മറികടക്കേണ്ടത് തിരക്കഥയിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ്. അത് സാധിച്ചുവെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

പുതിയ തലമുറയിലെ കുറച്ച് കലാകാരൻമാരുടെ സ്റ്റാർട്ട് അപ്പ് സംവിധാനം പോലെയാണ് ഈ ചിത്രമെടുത്തത്. യുവപ്രതിഭകൾക്ക് നല്ല കാമ്പുള്ള സിനിമകൾ സൃഷ്ടിക്കാൻ അവസരം നൽകി ഇന്ത്യയിലെ സിനിമാസംസ്‌കാരത്തിന് ഒരു മാതൃക നൽകാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹിന്ദിയിൽ മാത്രമല്ല മലയാളമടക്കമുള്ള മറ്റു പ്രദേശിക ഭാഷകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നതാണ് ലക്ഷ്യം.

content highlights : alpha beta gamma movie producer jithin raj iffi 2021