യ്മി ബറുവ സംവിധാനം ചെയ്ത സെംഖോർ’ ദിമാസ ഭാഷയിലുള്ള ചിത്രമാണ് ഇന്ത്യൻ പനോരമയിൽ ഫീച്ചർ വിഭാ​ഗത്തിൽ ആദ്യമായി പ്രദർശനത്തിനെത്തിയത്. ഇതാദ്യമായാണ് ഈ ഭാഷയിലുള്ള ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടുന്നത്. ആസാമിലെ ഒരു ​ഗോത്രസമൂഹത്തെ ചുറ്റിപ്പറ്റിയാണ് സെംഖോറിന്റെ കഥ വികസിക്കുന്നത്. പുരുഷാധിപത്യത്തിലൂന്നിയ പ്രാകൃത ആചാരങ്ങൾക്ക് മുന്നിൽ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന സ്ത്രീകളെ സെംഖോർ വരച്ചു കാണിക്കുന്നു. എയ്മി ബറുവ തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംവിധായിക സംസാരിക്കുന്നു.

സെംഖോറിലെ സെംസകൾ

പുറം ലോകത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരു ​ഗോത്രവിഭാ​ഗമാണ് സെംഖോറിലെ സെംസകൾ. ഒരു ചെറിയ പത്രവാർത്തയിൽ നിന്നാണ് ഞാൻ അവരെക്കുറിച്ച് മനസ്സിലാക്കുന്നത്. 2017 ലാണ് ആദ്യമായി അവരുടെ ​സെംഖോറിലേക്ക് യാത്ര ചെയ്യുന്നത്. അവരുടെ ഭാഷ, ജീവിതരീതി തുടങ്ങിയ മനസ്സിലാക്കിയപ്പോൾ അത് കൗതുകമായി മാറി. അങ്ങനെയാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ ​ഗോത്രത്തെക്കുറിച്ച് ആഴത്തിൽ ​ഗവേഷണം ചെയ്യുന്നതിന്റെ ഭാ​ഗമായി ദിമാസ ഭാഷയും ഞാൻ ഒരുവിധം പഠിച്ചെടുത്തു.

Aimee
സെംഖോറിന്റെ ചിത്രീകരണത്തിനിടെ എയ്മി ബറുവ

പുറം ലോകവുമായി യാതൊരു സമ്പർക്കവുമില്ലാത്ത ഒരു ജനവിഭാ​ഗമാണവർ. അവരുടെ ലോകം വളരെ ചെറുതാണ്. സാങ്കേതിക വിദ്യ എന്താണെന്ന് പോലും അവർക്കറിയില്ല. മൊബെെൽ ഫോണോ ഇന്റർനെറ്റോ അങ്ങനെ യാതൊന്നും തന്നെയില്ല. വളരെ സന്തോഷത്തോടെയാണ് അവർ ജീവിക്കുന്നത്. കൃഷിയും വനവുമാണ് അവരുടെ ജീവിതമാർ​ഗം. സ്ത്രീകൾ പൊതുവേ കാർഷികവൃത്തിയിൽ ഏർപ്പെടും. പുരുഷൻമാർ കാടുകളിൽ ചെന്ന് വനവിഭവങ്ങൾ ശേഖരിക്കും. പുറത്ത് നിന്ന് കൊണ്ടുവരുന്നതൊന്നും അവർ ഉപയോ​ഗിക്കുകയില്ല. എണ്ണ ഉപയോ​ഗിച്ച് പാചകം ചെയ്യുകയില്ല. 

സംവിധായിക നായികയായി...

സെംസ വിഭാ​ഗത്തിലുള്ളവരെ തന്നെ അഭിനേതാക്കളായി സിനിമ ചെയ്യാനായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ വരാൻ ഒട്ടും ആ​ഗ്രഹിക്കാത്തവരാണവർ. സിനിമയൊന്നും അവരെ സംബന്ധിച്ച വിഷയമല്ല. ചിത്രത്തിലെ നായികയായി ഞാൻ‌ തന്നെ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. അഭിനേതാക്കളായി ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ലാത്ത സാധാരണക്കാരെ തിരഞ്ഞെടുത്തു. എന്നാൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അവർ കാഴ്ച വച്ചത്. അതു തന്നെയാണ് സിനിമയുടെ കരുത്തും.

Aimee 2

പ്രതികരണങ്ങളിൽ ഏറെ സന്തോഷം

ഇന്ത്യയിലെ മറ്റു സിനിമാ ഇൻഡസ്ട്രികളെവച്ചു നോൽക്കുമ്പോൾ ആസാമീസ് സിനിമകൾ വളരെ ചെറുതാണ്. ഞങ്ങളുടെ സിനിമയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള പോലെ ഒരു വലിയ വേദി ലഭിച്ചതിൽ അഭിമാനം തോന്നുന്നു. പ്രതികരണങ്ങളിൽ അതിയായ സന്തോഷം.

Content Highlights: Aimee Baruah, Semkhor movie, IFFI 2021