അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന മൂന്ന് ചിത്രങ്ങളിലെ നായികയാണ് ഗോവൻ സ്വദേശിയായ രാവി കിഷോർ. ഗോവൻ ചിത്രങ്ങൾക്കുള്ള പ്രത്യേക വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കുപാംചോ ദര്യോ, എൻ.എഫ്.ഡി.സി ഫിലിം ബാസാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറാത്തി ചിത്രം വാത്, ഷമൽ ചാക്കോ സംവിധാനം ചെയ്ത പീകാബൂ എന്നീ ചിത്രങ്ങളിലെ നായികയാണ് രാവി കിഷോർ. 

മലയാളത്തിൽ മൂന്ന് ചിത്രങ്ങളിലാണ് രാവി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ കെ.എം സംവിധാനം ചെയ്യുന്ന പട, പ്രതീഷ് സെബാൻ സംവിധാനം ചെയ്യുന്ന മോഡസ് ഓപ്പറാണ്ടി, നിധിൻ തോമസ് കുരിശിങ്കലിന്റെ റഷ്യ തുടങ്ങിയ ചിത്രങ്ങളിൽ രാവി പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറിയതാണ് രാവി. മലയാളം പഠിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ. വളരെ ബുദ്ധിമുട്ടേറിയ ഭാഷയാണ് മലയാളം, സംസാരിക്കാൻ മാത്രമല്ല എഴുതാനും വായിക്കാനും പഠിക്കുകയും ചെയ്യുന്നുണ്ട്- രാവി പറയുന്നു.

മലയാളത്തിന് പുറമേ തെലുങ്കിലും കൊങ്കണിയിലും ഹിന്ദിയിലും മറാത്തിയിലും രാവി ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു. എല്ലാ ഭാഷകളിലും പരമാവധി നല്ല സിനിമകൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഭാഷ വലിയ തടസ്സമായി തോന്നുന്നില്ല. പ്രയത്‌നിച്ചാൽ നമുക്ക് എന്തും പഠിച്ചെടുക്കാവുന്നതേയുള്ളൂ-രാവി പറയുന്നു.

പടയിൽ അഭിനയിക്കുന്നതിന് മുൻപ് അൽപ്പം ഭയം ഉണ്ടായിരുന്നുവെന്നും രാവി പറയുന്നു. മലയാളത്തിലെ വലിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എനിക്കാണെങ്കിൽ അവർ പരസ്പരം സംസാരിക്കുന്നതൊന്നും മനസ്സിലാകുന്നില്ല. എന്നാൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ എന്നിവരും സംവിധായകനും വലിയ പിന്തുണയാണ് നൽകിയത്- രാവി കൂട്ടിച്ചേർത്തു.

Content Highlights : Actress Raavi Kishore interview pada modus operandi movie actress IFFI 2021